ആറ് ആസ്തികള്‍ വില്‍ക്കാന്‍ ജിഞ്ചര്‍ ഹോട്ടല്‍സ്

ആറ് ആസ്തികള്‍ വില്‍ക്കാന്‍ ജിഞ്ചര്‍ ഹോട്ടല്‍സ്

മുംബൈ: ബജറ്റ് ഹോട്ടല്‍ ശൃംഖലയായ ജിഞ്ചര്‍ ഹോട്ടല്‍സ് ഗോവ, വൈറ്റ് ഫീല്‍ഡ് ബെംഗളൂരു, മൈസൂരു, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ സ്വന്തമായുള്ള ആറ് ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു. ഉടമസ്ഥാവകാശം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി മാതൃ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) അവതരിപ്പിച്ച ‘ആസ്പിരേഷന്‍ 2022’ എന്ന പദ്ധതിയുമായി ചേര്‍ന്നാണ് ഈ നീക്കമെന്ന് കമ്പനിയോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആസ്തികള്‍ വിറ്റഴിച്ച് പണം കണ്ടെത്തുകയും ഒപ്പം ഇതേ ഹോട്ടലുകള്‍ പാട്ടത്തിനെടുത്ത് നടത്താനുമുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്. വില്‍പ്പന നടപടികള്‍ മുന്നോട്ട് നീക്കാന്‍ കള്‍സള്‍ട്ടിംഗ് സംരംഭമായ ഹോര്‍വാത്ത് എച്ച്ടിഎല്‍ കോര്‍പ്പറേറ്റിന് ജിഞ്ചര്‍ ഹോട്ടല്‍സ് അധികാര പത്രം കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബാലന്‍ഷീറ്റിലെ നഷ്ടം നികത്തുന്നത് വരെ മെട്രോ നഗരങ്ങളില്‍ ഹാട്ടലുകള്‍ പാട്ടത്തിനെടുത്ത് നടത്തുന്നതിനുള്ള അവസരങ്ങളാണ് ജിഞ്ചര്‍ അന്വേഷിക്കുന്നത്.

താജ് ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ നിയന്ത്രിക്കുന്ന ഐഎച്ച്‌സിഎല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘ആസ്പിരേഷന്‍ 2022’ പദ്ധതിക്ക് തുടക്കം കുറിച്ചത്‌

താജ് ഗ്രൂപ്പിന്റെ ഹോട്ടലുകള്‍ നിയന്ത്രിക്കുന്ന ഐഎച്ച്‌സിഎല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘ആസ്പിരേഷന്‍ 2022’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഐഎച്ച്‌സിഎലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ റൂട്ട്‌സ് കോര്‍പ്പറേഷനാണ് ജിഞ്ചര്‍ ഹോട്ടല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. പുതിയ മാനേജിംഗ് ഡയറക്റ്റര്‍ പുനീത് ഛാട്‌വാളിന് കീഴില്‍ നിലവില്‍ 17 ശതമാനമുള്ള എബിറ്റ്ഡ (പലിശ, നികുതികള്‍, ചെലവ് എന്നിവ കൂട്ടാതെയുള്ള വരുമാനം) 2022 ഓടെ 25 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

പ്രധാനപ്പെട്ട ആസ്തികള്‍ ഒഴിച്ചുള്ളവ വില്‍ക്കുക, ഉടമസ്ഥാവകാശം കുറച്ച് കൊണ്ട് വരിക (2022 ഓടെ 60 ശതമാനം ആസ്തികളുടേയും ഉടമസ്ഥാവകാശം കമ്പനിക്കുണ്ടാവില്ല), ആഢംബര വിഭാഗത്തില്‍ ആശ്രിതത്വം കുറയ്ക്കുക, മുംബൈയിലേതടക്കം പ്രധാന ആസതികളൊഴികെയുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റ് ധനശേഖരണം നടത്തുക, ടാറ്റാ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളുമായി ചേര്‍ന്ന് ബാഹ്യ, ആഭ്യന്തര ബന്ധങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പഞ്ചവര്‍ഷ പദ്ധതികളാണ് ഐഎച്ച്‌സിഎലിന് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ബാലന്‍സ് ഷീറ്റ് ലാഭത്തിലാകുന്നത് വരെ കൂടുതല്‍ പാട്ടക്കരാറുകള്‍ക്കുള്ള സാധ്യതകളായിരിക്കും ജിഞ്ചര്‍ അന്വേഷിക്കുന്നത്. അതിനാല്‍ സ്വന്തം ആസ്തികളിന്‍ മേല്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാകില്ലെന്നാണ് ഇടപാടുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy