പ്ലാസ്റ്റിക്ക് വിനാശം അവസാന കച്ചിത്തുരുമ്പ് ഉത്തരവാദ ടൂറിസം

പ്ലാസ്റ്റിക്ക് വിനാശം അവസാന കച്ചിത്തുരുമ്പ് ഉത്തരവാദ ടൂറിസം

പ്ലാസ്റ്റിക്ക് മലിനീകരണ പ്രശ്‌നത്തെക്കുറിച്ച് വൈകിയ വേളയില്‍ സംസാരിക്കാന്‍ തുടങ്ങിയ എയര്‍ലൈനുകള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു; ഉത്തരവാദ ടൂറിസമാണ് ഏക പരിഹാരം

തീരദേശ റിസോര്‍ട്ടിന്റെ പരസ്യങ്ങളില്‍ കാണുന്ന കടലിന്റെയും സൂര്യാസ്തമയത്തിന്റെയും പശ്ചാത്തലത്തില്‍ കോക്ടെയില്‍ ഗ്ലാസില്‍ തിളങ്ങുന്ന നിറമുള്ള പ്ലാസ്റ്റിക്ക് സ്‌ട്രോയുടെ ആകര്‍ഷണീയചിത്രം അവധിക്കാല ആഘോഷ ദിനങ്ങളെക്കുറിച്ചുള്ള മനോഹരസ്വപ്‌നങ്ങളാകും നെയ്തു തരുക. എന്നാല്‍ 2018-ല്‍ വിനോദസഞ്ചാരവ്യവസായം വലിയൊരു മാറ്റത്തിനു നാന്ദികുറിക്കുകയാണ്. നിലവാരമില്ലാത്ത പ്ലാസ്റ്റിക്ക് ഒഴിവാക്കിയാകും ഈ വര്‍ഷം ഹോട്ടലുകളും റിസോര്‍ട്ടുകളും നിങ്ങളെ സ്വീകരിക്കുക. ഉപയോഗശേഷം വലിച്ചെറിയുന്ന അമാനവ സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഈ ചെറിയ പ്ലാസ്റ്റിക് കുഴലുകള്‍ ആളുകള്‍ക്ക് സന്തോഷം പകരുന്നവയല്ല, മറിച്ച് ഭൂമിയെ നാശത്തിന്റെ വക്കിലെത്തിച്ച ദുരന്തത്തിന്റെ പ്രതീകമാണ്.

വിശാലമായ കടല്‍പ്പരപ്പില്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലും പരിസ്ഥിതി ബോധവല്‍ക്കരണം ദൗത്യമാക്കിയ സമൂഹമാധ്യമ എക്കൗണ്ടുകളിലും ഇന്നു സുലഭമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതലായി കാണാനാകുന്ന ശീതളപാനീയ സ്‌ട്രോകളുടെ ഫോട്ടോഗ്രാഫുകള്‍ ഭീകരമായ സ്ഥിതിവിവരക്കണക്കുകളും മുന്നറിയിപ്പുകളും കാണിച്ചു തരുന്നു. 2016- ല്‍ ലോകമെമ്പാടും 480 ബില്ല്യന്‍ പ്ലാസ്റ്റിക്ക് കുപ്പികളാണ് വിറ്റഴിച്ചതെന്നും ഓരോ വര്‍ഷവും ഒരു ട്രില്യണ്‍ ഒറ്റത്തവണ ഉപയോഗിച്ചുപേക്ഷിക്കാവുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉപയോഗിക്കുന്നുവെന്നും ലോകമെമ്പാടും ദിവസവും അരലക്ഷം പ്ലാസ്റ്റിക് ശീതളപാനീയ സ്‌ട്രോകള്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇതു നല്‍കുന്നത്. നിലവിലെ നിരക്കില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറംതള്ളുന്നതു തുടര്‍ന്നാല്‍ 2050-ഓടെ 12 ബില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം ആയിരിക്കും ഭൂമിയില്‍ അടിഞ്ഞുകൂടുക.

