ഹിമക്കരടിയുടെ ആക്രമണത്തില്‍നിന്ന് മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊല്ലപ്പെട്ടു

ഹിമക്കരടിയുടെ ആക്രമണത്തില്‍നിന്ന് മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പിതാവ് കൊല്ലപ്പെട്ടു

എഡ്‌മോണ്ടന്‍(കാനഡ): ഹിമക്കരടിയുടെ ആക്രമണത്തില്‍നിന്ന് മകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 31-കാരനായ പിതാവ് ആരോണ്‍ ഗിബ്‌സ് കൊല്ലപ്പെട്ടു. കാനഡയിലെ ആര്‍വിയറ്റ് എന്ന ഗ്രാമത്തില്‍നിന്നും പത്ത് കിലോമീറ്റര്‍ ദൂരമുള്ള സെന്ററി ദ്വീപില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മത്സ്യബന്ധനം, വേട്ട തുടങ്ങിയവയ്ക്ക് പ്രസിദ്ധമാണ് സെന്ററി ദ്വീപ്. ഇവിടെ ഈ മാസം മൂന്നാം തീയതി ചൊവ്വാഴ്ചയാണു ഗിബ്‌സ് മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോടൊപ്പം സെന്ററി ദ്വീപിലെത്തിയത്. ദ്വീപില്‍ കുടുംബാംഗങ്ങളുമായി നടന്നു പോകവേ, പെട്ടെന്നു കരടി പ്രത്യക്ഷപ്പെട്ടു. തുടര്‍ന്നു കരടി കുട്ടിയെ ലക്ഷ്യമാക്കി മുന്നോട്ടുവന്നു. കരടിയില്‍നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണു ഗിബ്‌സ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ സുരക്ഷിതമായി സമീപത്തുള്ള ബോട്ടില്‍ കയറ്റിവിടുകയും ചെയ്തു. ഗിബ്‌സ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. സെന്ററി ദ്വീപിലെത്തുന്നവര്‍ സാധാരണയായി തോക്ക് കൂടെ കരുതാറുണ്ട്. പക്ഷേ, ഗിബ്‌സിന്റെ കൈവശം ആ സമയത്ത് തോക്ക് ഇല്ലായിരുന്നു. സെന്ററി ദ്വീപ് ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ ഹഡ്‌സന്‍ ബേ, ഹിമക്കരടികളുടെ ആവാസ കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നത്. 2016-ല്‍ ഇവിടെ 840-ാളം ഹിമക്കരടികളുണ്ടായിരുന്നെന്നു പോളാര്‍ ബിയര്‍ സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് പറയുന്നു. എന്നാല്‍ ഇവയുടെ എണ്ണം ക്രമേണ കുറഞ്ഞു.

Comments

comments

Categories: FK Special, Slider