ജപ്പാന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം റദ്ദാക്കി

ജപ്പാന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം റദ്ദാക്കി

ജപ്പാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണമുണ്ടായ ദുരന്തത്തില്‍ 100ഓളം പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷിന്‍സോ അബെ സന്ദര്‍ശനം റദ്ദാക്കിയത്

റിയാദ്: ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ നടത്താനിരുന്ന സൗദി അറേബ്യന്‍ സന്ദര്‍ശനം റദ്ദാക്കി. ജപ്പാനില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണമുണ്ടായ ദുരന്തത്തില്‍ 100ഓളം പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷിന്‍സോ അബെ സന്ദര്‍ശനം റദ്ദാക്കിയത്. ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.

ബുധനാഴ്ച്ച അബെ വിദേശസന്ദര്‍ശനത്തിന് തിരിക്കുമെന്നായിരുന്നു നേരത്തെ ജപ്പാന്‍ വ്യക്തമാക്കിയിരുന്നത്. സൗദി അറേബ്യയെ കൂടാതെ ബെല്‍ജിയം, ഫ്രാന്‍സ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു അബെയുടെ പദ്ധതി. എന്നാല്‍ ദുരന്തമുണ്ടായതോടെ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് ജപ്പാന്‍ വ്യക്തമാക്കി.

ദുരന്തം നാശം വിതച്ച ചില മേഖലകളിലേക്ക് ഈ ദിവസങ്ങളില്‍ അബെ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രകൃതി ദുരന്തമുണ്ടായിരിക്കുകയാണെന്നും സന്ദര്‍ശനം റദ്ദാക്കി രാജ്യത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് അബെ തീരുമാനിച്ചിരിക്കുന്നതെന്നും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുരന്തത്തെ തുടര്‍ന്ന് അബെ വിദേശസന്ദര്‍ശനം റദ്ദാക്കിയതായി ദേശീയ ചാനലായ എന്‍എച്ച്‌കെയും വ്യക്തമാക്കി. ദുരന്തം നാശം വിതച്ച ചില മേഖലകളിലേക്ക് ഈ ദിവസങ്ങളില്‍ അബെ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെല്‍ജിയം സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് വളരെ സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാര്‍ യൂറോപ്യന്‍ യൂണിയനുമായി ഒപ്പിടാനിരിക്കുകയായിരുന്നു അബെ.

കനത്ത മഴയും മണ്ണിടിച്ചിലും ജപ്പാനില്‍ തുടരുകയാണ്. കുറാഷിക്കി പട്ടണത്തിലാണ് ദുരന്തം തീവ്രമായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. 20 ലക്ഷത്തോളം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia