വേണ്ടത് നയതന്ത്രമാണ്; വിധേയത്വമല്ല

വേണ്ടത് നയതന്ത്രമാണ്; വിധേയത്വമല്ല

ചൈനയുടെ ചില ‘നിര്‍ദേശങ്ങളെ’ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യ അടുത്തിടെ കൂടുതല്‍ ഉത്സാഹം കാണിക്കുന്നുണ്ട്. കൃത്യമായ ധാരണകളുടെ പുറത്താണോ ഇത്…നെഹ്‌റുവിന് പറ്റിയ അബദ്ധം മറന്നുപോകരുത്

തയ്‌വാന്‍ ഇനി മുതല്‍ എയര്‍ ഇന്ത്യക്ക് ചൈനീസ് തയ്‌പെയ് ആണ്, തായ്‌വാന്‍ അല്ല-കഴിഞ്ഞ ദിവസങ്ങളില്‍ വന്ന പ്രധാന വാര്‍ത്തകളിലൊന്നാണിത്. ചൈനയുടെ വികാരം വ്രണപ്പെടുമോയെന്ന ആശങ്കയിലാണ് തീരുമാനം. തയ്‌വാനെ തയ്‌വാന്‍ എന്നു വിളിക്കുന്നത് ചൈനയ്ക്ക് ഇഷ്ടമല്ല. അങ്ങനെ വിളിക്കുമ്പോള്‍ അത് സ്വതന്ത്ര രാജ്യമാണോയെന്ന തോന്നലുണ്ടാകുമത്രെ. അതുകൊണ്ട് ബാക്കിയുള്ളവരും ചൈനീസ് തയ്‌പെയ് എന്നുതന്നെ വിളിച്ചാല്‍ മതിയെന്ന ചൈനീസ് ഏകാധിപത്യ ഭരണകൂടത്തിന്റെ നിര്‍ദേശം എയര്‍ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിച്ചു.

കടത്തില്‍ മുങ്ങിയ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് തയ്‌പെയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഇല്ല. എയര്‍ചൈനയുമായുള്ള കോഡ് ഷെയറിംഗ് ധാരണ വഴിയാണ് അവിടേക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് ഏര്‍പ്പാടാക്കുന്നത്. ചൈന പറയുന്നത് (അല്ലെങ്കില്‍ ആഗ്രഹിക്കുന്നത്) തയ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ്. അവിടുത്തെ ജനത ചിന്തിക്കുന്നത് മറിച്ചും. എന്ത് വില കൊടുത്തും വണ്‍ചൈന പോളിസിയില്‍ വെള്ളം ചേര്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോഴത്തെ ഏകാധിപതി ഷി ജിന്‍പിംഗ്.

മേഖലയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളിലേക്ക് കടക്കുന്നില്ല. എന്നാല്‍ ഇതുവരെ തയ്‌വാന്‍ എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തെ ഇനി മുതല്‍ ചൈനീസ് തയ്‌പെയ് എന്ന് വിളിച്ചാല്‍ മതിയെന്ന് ചൈന ഒരു വാണിജ്യസ്ഥാപനത്തോട് പറയുന്നതിന്റെ മര്യാദ എന്താണെന്നത് ചിന്തിക്കേണ്ടതുണ്ട്. ചൈന എതിര്‍പ്പ് പറഞ്ഞപ്പോഴേക്കും അതുപോലെ അനുസരിക്കാന്‍ എയര്‍ ഇന്ത്യ തയാറായതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം ഏക ചൈന നയത്തെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടുണ്ടോ…പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ കാതലയ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ചൈന വികസിപ്പിക്കുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ്? ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്ത്യ തന്നെ കണ്ടെത്തിയിട്ടേ തയ്‌വാനെ ചൈനീസ് തയ്‌പെയ് എന്ന് പുനര്‍നാമകരണം ചെയ്യുന്ന പ്രക്രിയ അംഗീകരിക്കുന്നതില്‍ എന്തെങ്കിലും യുക്തിയുള്ളൂ.

ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍ പ്രദേശിലേക്ക് ഒരു ഇന്ത്യന്‍ മന്ത്രി സന്ദര്‍ശനം നടത്തുമ്പോഴേക്ക് ചൈന അഴിച്ചുവിടുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ക്ക് കൈയും കണക്കുമില്ല. അതിനോടൊന്നും അനുഭാവപൂര്‍വം പ്രതികരിക്കാന്‍ ഇതുവരെ ചൈന തയാറായിട്ടുമില്ല. ദോക്ലാം വിഷയത്തിലും ചൈന സ്വീകരിച്ച നിലപാട് കണ്ടുകഴിഞ്ഞു.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുള്ള ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുമായി മുന്നോട്ടുപോകുമ്പോള്‍ ഇന്ത്യയുടെ എതിര്‍പ്പിനെ ചെറിയ രീതിയില്‍ പരിഗണിക്കാന്‍ പോലും ചൈന തയാറായിട്ടില്ല. പിന്നെന്തിനാണ് ഈ അമിതവിധേയത്വം തയ്‌വാന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യയിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നാളെ അരുണാചലിന്റെ പേര് മാറ്റണമെന്ന് പറഞ്ഞാല്‍ എന്തായിരിക്കും ഇന്ത്യയുടെ നിലപാട്.

തയ്‌വാനെ ഒരു രാജ്യമായി ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നത് ശരിതന്നെയാണ്. എന്നാല്‍ ഔദ്യോഗിക എംബസിക്ക് പകരമായി ഇന്ത്യ-തയ്‌പെയ് അസോസിയേഷനാണ് ആ ഉത്തരവാദിത്തം വഹിക്കുന്നത്. അതിന്റെ പേര് ഇന്ത്യ-ചൈനീസ് തയ്‌പെയ് അസോസിയേഷന്‍ എന്നല്ല, ഇന്ത്യ തയ്‌പെയ് അസോസിയേഷന്‍ എന്നുതന്നെയാണ്. നാളെ ഇതും മാറ്റണമെന്ന് ഷി ജിന്‍പിംഗ് ഉത്തരവിടും. ദലൈലാമ ഇന്ത്യയിലെത്തിയതിന്റെ 60ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ചൈനയ്ക്ക്് അതൃപ്തി വരാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ വിവാദമായിരുന്നുവെന്നതും ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍.

Comments

comments

Categories: Editorial, Slider