വോള്‍വോ എക്‌സ്‌സി40 അവതരിപ്പിച്ചു

വോള്‍വോ എക്‌സ്‌സി40 അവതരിപ്പിച്ചു

ഏറ്റവും കുറഞ്ഞ വിലയുള്ള വോള്‍വോ കാര്‍ ; ഇന്ത്യ എക്‌സ് ഷോറൂം വില 39.90 ലക്ഷം രൂപ

ന്യൂഡെല്‍ഹി : വോള്‍വോയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വോള്‍വോ എക്‌സ്‌സി40 യാണ് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന വോള്‍വോ കാര്‍. എസ്‌യുവിയുടെ ആര്‍-ഡിസൈന്‍ എന്ന വേരിയന്റ് മാത്രമാണ് തല്‍ക്കാലം പുറത്തിറക്കിയിരിക്കുന്നത്. 39.90 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. തീര്‍ച്ചയായും ഇത് പ്രാരംഭ വിലയാണ്. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവിയാണ് എക്‌സ്‌സി40.

വോള്‍വോയുടെ ആകെ വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ എക്‌സ്‌സി40 നിര്‍ണായക പങ്ക് വഹിക്കും. കോംപാക്റ്റ് ലക്ഷ്വറി എസ്‌യുവി സെഗ്‌മെന്റില്‍ വിരാജിക്കാന്‍ വോള്‍വോയുടെ സവിശേഷ അപ്‌റൈറ്റ് ഡിസൈന്‍ എസ്‌യുവിക്ക് ലഭിച്ചിരിക്കുന്നു. എക്‌സ്‌സി40 യുടെ ഇന്‍സ്‌ക്രിപ്ഷന്‍ എന്ന വേരിയന്റ് പിന്നീട് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലം ആര്‍-ഡിസൈന്‍ വേരിയന്റ് മാത്രമാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.

സവിശേഷ ഫ്രണ്ട് ഗ്രില്‍, ടെയ്ല്‍ ലാംപുകള്‍, തടിച്ച ഹെഡ്‌ലാംപുകള്‍, കൂടുതല്‍ സ്റ്റൈലിഷായ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കാണാം. 2 ടോണ്‍ പെയിന്റ്‌ജോബാണ് ആര്‍-ഡിസൈന്‍ വേരിയന്റിന് ലഭിച്ചിരിക്കുന്നത്. ഗ്രില്ലില്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ്, സ്‌മോക്ക്ഡ് ഹെഡ്‌ലാംപുകള്‍ എന്നിവ മറ്റ് സവിശേഷതകള്‍. കറുത്ത എ പില്ലറുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ കറുത്ത റൂഫ് എക്‌സ്‌സി40 എസ്‌യുവിയുടെ എല്ലാ കളര്‍ ടോണുകള്‍ക്കും സ്റ്റാന്‍ഡേഡായി ലഭിക്കും.

പ്രീമിയം ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററിയും ലാവ നിറത്തിലുള്ള കാര്‍പറ്റും ഡോര്‍ ഇന്‍സേര്‍ട്ടുകളും കാബിന്‍ ആകര്‍ഷകമാക്കുന്നു. ഡാഷ്‌ബോര്‍ഡില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സഹിതം 9 ഇഞ്ച് സെന്‍സസ് സിസ്റ്റം കാണാം. 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലിന് ലെതര്‍ സ്റ്റിച്ചിംഗ് നല്‍കിയിരിക്കുന്നു. ഗിയര്‍ നോബിലും ലെതര്‍ സ്റ്റിച്ചിംഗ് നല്‍കി. വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 13 സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വിര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം സ്റ്റാന്‍ഡേഡായി ലഭിക്കും. ഏഴ് എയര്‍ബാഗുകള്‍, റഡാര്‍ അസിസ്റ്റഡ് ഫീച്ചറുകള്‍ എന്നിവയും ലഭിച്ചു.

ആര്‍-ഡിസൈന്‍ എന്ന വേരിയന്റ് മാത്രമാണ് തല്‍ക്കാലം പുറത്തിറക്കിയിരിക്കുന്നത്

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 187 ബിഎച്ച്പി പരമാവധി കരുത്തും 400 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ബിഎംഡബ്ല്യു എക്‌സ്1, ഔഡി ക്യു3, മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍എ എന്നിവരോടാണ് മത്സരിക്കേണ്ടത്. റേഞ്ച് റോവര്‍ ഇവോക്ക്, പുതിയ ലെക്‌സസ് എന്‍എക്‌സ്, വരാനിരിക്കുന്ന ജാഗ്വാര്‍ ഇ-പേസ് എന്നിവയും എതിരാളികള്‍ തന്നെ.

Comments

comments

Categories: Auto