നിഗൂഢതയുടെ സൗന്ദര്യം പേറുന്ന ഒരു വാക്ക്

നിഗൂഢതയുടെ സൗന്ദര്യം പേറുന്ന ഒരു വാക്ക്

ഓരോ ലക്ഷ്യവും ഓരോ ആഗ്രഹവും വിജയമായി മാറണം. ചെറിയ ചെറിയ നേട്ടങ്ങളില്‍ പോലും സന്തോഷിക്കുവാന്‍ നമുക്ക് കഴിയണം. ഇത്ര പണം എന്റെ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ ഈ ആഗ്രഹം സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കും എന്ന ചിന്ത അനുചിതമാണ്.

വിജയത്തിന്റെ നിര്‍വചനം എളുപ്പമുള്ള ഒന്നല്ല എന്നു തോന്നുന്നു. ഭൂരിഭാഗം സമയത്തും അത് സങ്കീര്‍ണ്ണമാണ്. അത്ര ലളിതമായി നമുക്കതിനെ അറിയാനും മനസ്സിലാക്കുവാനും കഴിയുകയില്ല. ചിലപ്പോള്‍ അത് വളരെ ലളിതമാണ്, എന്നാല്‍ മറ്റ് ചിലപ്പോള്‍ ദുരൂഹവും. വിജയം എന്ന വാക്കില്‍ എപ്പോഴും ഒരു നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്.

ഒരു ബിസിനസ്‌കാരനോട് ചോദിച്ചു ”എന്താണ് വിജയം ആയി താങ്കള്‍ സ്വയം വിലയിരുത്തുന്നത്. അതില്‍ താങ്കള്‍ സന്തോഷവാനാണോ?” അദ്ദേഹം മറുപടി പറഞ്ഞു ”പണം സമ്പാദിക്കുന്നതിനെയാണ് ഞാന്‍ വിജയമായി കണക്കു കൂട്ടുന്നത്. കൂടുതല്‍ പണം നേടുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നു. എന്റെ കയ്യില്‍ ഇപ്പോള്‍ പണമുണ്ട്. പക്ഷേ അത് ഒരു വിജയമായി ഞാന്‍ കണക്കിലെടുത്തിട്ടില്ല. കൂടുതല്‍ പണം നേടണം, അപ്പോഴേ അത് വിജയമാകൂ.”

ഭാര്യ അദ്ദേഹത്തെ ബിസിനസില്‍ സഹായിക്കുന്നു. ആ വനിതയോട് ഇതേ ചോദ്യം ആവര്‍ത്തിച്ചു. അവര്‍ പറഞ്ഞു ”ഭര്‍ത്താവിന്റെ സ്‌നേഹവും കരുതലും സാമീപ്യവും എനിക്കും കുടുംബത്തിനും ലഭിക്കുന്നതിനെയാണ് വിജയമായി കാണുന്നത്. കൂടാതെ മക്കളെ നല്ല നിലയില്‍ വളര്‍ത്തണം. ഇതെല്ലാം കൂടിയതാണ് വിജയം എന്ന് ഞാന്‍ കരുതുന്നു,”. ഒരുമിച്ച് ബിസിനസിലുള്ളവര്‍, ഒരു കൂരക്ക് കീഴില്‍ താമസിക്കുന്നവര്‍, എന്നിട്ടും രണ്ടുപേരുടെയും വിജയത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളാണ്.

പോളിയോ ബാധിച്ച് ചെറുപ്പത്തിലേ കാലുകള്‍ തളര്‍ന്നു പോയ കുട്ടിയാണ് ആനി. അവള്‍ പറയുന്നു ”നിങ്ങളെല്ലാവരും നടക്കുന്നത് പോലെ ഒരു ദിവസമെങ്കിലും എനിക്ക് നടക്കാന്‍ കഴിയണം. അതാണെന്റെ വിജയം. മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കുവാനാകില്ല,” മറ്റുള്ളവര്‍ നടക്കുന്നത് കാണുമ്പോള്‍ അവള്‍ പ്രത്യാശയോടെ കാത്തിരിക്കുകയാണ്. ഏതെങ്കിലും ഒരു ദിനം തനിക്കും അത് സാധിക്കും. പ്രതീക്ഷകള്‍ അറ്റ് പോയിട്ടില്ല. അവളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ വിജയം ആ ആഗ്രഹ സഫലീകരണമാണ്.

രോഗിയായി കിടക്കയില്‍ കഴിയുന്ന ഒരാളോട് ചോദിക്കൂ. അയാള്‍ പറയും ആരോഗ്യം വീണ്ടെടുക്കുകയാണ് തന്റെ വിജയമായി കണക്കാക്കുന്നത് എന്ന്. മറ്റൊരു വിജയത്തിനും അയാളെ തൃപ്തിപ്പെടുത്തുവാനോ സന്തോഷിപ്പിക്കുവാനോ കഴിയില്ല. പഠിക്കുന്ന ഒരു കുട്ടി തന്റെ വിജയമായി കണക്കാക്കുന്നത് പരീക്ഷയിലെ വിജയമായിരിക്കും. മീന്‍ പിടിക്കുന്ന ഒരാള്‍ ഓരോ ദിവസവും തനിക്ക് ലഭിക്കുന്ന മീനിന്റെ അളവും അതില്‍ നിന്നുള്ള വരുമാനവുമായിരിക്കും വിജയമായി കണക്കാക്കുക.

ഇങ്ങിനെ ഓരോ വ്യക്തിയെ സംബന്ധിച്ചും വിജയം വ്യത്യസ്തമാണ്. അതിന്റെ നിര്‍വചനത്തില്‍ മാറ്റം വരും. അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. വിജയത്തിന് സ്ഥിരതയില്ല. വിദ്യാര്‍ത്ഥിക്ക് പഠനത്തിലുള്ള വിജയമാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ അത് നല്ലൊരു ജോലിയാകുന്നു. ലക്ഷ്യങ്ങള്‍ മാറുന്നതോടെ വിജയത്തിന്റെ നിര്‍വചനവും മാറുന്നു. വിജയം സ്ഥിരതയില്ലാത്ത ഒരു അവസ്ഥയാണ്. അത് ശാശ്വതവും അസ്ഥിരവുമാണ്, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തിയാണ്. ലക്ഷ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും മനോവ്യാപാരങ്ങള്‍ക്കുമനുസൃതമായി അത് മാറിക്കൊണ്ടേയിരിക്കുന്നു.

എന്റെ വിജയം മറ്റൊരാളുടെ വിജയമായിക്കൊള്ളണമെന്നില്ല. മറ്റൊരാളുടെ ജീവിതവും തന്റേതുമായി ഒരു താരതമ്യം ആവശ്യമുണ്ടോ? ലക്ഷ്യങ്ങള്‍ പലതായിരിക്കെ വിജയങ്ങളും പലതായിരിക്കും. നമുക്ക് മറ്റൊരാളുടെ വിജയം എന്ന് തോന്നുന്നത് അയാള്‍ക്ക് അങ്ങിനെ തോന്നണം എന്നില്ല. വിജയത്തിനെക്കുറിച്ചുള്ള താരതമ്യവും തുലനവുമെല്ലാം കേവലം ആപേക്ഷികം മാത്രമാകുന്നു. നമുക്ക് പരാജയം എന്ന് തോന്നുന്നവ പോലും മറ്റ് പലരുടെയും കണ്ണില്‍ വിജയമായി അനുഭവപ്പെടാം. അതുകൊണ്ട് തന്നെ വിജയം വളരെ നിഗൂഡമായ ഒരു വാക്കായി മാറുന്നു.

ഓരോ ലക്ഷ്യവും ഓരോ ആഗ്രഹവും വിജയമായി മാറണം. ചെറിയ ചെറിയ നേട്ടങ്ങളില്‍ പോലും സന്തോഷിക്കുവാന്‍ നമുക്ക് കഴിയണം. ഇത്ര പണം എന്റെ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ ഈ ആഗ്രഹം സാധിച്ചാല്‍ ഞാന്‍ സന്തോഷിക്കും എന്ന ചിന്ത അനുചിതമാണ്. അത് സന്തോഷത്തെ ഭാവിയിലേക്ക് മാറ്റിവെക്കും. വിജയവും സന്തോഷവും വ്യക്തിപരമാണ്. നമ്മുടെ വിജയത്തെ, സന്തോഷത്തെ നിര്‍വചിക്കേണ്ടത് നാം തന്നെയാണ്. മറ്റുള്ളവരുടെ ജീവിതവും പ്രവര്‍ത്തികളുമായി അതിനെ കൂട്ടിക്കെട്ടുന്നത് ബുദ്ധിയല്ല.നമ്മുടെ വിജയം നമുക്ക് നിശ്ചയിക്കാം.

Comments

comments

Categories: FK Special, Slider