ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക നികുതി ഇളവുകള്‍ നല്‍കരുത്

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക നികുതി ഇളവുകള്‍ നല്‍കരുത്

റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം ഒഴിവാക്കണമെന്നും നിര്‍ദേശം

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക നികുതി ഇളവുകള്‍ നല്‍കരുതെന്ന് ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള ജിഎസ്ടി പാനല്‍ ജിഎസ്ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യും. ജിഎസ്ടി വരുമാനത്തിലുണ്ടാകുന്ന കുറവ് പരിഗണിച്ച് ഒരു വര്‍ഷത്തേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ അനുവദിക്കുന്നത് നീട്ടിവെക്കണമെന്നാണ് ജിഎസ്ടി മന്ത്രിതല സമിതിയുടെ അഭിപ്രായമെന്ന് സുശീല്‍ കുമാര്‍ മോദി മാധ്യമങ്ങളോട് പറഞ്ഞു.

ബിസിനസ്-ടു-കണ്‍സ്യൂമേഴ്‌സ് വില്‍പ്പനയില്‍ ചെക്ക് വഴിയോ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചോ നടത്തുന്ന ഇടപാടുകള്‍ക്ക് ജിഎസ്ടി നിരക്കില്‍ രണ്ട് ശതമാനം ഇളവ് നല്‍കുന്നതിനെ കുറിച്ച് മേയ് നാലിന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഈ നീക്കത്തെ മന്ത്രിമാരുടെ സമിതി അനുകൂലിക്കുന്നുണ്ടെങ്കിലും ജിഎസ്ടി വരുമാനത്തില്‍ സ്ഥിരത കൈവരിക്കുന്നതുവരെ അത് നടപ്പില്‍ വരുത്തരുതെന്നാണ് നിര്‍ദേശിക്കുന്നത്.

നികുതി വെട്ടിപ്പ് തടയുന്നതിനുള്ള റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം ഒഴിവാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കാനും സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മറ്റൊരു മന്ത്രിതല സമിതി തീരുമാനിച്ചിട്ടുണ്ട്. റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം നടപ്പാക്കുന്നത് ചെറുകിട വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മോദി പറഞ്ഞു. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ചെറുകിട കച്ചവടക്കാരില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങള്‍ സാധനങ്ങള്‍ വാങ്ങുമ്പാള്‍ ഒരു നിശ്ചിത തുക നികുതി അടയ്ക്കണമെന്നതാണ് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം. ഇത് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഡീലര്‍മാരുമായുള്ള ഇടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നും അതുകൊണ്ട് ജിഎസ്ടി നിയമത്തിലെ ഇതുമായി ബന്ധപ്പെട്ട 9 (4) വകുപ്പ് ഒഴിവാക്കണമെന്നും കൗണ്‍സിലിനോട് നിര്‍ദേശിക്കുമെന്ന് സുശീല്‍ കുമാര്‍ മോദി വിശദീകരിച്ചു.

ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നത് ജിഎസ്ടി കൗണ്‍സില്‍ ആയിരിക്കും. ഈ മാസം 21ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ രണ്ട് പാനലുകളും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കും. ഏകീകൃത ചരക്ക് സേവന നികുതി നടപ്പില്‍ വന്നതിനുശേഷം മൂന്ന് തവണയാണ് റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം നടപ്പാക്കുന്നത് നീട്ടിവെച്ചിട്ടുള്ളത്. അവസാനം വന്ന തീരുമാനമനുസരിച്ച് സെപ്റ്റംബര്‍ 30 വരെയാണ് ഇത് നടപ്പാക്കുന്നത് നീട്ടിയിരിക്കുന്നത്. കേരള ധനമന്ത്രി തോമസ് ഐസകും റിവേഴ്‌സ് ചാര്‍ജ് മെക്കാനിസവുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ സമിതിയില്‍ അംഗമാണ്.

Comments

comments

Categories: Business & Economy