യുപിഐ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തും

യുപിഐ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തും

സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചറിന് ആര്‍ബിഐ അനുമതി നല്‍കിയിട്ടില്ല

ന്യൂഡെല്‍ഹി: പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തികൊണ്ട് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തില്‍ അഴിച്ചുപണി നടത്താന്‍ നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഒരുങ്ങുന്നു. ഇതനുസരിച്ച് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്താനാകുന്ന ഇടപാടിന്റെ പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തും. സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചര്‍ ചേര്‍ക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ യുപിഐയില്‍ വരുത്തുന്നതിനാണ് എന്‍പിസിഐ ശ്രമിക്കുന്നത്.

യുപിഐ ഇടപാടുകളുടെ നിലവാരമുയര്‍ത്തുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. അതേസമയം, സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചര്‍ യുപിഐയില്‍ നടപ്പാക്കുന്നതിന് ആര്‍ബിഐയില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലെന്നാണ് ബാങ്കര്‍മാര്‍ നല്‍കുന്ന വിവരം. ഉപഭോക്താക്കള്‍ക്ക് ഒരു ബാങ്ക് എക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് എക്കൗണ്ടിലേക്ക് കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചര്‍.

വായ്പ തിരിച്ചടയ്ക്കുന്നതിനോ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനോ ഉള്ള ഓട്ടോ ഡെബിറ്റ് സൗകര്യം പോലെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. യുപിഐ ഉപയോക്താക്കള്‍ക്ക് ഇത്തരം പേമെന്റുകള്‍ പതിവായി ഓര്‍ത്തെടുത്ത് നടത്തുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എന്‍പിസിഐ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍, ഇന്ത്യക്കകത്ത് നടത്തുന്ന ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ആര്‍ബിഐ നിര്‍ബന്ധമാക്കിയിട്ടുള്ള ടു-ഫാക്റ്റര്‍ ഓതന്റിക്കേഷന് വിരുദ്ധമാണ് സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍ ഫീച്ചറെന്നാണ് കേന്ദ്ര ബാങ്ക് കരുതുന്നത്. യുപിഐ പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്തുകൊണ്ടുള്ള യുപിഐ 2.0 അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എന്‍സിപിഐ അവതരിപ്പിക്കുമെന്നും ബാങ്കര്‍മാര്‍ വ്യക്തമാക്കുന്നു. 2016ല്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്ന രഘുറാം രാജന്‍ ആണ് യുപിഐ സംവിധാനം ലോഞ്ച് ചെയ്തത്.

യുപിഐ 2.0 നടപ്പാക്കുന്നതോടെ പുതിയ പേമെന്റ് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. പേമെന്റ് റിക്വസ്റ്റിനൊപ്പം ഇന്‍വോയിസ് ലഭിക്കുന്ന തരത്തിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഇതൊടൊപ്പം ലഭിക്കും. ‘ബ്ലോക്ക് പേമെന്റ്’ ഓപ്ഷനാണ് അപ്‌ഗ്രേഡഡ് യുപിഐ ആപ്ലിക്കേഷനില്‍ ലഭിക്കാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. കാബ് പേമെന്റ് നടത്തുന്ന സമയത്തും ഇ-കൊമേഴ്‌സ് ഡെലിവെറി നടത്തുമ്പോഴും ഐഎപിഒ വഴി ഓഹരി വാങ്ങുന്ന സമയത്തും ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും.

Comments

comments

Categories: Business & Economy