‘നവഭാരതത്തെ നയിക്കുക സംരംഭകത്വവും ഇന്നൊവേഷനും’

‘നവഭാരതത്തെ നയിക്കുക സംരംഭകത്വവും ഇന്നൊവേഷനും’

ഭാരതത്തിന്റെ ഭാവിയാണ് പരമപ്രധാനം. നല്ല ഭാവിക്കുവേണ്ടിയുള്ള നയങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും-കേന്ദ്രമന്ത്രി സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: സംരംഭകത്വവും ഇന്നൊവേഷനും നയിക്കുന്ന ഒരു സമ്പദ്ഘടന പുതിയ ഇന്ത്യക്ക് ഉണ്ടായിരിക്കണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. പൊതു, സ്വകാര്യ മേഖലകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ദേശീയ താല്‍പ്പര്യ പ്രകാരം മാത്രം വിലയിരുത്തണമെന്നും പ്രത്യയശാസ്ത്രപരമായ പരിഗണനകള്‍ അതില്‍ കലര്‍ത്തരുതെന്നും സുരേഷ് പ്രഭു മുന്നറിയിപ്പ് നല്‍കി. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസില്‍ ‘പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം’ എന്ന വിഷയത്തെ അധികരിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്ന് ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ സമ്പദ്ഘടന ലോകത്തിന് മാതൃകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി മാതൃകപരമായ ഒരു വ്യാവസായിക മേഖല രാജ്യത്തുണ്ടാകണമെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. പൊതു മേഖലയ്ക്കാണോ സ്വകാര്യ മേഖലയ്ക്കാണോ അതോ രണ്ട് മേഖലകള്‍ക്കും ഒരുമിച്ചാണോ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയെന്ന് ഓരോ സാഹചര്യത്തിനും അനുസരിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുരേഷ് പ്രഭു വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ആദര്‍ശപരമായി നാം ഒരു പക്ഷത്തോട് മാത്രം ചായ്്‌വ് പ്രകടിപ്പിക്കരുത്. പൊതു മേഖലയ്ക്ക് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നോ പൊതു മേഖലയ്ക്ക് നിലനില്‍പ്പില്ലെന്നോ പറയാനാകില്ല. രാജ്യത്തിന്റെ വികസനത്തിന് എന്താണോ ആവശ്യം അതിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇന്ത്യയുടെ വികസനത്തിനാവശ്യമായിട്ടുള്ള കാര്യങ്ങളില്‍ കാലനുസൃതമായ മാറ്റങ്ങള്‍ വരുമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി.

സമയത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍കൊള്ളാതിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നതായും പുറംതോടിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന് പുതിയ സൗഹൃദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും സുരേഷ് പ്രഭു

1956ല്‍ പാര്‍ലമെന്റ് വ്യാവസായിക നയത്തിനായുള്ള പ്രമേയം പാസിക്കിയപ്പോള്‍ അത് സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിനുള്ള നിയന്ത്രണത്തിനുമേല്‍ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. അന്നത്തെ ആ തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് ഇപ്പോള്‍ വിലയിരുത്തുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ ആ തീരുമാനം ശരിയായിരുന്നിരിക്കാം. പക്ഷെ, 1956ല്‍ നടപ്പാക്കിയ തീരുമാനം 2018ലെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതാകണമെന്നില്ല. അതുകൊണ്ട് സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യയുടെ ഭാവിയാണ് ഏത് പ്രത്യയശാസ്ത്രത്തേക്കാളും പരമപ്രധാനം. മാറികൊണ്ടിരിക്കുന്ന ലോകത്ത് രാജ്യത്തിന്റെ വികസനം സംബന്ധിച്ച പുതിയ ആശയങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമയത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍കൊള്ളാതിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നതായും പുറംതോടിനുള്ളില്‍ നിന്നും പുറത്തേക്ക് വന്ന് പുതിയ സൗഹൃദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: More