ടാറ്റ സണ്‍സിനെതിരേ സൈറസ് മിസ്ട്രി നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടി തള്ളി

ടാറ്റ സണ്‍സിനെതിരേ സൈറസ് മിസ്ട്രി നല്‍കിയ ഹര്‍ജി എന്‍സിഎല്‍ടി തള്ളി

വിധി നിരാശജനകമാണെന്നും അപ്പീല്‍ നല്‍കുമെന്നും മിസ്ട്രി

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതിനെ തുടര്‍ന്ന് കമ്പനി മാനേജ്‌മെന്റിനെതിരെ സൈറസ് മിസ്ട്രി നല്‍കിയ ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച് തള്ളി. മിസ്ട്രിയും ടാറ്റ ഗ്രൂപ്പും തമ്മിലുള്ള 18 മാസം നീണ്ട നിയമ വഴക്കിനാണ് ഇപ്പോള്‍ എന്‍സിഎല്‍ടി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനിയുടെ ന്യൂനപക്ഷ ഓഹരിയുടകളുടെ താല്‍പ്പര്യങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തന്നെ പുറത്താക്കിയ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മിസ്ട്രി വാദിക്കുന്നത്.
ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കം ചെയ്തതില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടിയ എന്‍സിഎല്‍ടി ഉത്തരവ് രത്തന്‍ ടാറ്റയ്‌ക്കെതിരെയുള്ള മിസ്ട്രിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ സണ്‍സിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ചതല്ല മിസ്ട്രിയുടെ പെരുമാറ്റമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കമ്പനിക്കെതിരായ മിസ്ട്രിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ടാറ്റ ഗ്രൂപ്പിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടെന്നുമായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ വാദം. ഇതു ശരിവച്ചുകൊണ്ടുള്ളതാണ് ട്രൈബ്യൂണലിന്റെ നടപടി.

എക്‌സിക്യൂട്ടീവ് ചെയര്‍മാനെ നീക്കം ചെയ്യാനുള്ള അധികാരം കമ്പനിയുടെ ബോര്‍ഡ് ഡയറക്റ്റര്‍മാര്‍ക്കുണ്ട്. സി ശിവശങ്കരന്‍, എയര്‍ ഏഷ്യ, നാനേ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സൈറസ് മിസ്ട്രി ഉയര്‍ത്തിയ ആരോപണങ്ങളും എന്‍സിഎല്‍ടി നിഷേധിച്ചു. ടാറ്റ സണ്‍സിന് അനുകൂലമായുള്ള എന്‍സിഎല്‍ടി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സൈറസ് മിസ്ട്രി അറിയിച്ചിട്ടുണ്ട്. മുംബൈ ബെഞ്ചിന്റെ വിധി നിരാശാജനകമാണെങ്കിലും ആശ്ചര്യമൊന്നുമില്ലെന്നും സൈറസ് മിസ്ട്രി പ്രസ്താവനയിലൂടെ അറിയിച്ചു. ന്യൂനപക്ഷ ഓഹരിയുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കമ്പനിയില്‍ മികച്ച ഭരണം ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2012ല്‍ രത്തന്‍ ടാറ്റ രാജിവച്ചതിനു പിന്നാലെയാണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി സൈറസ് മിസ്ട്രി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2016 ഒക്‌റ്റോബറില്‍ അദ്ദേഹത്തെ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്നും നീക്കുകയായിരുന്നു. തുടര്‍ന്ന് രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി ചുമതലയേല്‍ക്കുകയും ചെയ്തു. തന്നെ പുറത്താക്കികൊണ്ടുള്ള കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് 2016 ഡിസംബറിലാണ് മിസ്ട്രി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

Comments

comments

Categories: Slider, Top Stories