സുസുകി ഇലക്ട്രിക് ബൈക്കുകള്‍ കൊണ്ടുവരും

സുസുകി ഇലക്ട്രിക് ബൈക്കുകള്‍ കൊണ്ടുവരും

2020 ഓടെ ഇന്ത്യയില്‍ സുസുകിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉണ്ടായിരിക്കുമെന്ന് സതോഷി ഉചിഡ

ന്യൂഡെല്‍ഹി : 2020 ഓടെ സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കും. മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന അതേ സമയത്തുതന്നെ സുസുകിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തും. സുസുകി ചെയര്‍മാന്‍ ഒസാമു സുസുകിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സുസുകി തീരുമാനിച്ചു. സുസുകിയും ഡെന്‍സോയും തോഷിബയും ചേര്‍ന്ന് ഗുജറാത്തില്‍ ബാറ്ററി നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി 1,700 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

ജാപ്പനീസ് കമ്പനിയുടെ ഉപ കമ്പനിയായ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയാണ് ജപ്പാനിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സുമായി ബന്ധപ്പെട്ട് ഇലക്ട്രിക് സ്‌കൂട്ടറും ഇലക്ട്രിക് മോട്ടോര്‍സൈക്കിളും വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനായി അഞ്ച് പേരടങ്ങുന്ന പ്രൊജക്റ്റ് ടീം സുസുകി രൂപീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ കെപിഎംജിയെ നിയോഗിക്കുകയും ചെയ്തു. ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കും ആദ്യം അവതരിപ്പിക്കുന്നത്. പിന്നാലെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കും.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന ദൗത്യത്തിന് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നതായി സുസുകി മോട്ടോര്‍സൈക്കിള്‍ മാനേജിംഗ് ഡയറക്റ്റര്‍ സതോഷി ഉചിഡ വ്യക്തമാക്കി. ബാറ്ററി ഫാക്റ്ററിക്കായി മാതൃ കമ്പനി ഗുജറാത്തില്‍ നടത്തുന്ന നിക്ഷേപം ഇക്കാര്യത്തില്‍ വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി റേഞ്ച് (ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ സഞ്ചരിക്കാവുന്ന ദൂരം) ലഭിക്കുന്ന സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. 2020 ഓടെ ഇന്ത്യയില്‍ സുസുകിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉണ്ടായിരിക്കുമെന്ന് സതോഷി ഉചിഡ ഉറപ്പ് നല്‍കി. ബാറ്ററി സ്വാപ്പിംഗ് (ചാര്‍ജ് തീര്‍ന്ന ബാറ്ററി അഴിച്ചുമാറ്റി റീച്ചാര്‍ജ് ചെയ്ത ബാറ്ററി ഘടിപ്പിക്കുന്ന രീതി) അവതരിപ്പിക്കുന്നത് സുസുകിയുടെ പരിഗണനയിലാണ്.

അഞ്ച് പേരടങ്ങുന്ന പ്രൊജക്റ്റ് ടീം രൂപീകരിച്ചു. സഹായങ്ങള്‍ക്കായി കെപിഎംജിയെ നിയോഗിക്കുകയും ചെയ്തു

2011 ല്‍ ലെറ്റ്‌സ് എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ സുസുകി വികസിപ്പിച്ചിരുന്നു. 100 വോള്‍ട്ട് ബാറ്ററി ഘടിപ്പിച്ച ഈ സ്‌കൂട്ടറിന്റെ റേഞ്ച് മുപ്പത് കിലോമീറ്റര്‍ മാത്രമായിരുന്നു. എന്നാല്‍ ഉയര്‍ന്ന വില വില്‍പ്പന മന്ദഗതിയിലാക്കി. സാങ്കേതികവിദ്യകളില്‍ ഇപ്പോള്‍ വലിയ മാറ്റവും സംഭവിച്ചിരിക്കുന്നു.

Comments

comments

Categories: Auto