ഈ കണക്കുകള്‍ക്കൊപ്പം ബ്ലൂ പ്ലാനറ്റ് ഇഫക്റ്റ് പോലുള്ള പാരിസ്ഥിതികാവബോധ പരമ്പരകളും വിനോദസഞ്ചാര കമ്പനികളെ പ്ലാസ്റ്റിക്കിനെതിരേ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ജലയാന വിനോദസഞ്ചാര കമ്പനികളായ ഹര്‍ട്ടിഗ്രുട്ടനും ഫ്രെഡ് ഓള്‍സനും സാഹസികയാത്രകള്‍ സംഘടിപ്പിക്കുന്ന എക്‌സല്‍സ്, ലിന്‍ഡ്ബ്ലാദ് എക്‌സ്‌പെന്‍ഡീഷന്‍സ്, കെഇ അഡ്വഞ്ചേഴ്‌സ് എന്നിവരും എഡിഷന്‍ ഹോട്ടലുകളായ റെഡ് കാര്‍നേഷന്‍, ക്വോണ്ടിക്കി, യൂണിവേള്‍ഡ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നടത്തിപ്പുകാര്‍ കൂടിയായ, യുഎസ് സുഖവാസകേന്ദ്രങ്ങളെക്കുറിച്ചു വിവരം നല്‍കുന്ന വെബ്‌സൈറ്റ് അണ്ടര്‍ ക്യാന്‍വാസ് ആന്റ് ദി ട്രാവല്‍ കോര്‍പ്പറേഷനും നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കിനു പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഹോട്ടലുകളില്‍ മാത്രമല്ല അവര്‍ ഏര്‍പ്പെടുത്തുന്ന യാത്രകളില്‍പ്പോലും ഇത്തരം വില കുറഞ്ഞ പ്ലാസ്റ്റിക്ക് അനുവദിക്കില്ലെന്നാണു തീരുമാനിച്ചിരിക്കുന്നത്.

ചില ടൂര്‍കമ്പനികള്‍ വിദൂരഉള്‍നാടുകളില്‍ അവധി ദിവസങ്ങളില്‍ മാലിന്യനീക്കത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലനിരകളില്‍ സാഹസിക വിനോദയാത്രകളൊരുക്കുന്ന മൗണ്ടന്‍ കമ്പനി ഈ വര്‍ഷം ഓരോ മലകയറ്റക്കാരോടും പോകുന്ന വഴിയില്‍ ഒരു കിലോ പ്ലാസ്റ്റിക്ക് മാലിന്യം പെറുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കു കമ്പനി ഏര്‍പ്പെടുത്തുന്ന ട്രിപ്പുകളിലെ സഞ്ചാരികളോടാണ് ഇത്തരമൊരു അപേക്ഷ നടത്തിയത്. ഓരോ മൗണ്ടന്‍ കമ്പനി സംഘങ്ങളും വഴി പരിപാടി സംഘടിപ്പിച്ച് ട്രെക്കിംഗ് റൂട്ടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുകയാണ് ദീര്‍ഘകാല ലക്ഷ്യം.

2016- ല്‍ ലോകമെമ്പാടും 480 ബില്ല്യന്‍ പ്ലാസ്റ്റിക്ക് കുപ്പികളാണ് വിറ്റഴിച്ചത്. ഓരോ വര്‍ഷവും ഒരു ട്രില്യണ്‍ ഒറ്റത്തവണ ഉപയോഗിച്ചുപേക്ഷിക്കാവുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഉപയോഗിക്കുന്നു. ലോകമെമ്പാടും ദിവസവും അരലക്ഷം പ്ലാസ്റ്റിക് ശീതളപാനീയ സ്‌ട്രോകള്‍ ഉപയോഗിക്കുന്നു

മറ്റു ചില ഓപ്പറേറ്റര്‍മാരാകട്ടെ കുറച്ചു കൂടി കടന്ന്, സഞ്ചാരികളെ പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാന്‍ സഹായിക്കുന്നതിനു പ്രത്യേക ലക്ഷ്യമിട്ടുള്ള പ്രചാരണപരിപാടികള്‍ അവതരിപ്പിക്കുകയാണ് സാഹസികയാത്രാ സംഘാടകരായ ഐട്രെപിഡ്. പ്ലാസ്റ്റിക്കിന് എതിരായ ആദ്യ പെലോട്ടണാണ് കമ്പനി സംഘടിപ്പിക്കുന്നത്. ഈ മാസം 15 യാത്രക്കാര്‍ പങ്കെടുക്കുന്ന 27 ദിവസത്തെ സൈക്കിള്‍ സഞ്ചാരമാണിത്. സഞ്ചാരികള്‍ പ്ലാസ്റ്റിക്ക് പ്രശ്‌നത്തിനെതിരേ ബോധവല്‍ക്കരണം നടത്തുന്ന പ്രാദേശിക സംഘടനകളുമായി കൂടിക്കാഴ്ചയും നടത്തും. പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 10% ലാഭവും കംബോഡിയന്‍ പരിസ്ഥിതി സംരക്ഷണ സംഘടനയായ റെഹാഷ് ട്രാഷിലേക്ക് പോകും.

തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സ് മലനിരകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാഹസിക യാത്രാസംഘാടകരായ അണ്‍ഡിസ്‌കവേഡ് മൗണ്ടന്‍സ്, പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. സഞ്ചാരികള്‍ക്ക് പ്ലാസ്റ്റിക്ക്‌രഹിത താമസസൗകര്യമാണ് ഇവര്‍ ഏര്‍പ്പെടുത്തുന്നത്. ആഡംബര റിസോര്‍ട്ട് ഗ്രൂപ്പ് സൊനിവ 1998-ല്‍ പ്ലാസ്റ്റിക്ക് സ്‌ട്രോകള്‍ നിരോധിക്കുകയും 2008-ല്‍ കുപ്പിവെള്ള വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് കമ്പനികള്‍ പ്രതിജ്ഞാബദ്ധരായി മുമ്പോട്ടു വന്നിരിക്കുന്നു. പ്ലാസ്റ്റിക്ക് പ്രളയത്തില്‍ ഇപ്പോള്‍ത്തന്നെ മുങ്ങിയിരിക്കുകയാണ് നാം. എന്നാല്‍ വേലിയേറ്റം വരാനിരിക്കുന്നതേയുള്ളൂ എന്നു മനസിലാക്കിയാണ് കമ്പനികളുടെ ഈ നീക്കം.

ലോകം അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക്ക് പ്രശ്‌നത്തിന്റെ ഭീകരതയ്‌ക്കെതിരേ ഇപ്പോള്‍ മാത്രമാണ് കോര്‍പ്പറേറ്റ് ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വിനോദസഞ്ചാര വ്യവസായത്തിന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. വിമാനകമ്പനികള്‍ മുതല്‍ ജലയാനങ്ങള്‍ വരെ അണിനിരക്കുന്ന മേഖലയാണിത്. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് വളരെയധികം ഉപയോഗിക്കുന്ന മേഖലകളാണ് ഇവ. ഇതിന്റെ അളവ് വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികള്‍ അവര്‍ എടുത്തു തുടങ്ങിയിരിക്കുന്നു. വിമാനയാത്രകളില്‍ കൊടുക്കുന്ന കപ്പുകളും പാത്രങ്ങളും പൊതികളും പ്ലാസ്റ്റിക്ക് രഹിതമാക്കാന്‍ എയര്‍ലൈന്‍സുകള്‍ ശ്രമിക്കണം. എയര്‍പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പങ്ക് വഹിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു. എല്ലാ പ്ലാസ്റ്റിക് കുപ്പികളും പുനഃചംക്രമണം ചെയ്യുന്നതായി ബ്രിട്ടണിലെ ഗട്ട്വിക്ക് വിമാനത്താവളം വ്യക്തമാക്കുന്നു. താവളത്തിനകത്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷണ പാനീയ കേന്ദ്രങ്ങളിലും സൗജന്യ ടാപ്പ് വെള്ളവും നല്‍കുന്നുണ്ട്.

2017-ല്‍ ആഗോളവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 1.3 ബില്യണ്‍ സഞ്ചാരികളാണ് ഇന്നുള്ളത്. എന്നാല്‍ ഇതിന്റെ തിക്തഫലം കടലില്‍ ദൃശ്യമാകും. 2050 ആകുമ്പോഴേക്കും കടലില്‍ മത്സ്യത്തെക്കാള്‍ പ്ലാസ്റ്റിക്ക് ആയിരിക്കും കൂടുതല്‍ എന്നാണു റിപ്പോര്‍ട്ട്

അടുത്തിടെ വരെ വിമാനത്താവളങ്ങള്‍ യാത്രക്കാരുടെ സുരക്ഷയിലും അന്തരീക്ഷമലിനീകരണത്തിലും മാത്രമാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പക്ഷേ പ്ലാസ്റ്റിക്ക് പ്രശ്‌നവും ഇതേ പ്രാധാന്യമുള്ളതാണെന്ന് ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നു. 2016ല്‍ 5.2 മില്യണ്‍ ടണ്‍ മാലിന്യങ്ങളാണ് വിമാനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചത്. അന്ന് ഈ മേഖല, മാലിന്യപ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരുന്നേയുള്ളൂ. മാര്‍ച്ചില്‍ നടപ്പിലാക്കിയ പുതിയ പരിസ്ഥിതി നയത്തിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ പുനഃചംക്രമണം ചെയ്യാനാകാത്ത എല്ലാ പ്ലാസ്റ്റിക്കും നീക്കംചെയ്യുമെന്ന് ഐറിഷ് കമ്പനിയായ റയാന്‍ എയര്‍ പ്രഖ്യാപിച്ചു. മറ്റുള്ള കമ്പനികള്‍ മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടീഷ് എയര്‍വെയ്‌സ് ഉചിതമായ പ്ലാസ്റ്റിക് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ശ്രമിച്ചു വരുകയാണെന്ന് പ്രസ്താവിക്കുകയുണ്ടായി.

എന്നാല്‍ ഇനിയുമേറെ മേഖലകളിലേക്ക് നിരോധനം വ്യാപിപ്പിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മിക്കവയും തീരപ്രദേശങ്ങളിലാണ്. ഇവയെല്ലാം പ്ലാസ്റ്റിക് മാലിന്യക്കുപ്പകളായി മാറിയിട്ടുണ്ട്. സ്രോതസുകളില്‍ പ്ലാസ്റ്റിക്ക് സംസ്‌കരിക്കരിക്കപ്പെടുന്നില്ലെങ്കില്‍, ബീച്ചുകളില്‍ പ്ലാസ്റ്റിക് അടിയുന്നത് ഇനിയും തുടരും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഹോട്ടല്‍ ശൃംഖലകള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്ലാസ്റ്റിക്ക് സഞ്ചികളും പായ്ക്കറ്റുകളും ഡിസ്‌പോസിബിള്‍ കപ്പുകളും ഒഴിവാക്കുക, റീഫില്‍ സ്റ്റേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ കഴിയും.

ഇതുവരെ, ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നത് വലിയ കമ്പനികളാണ്. പരിസ്ഥിതി സംരക്ഷണത്തിന് അവരെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍ ഒരു നിക്ഷിപ്ത സാമ്പത്തിക താല്‍പര്യമുണ്ടെന്നതും നേര്. എന്നാല്‍, ചെറുകിട കമ്പനികളും ഇന്ന് ഈ രംഗത്ത് ക്രിയാത്മക പരിപാടികളുമായി രംഗത്തു വരുന്നു. ഉദാഹരണത്തിന് ജൊവാന്‍ ഹെന്‍ട്രിക്‌സ് എന്ന സംരംഭക ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് ഓണ്‍ലൈന്‍ ടൂള്‍കിറ്റ് നല്‍കിക്കൊണ്ട് പ്ലാസ്റ്റിക് രഹിതയാത്ര എന്ന ആശയം അവതരിപ്പിക്കുന്നു. അമേരിക്കന്‍ വാസത്തിനിടയ്ക്ക് പ്ലാസ്റ്റിക്ക് ഉപയോഗം പാരമ്യതയിലെത്തിയതായി മനസിലാക്കിയതോടെയാണ് ജൊവാന്‍ ഇത്തരമൊരു സംരംഭത്തിലേക്കു തിരിഞ്ഞത്.

ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നതിന് പ്ലാസ്റ്റിക്ക് സന്നാഹങ്ങളുടെ ഒരു വലിയ ശ്രേണി തന്നെ ഉപയോഗിക്കുന്നതായി അവര്‍ കണ്ടറിഞ്ഞു. പ്രാതല്‍ വിളമ്പുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ക്കു പുറമെ കഴിക്കാന്‍ വേണ്ടിയുള്ള കരണ്ടിയും കത്തിയും മുള്ളും വരെയുള്ള ഉപകരണങ്ങള്‍ പ്ലാസ്റ്റിക്കായിരുന്നു. ഇവയാകട്ടെ, പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞാണ് എത്തിച്ചത്. ഭക്ഷണം കഴിഞ്ഞ് ഇതെല്ലാം പരിചാരകന്‍ എടുത്തു മാറ്റുമ്പോല്‍ മൂന്നു ചവറ്റുകുട്ടയെങ്കിലും പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞിരിക്കും. കണ്‍മുമ്പില്‍ കണ്ട ഈ പ്ലാസ്റ്റിക്ക് ദുരുപയോഗമാണ് തന്റെ കണ്ണു തുറപ്പിച്ചത്. ഏതായാലും ഇത് ആവര്‍ത്തിക്കരുതെന്ന് മനസില്‍ കരുതിക്കൊണ്ടാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഹോട്ടല്‍ ശൃംഖലകള്‍ക്കും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്ലാസ്റ്റിക്ക് സഞ്ചികളും പായ്ക്കറ്റുകളും ഡിസ്‌പോസിബിള്‍ കപ്പുകളും ഒഴിവാക്കുക, റീഫില്‍ സ്റ്റേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ കഴിയും

ഇതുവരെ 100 ഹോട്ടലുകള്‍ ജൊവാന്റെ ടൂള്‍കിറ്റ് ഡൗണ്‍ലോഡ് ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ടൂള്‍കിറ്റിലുള്ളത്. ചെറിയ ഹോട്ടലുകളെ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ മറ്റ് ബദലുകളിലേയ്ക്ക് മാറാനുള്ള സാമ്പത്തിക തടസങ്ങള്‍ മറികടക്കാനും ഇത് സഹായിക്കുന്നു. മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകാവുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും പറ്റി സമഗ്രമായി പഠിച്ച ശേഷമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ മുറികളിലെ പ്ലാസ്റ്റിക്ക് സ്റ്റാന്‍ഡുകള്‍ക്കും മറ്റും പകരം എന്ത് വയ്ക്കാമെന്നും അതിന് എന്ത് ചെലവാകുമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അറിയിക്കുന്നു.

പ്ലാസ്റ്റിക്ക് നിരോധനനീക്കങ്ങളുടെ ഫലമെന്തെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ലോക വിനോദ സഞ്ചാര സംഘടനയുടെ കണക്ക് പ്രകാരം 2017-ല്‍ ആഗോളവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 1.3 ബില്യണ്‍ സഞ്ചാരികളാണ് ഇന്നുള്ളത്. എന്നാല്‍ ഇതിന്റെ തിക്തഫലം കടലില്‍ ദൃശ്യമാകും. 2050 ആകുമ്പോഴേക്കും കടലില്‍ മത്സ്യത്തെക്കാള്‍ പ്ലാസ്റ്റിക്ക് ആയിരിക്കും കൂടുതല്‍ എന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിലരെങ്കിലും മാറി ചിന്തിക്കുന്നത് പ്രത്യാശയ്ക്കു വക നല്‍കുന്നു. യാത്രപോകുമ്പോള്‍ കുപ്പിവെള്ളത്തിനു പകരം സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍ എടുക്കാന്‍ ശ്രദ്ധിച്ചാല്‍ വഴിയില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളുടെ കൂമ്പാരത്തില്‍ ഒന്നു കുറയും.

പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണം അര്‍ത്ഥവത്തായ നടപടിയിലേക്ക് എത്തിക്കാന്‍ വേണ്ടത്ര ഫലപ്രദമായിട്ടുണ്ടെന്ന് പ്രചാരകര്‍ വിശ്വസിക്കുന്നു. 2011 ല്‍ ഓസ്‌ട്രേലിയയില്‍ 40 പേരടങ്ങിയ പ്ലാസ്റ്റിക് വിമുക്ത ജൂലൈ എന്ന പ്രചാരണത്തിനു തുടക്കമിട്ടു. 159 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ദശലക്ഷം ആളുകള്‍ ഈ മാസം പ്ലാസ്റ്റിക്ക് വിരുദ്ധ പ്രതിജ്ഞയില്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. ഇതോടൊപ്പം കുടിവെള്ളഫില്‍ട്ടറുകളുടെ വില്‍പന ഉയര്‍ന്നുവരികയാണ്. കുടിവെള്ളത്തിലുള്ള 99.9 ശതമാനം സൂക്ഷ്മാണുക്കളും മാലിന്യവും ഒഴിവാക്കുന്ന ഈ സംവിധാനം കുപ്പിവെള്ളം വാങ്ങുന്നതിനുള്ള ഒരു ബദലാകുന്നു.

Comments

comments

Categories: FK Special, Slider