വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും: ഇന്‍ഡ്-റാ

വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും: ഇന്‍ഡ്-റാ

കണ്ടന്റ് പ്രൊവൈഡര്‍മാര്‍ക്ക് ജിയോ ഫൈബര്‍ പ്രയോജനം ചെയ്യും

ന്യൂഡെല്‍ഹി: റിലയന്‍സിന്റെ പുതിയ ഉദ്യമമായ ‘ജിയോ ഗിഗാ ഫൈബര്‍’ ബ്രോഡ്ബാന്റ് സര്‍വീസിന് റീട്ടെയ്ല്‍ ബ്രോഡ്ബാന്‍ഡ് വിഭാഗത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ റേറ്റിംഗ് ഏജന്‍സിയായ ഇന്‍ഡ്-റാ. എന്റര്‍പ്രൈസ് ബ്രോഡ്ബാന്റ് വിഭാഗത്തില്‍ പുതിയ സാധ്യതകള്‍ തുറക്കാന്‍ ജിയോ ഫൈബറിന് സാധിക്കുമെന്നും റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

മള്‍ട്ടിപ്പ്ള്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ക്കിടയിലും ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്കിടയിലും മത്സരം കനക്കുന്നതിന് ജിയോയുടെ അതിവേഗ ബ്രോഡ്ബാന്റ് സേവനം വഴിയൊരുക്കുമെന്നാണ് ഇന്‍ഡ്-റാ പറയുന്നത്. സൗജന്യ ഓഫറുകള്‍ പോലുള്ള റിലയന്‍സ് ജിയോയുടെ ആക്രമണോത്സുക തന്ത്രങ്ങള്‍ മറ്റ് കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം കണ്ടന്റ് പ്രൊവൈഡര്‍മാര്‍ക്ക് ജിയോ ഫൈബര്‍ പ്രയോജനം ചെയ്യും. അതിവേഗ ഇന്റര്‍നെറ്റ് സേവനം ഡിജിറ്റല്‍ ഉള്ളടക്കങ്ങളുടെ ആവശ്യകതയും ഉപഭോഗവും വര്‍ധിപ്പിക്കുമെന്നാണ് ഇന്‍ഡ്-റാ പറയുന്നത്. വലിയ ബിസിനസ് സാധ്യതകളാണ് ഫിക്‌സഡ് ബ്രോഡ്ബാന്റ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്ക് ഏകദേശം 18 മില്യണ്‍ ഫിക്‌സഡ് ബ്രോഡ്ബാന്റ് വരിക്കാരാണ് നിലവിലുള്ളള്ളത്. രാജ്യത്തെ 290 മില്യണ്‍ വരുന്ന മൊത്തം വീടുകളുടെ ഏഴ് ശതമാനം മാത്രമാണിത്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്റ് സേവനങ്ങളുടെ വ്യാപനം കുറവാണ്. 50 മില്യണ്‍ കുടുംബങ്ങളില്‍ അതിവേഗ ബ്രോഡ്ബാന്റ് സേവനം എത്തിക്കാനാണ് റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്.

റിലയന്‍സ് ജിയോയുടെ ആക്രമണോത്സുകമായ വിപണന തന്ത്രം ബ്രോഡ്ബാന്റ് വിപണിയുടെ വിപുലീകരണത്തിന് സഹായിക്കുമെന്നും ഇന്‍ഡ്-റാ ചൂണ്ടിക്കാട്ടി. അടുത്ത മാസം 15 മുതലാണ് റിലയന്‍സ് ജിയോ ഗിഗാ ഫൈബറിനായുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. മൈ ജിയോ ആപ്പ് വഴിയോ ജിയോ വെബ്‌സൈറ്റ് വഴിയോ ഉപയോക്താക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താനാകും. ഘട്ടംഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 1,100 നഗരങ്ങളില്‍ ജിയോ ഫൈബര്‍ വിന്യസിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories