സമ്പത്തില്‍ വാറന്‍ ബഫറ്റിനെ പിന്നിലാക്കി സുക്കര്‍ബെര്‍ഗ്

സമ്പത്തില്‍ വാറന്‍ ബഫറ്റിനെ പിന്നിലാക്കി സുക്കര്‍ബെര്‍ഗ്

142 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ സാരഥി ജെഫ് ബെസോസാണ്

ന്യൂയോര്‍ക്: ബ്ലൂംബെര്‍ഗ് തയാറാക്കിയ അതിസമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബെര്‍ഗ് ബെര്‍ക്‌ഷൈര്‍ ഹാതവേ ചെയര്‍മാനും ലോകത്തെ ഏറ്റവും മികച്ച നിക്ഷേപകനുമായ വാറന്‍ ബഫറ്റിനെ മറികടന്നു. ഇതോടെ ലോകത്തിലെ മൂന്നാമത്തെ അതിസമ്പന്നന്‍ എന്ന പേര് സുക്കര്‍ബെര്‍ഗ് സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്ന മേഖല സാങ്കേതികവിദ്യയാണെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് സുക്കര്‍ബെര്‍ഗിന്റെ ഈ മുന്നേറ്റം.

ഫേസ്ബുക് ഓഹരികളിലുണ്ടായ നേട്ടമാണ് സുക്കര്‍ബെര്‍ഗിന്റെ സമ്പത്ത് വര്‍ധിക്കാന്‍ കാരണമായത്. 2.4 ശതമാനം നേട്ടത്തോടെ 203.23 ഡോളര്‍ എന്ന റെക്കോഡ് കുറിച്ചാണ് ഫേസ്ബുക് ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബ്ലൂംബെര്‍ഗ് ബില്യനേയേഴ്‌സ് സൂചിക പ്രകാരം 81.6 ബില്യണ്‍ ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ഇപ്പോഴത്തെ ആസ്തി. വാറന്‍ ബഫറ്റിന്റെ മൊത്തം സമ്പത്തിനേക്കാള്‍ 373 മില്യണ്‍ ഡോളര്‍ അധികമാണിത്. 81.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ബഫറ്റിന് ഇപ്പോഴുള്ളത്.

ബ്ലൂംബെര്‍ഗ് ബില്യനേയേഴ്‌സ് സൂചിക പ്രകാരം 81.6 ബില്യണ്‍ ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ഇപ്പോഴത്തെ ആസ്തി. വാറന്‍ ബഫറ്റിന്റെ മൊത്തം സമ്പത്തിനേക്കാള്‍ 373 മില്യണ്‍ ഡോളര്‍ അധികമാണിത്

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഫേസ്ബുക് ഓഹരികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. നടപ്പുവര്‍ഷം മാര്‍ച്ച് 27ന് 152.22 ഡോളറായിരുന്നു ഫേസ്ബുക്ക് ഓഹരികളുടെ ഓഹരി വില. അതുവരെയുള്ള എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരമായിരുന്നു അത്. നിക്ഷേപകര്‍ക്കിടയില്‍ ഫേസ്ബുക്കിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനായതാണ് ബ്ലൂംബെര്‍ഗ് ബില്യനേയേഴ്‌സ് സൂചികയില്‍ സുക്കര്‍ബെര്‍ഗിന്റെ ഉയര്‍ച്ചയ്ക്ക് കാരണം.

142 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ സാരഥി ജെഫ് ബെസോസ് ആണ്. മൈക്രോസോഫ്റ്റ് കോര്‍പ്പ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് ലോകത്തിലെ രണ്ടാമത്തെ അതിസമ്പന്നന്‍. 94.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത്. 39.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 18ാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. പല്ലോന്‍ജി മിസ്ട്രി, ലക്ഷ്മി മിത്തല്‍, അസിം പ്രേംജി, ശിവ് നഡാര്‍ എന്നിവരാണ് 500 പേരടങ്ങുന്ന പട്ടികയില്‍ ആദ്യ നൂറില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യക്കാര്‍.

Comments

comments

Categories: Business & Economy