2 ലക്ഷം കോടി രൂപയുടെ ഫൈറ്റര്‍ ജെറ്റ് പദ്ധതി ഇല്ല?

2 ലക്ഷം കോടി രൂപയുടെ ഫൈറ്റര്‍ ജെറ്റ് പദ്ധതി ഇല്ല?

റഷ്യയുമായി സഹകരിച്ചുള്ള അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി ഇന്ത്യ പുന:പരിശോധിക്കുന്നു

ന്യൂഡെല്‍ഹി: സമീപഭാവിയില്‍ പ്രതിരോധരംഗത്ത് നിര്‍ണായകമാകുമെന്ന് കരുതപ്പെടുന്ന അഞ്ചാംതലമുറ യുദ്ധ വിമാന(എഫ്ജിഎഫ്എ)ങ്ങള്‍ക്കായുള്ള സംയുക്ത പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറിയേക്കും. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യ റഷ്യയെ അറിയിച്ചു. പദ്ധതിയുടെ ഉയര്‍ന്ന ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ നിലപാട് അറിയിച്ചിട്ടുള്ളത്. അതേസമയം ഫൈറ്റര്‍ ജെറ്റ് പദ്ധതി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ഇനിയും നടത്തിയിട്ടില്ല. ഉചിതമായ രീതിയിലുള്ള ചെലവ് പങ്കിടല്‍ ഫോര്‍മുല രൂപപ്പെട്ടാല്‍ ഇന്ത്യ പദ്ധതിയുമായി മുന്നോട്ട് പോയേക്കും.

അഞ്ചാം തലമുറ യുദ്ധ വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള മെഗാ പ്രൊജക്റ്റില്‍ 2007ലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ തലത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ഈ പദ്ധതിയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. നിര്‍മിക്കേണ്ട എയര്‍ക്രാഫ്റ്റുകളുടെ എണ്ണം, അതില്‍ ഉപയോഗിക്കേണ്ട ടെക്‌നോളജി, ജെറ്റ് വികസിപ്പിക്കുന്നതിലെ ചെലവ് പങ്കിടല്‍ തുടങ്ങി ചില വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പദ്ധതി മുന്നോട്ട് നീങ്ങാത്തത്.

ഏകദേശം 2 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ചെലവ് ഘടന ഉള്‍പ്പെടെ പദ്ധതിയുടെ വിവിധ വശങ്ങളിലെ ഇന്ത്യയുടെ നിലപാട് റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അഞ്ചാം തലമുറ യുദ്ധ വിമാനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്ക് മേല്‍ തുല്യ അവകാശം വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്

യുദ്ധവിമാനത്തിന്റെ പ്രാഥമിക രൂപകല്‍പ്പനയ്ക്കായി 295 മില്യണ്‍ ഡോളര്‍ നല്‍കാന്‍ 2010 ഡിസംബറില്‍ ഇന്ത്യ സമ്മതിച്ചിരുന്നു. പിന്നീട് വിമാനത്തിന്റെ അന്തിമ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമായി ആദ്യ ഘട്ടത്തില്‍ 6 ബില്യണ്‍ ഡോളര്‍ വീതം നല്‍കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ കരാറിലെത്താന്‍ കഴിഞ്ഞില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം പദ്ധതിയുടെ വാതില്‍ ഇന്ത്യ കൊട്ടിയടച്ചിട്ടില്ലെന്ന് തന്നെയാണ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നത്.

അഞ്ചാം തലമുറ യുദ്ധ വിമാനത്തിനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യക്ക് മേല്‍ തുല്യ അവകാശം വേണമെന്നതാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ വിമാനത്തിന്റെ എല്ലാ നിര്‍ണായക സാങ്കേതികവിദ്യകളും ഇന്ത്യയുമായി പങ്കിടാന്‍ റഷ്യ തയാറല്ലെന്നതാണ് പ്രധാന പ്രശ്‌നം. ആവശ്യാനുസരണം വിമാനം പരിഷ്‌കരിക്കുന്നതിന് വേണ്ടി പ്രധാനപ്പെട്ട എല്ലാ കോഡുകളും ലഭിക്കണമെന്നും നിര്‍ണായക ടെക്‌നോളജിയിലേക്ക് പ്രവേശിക്കാന്‍ തങ്ങള്‍ക്ക് സാധിക്കണമെന്നും പദ്ധതിക്കായുള്ള എല്ലാ ചര്‍ച്ചകളിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

നാളുകളോളം ഇഴഞ്ഞു മീങ്ങിയ ശേഷം 2016 ഫെബ്രുവരിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇടപെട്ടാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ കരാര്‍ ചര്‍ച്ചകള്‍ വീണ്ടും വേഗത്തിലാക്കിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പദ്ധതിയിലുള്‍പ്പെട്ടിരിക്കുന്ന ചെലവ് മൂലം പ്രോജക്റ്റ് ഫലപ്രദമാകുമെന്ന ശുഭാപ്തിവിശ്വാസം ഇന്ത്യക്കില്ലായിരുന്നുവെന്നുമാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ ഭാഷ്യം.

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഏറൊനോട്ടിക്‌സ് ലിമിറ്റഡും റഷ്യന്‍ കമ്പനിയായ സുഖോയിയും ചേര്‍ന്നാണ് അഞ്ചാംതലമുറ യുദ്ധ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന ശക്തമായ നിലപാടാണ് ഹിന്ദുസ്ഥാന്‍ ഏറൊനോട്ടിക്‌സിനുള്ളത്. ഇത്തരം നിര്‍ണായ സാങ്കേതികതവിദ്യകള്‍ മറ്റൊരു രാജ്യവും ഇന്ത്യക്ക് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ലാതത്തതിനാല്‍ ഈ മള്‍ട്ടി ബില്യണ്‍ ഡോളര്‍ പ്രോജക്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ ഇത്രയും വലിയ ചെലവില്‍ പദ്ധതി നടപ്പിലാക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Slider, Top Stories

Related Articles