289 ബില്യണ്‍ രൂപയുടെ ഏറ്റെടുക്കല്‍ നടത്തി ആര്‍ഐഎല്‍

289 ബില്യണ്‍ രൂപയുടെ ഏറ്റെടുക്കല്‍ നടത്തി ആര്‍ഐഎല്‍

ന്യൂഡെല്‍ഹി: ഉപഭോക്തൃ ബിസിനസ് വിഭാഗം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തിനിടയില്‍ 12 ഏറ്റെടുക്കല്‍ കരാറകളിലാണ് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏര്‍പ്പെട്ടിട്ടുള്ളതെന്ന് യുഎസ് ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ജെഫറീസ് ഗ്രൂപ്പ് എല്‍എല്‍സിയുടെയും ബ്ലൂംബെര്‍ഗിന്റെയും വിലയിരുത്തല്‍. ഏകദേശം 289 ബില്യണ്‍ രൂപയാണ് ഈ കരാറുകളുടെ മൂല്യമെന്നും ജെഫറീസ് ഗ്രൂപ്പും ബ്ലൂംബെര്‍ഗും വ്യക്തമാക്കിയിട്ടുണ്ട്.

12 മാസത്തില്‍ നടത്തിയ 12 കരാറുകളില്‍ പത്തെണ്ണം ആര്‍ഐഎല്ലിന്റെ കണ്‍സ്യൂമര്‍ ബിസിനസുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ടെക്‌സ്റ്റൈല്‍, കാര്‍ബണ്‍ ഫൈബര്‍, ടെലികോം എന്നീ മേഖലകളില്‍ സാമ്പത്തികമായി സമ്മര്‍ദം നേരിടുന്ന കമ്പനികളെയും ഇക്കാലയളവില്‍ ആര്‍ഐഎല്‍ ഏറ്റെടുത്തിടുണ്ട്. ടെലികോം, റീട്ടെയ്ല്‍, മീഡിയ, പെട്രോകെമിക്കല്‍സ്, റിഫൈനിംഗ് തുടങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനുകീഴിലുള്ള വിവിധ ബിസിനസ് വിഭാഗങ്ങളില്‍ നിന്നും ലാഭം വര്‍ധിപ്പിക്കാനുള്ള അംബാനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഏറ്റെടുക്കലുകള്‍.

റിലയന്‍സ് ജിയോ ഇന്‍ഫൊകോമുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് എന്റര്‍ടെയ്ന്‍മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ കമ്പനി താല്‍പ്പര്യപ്പെടുന്നുണ്ട്. കണ്ടന്റ്’ വിഭാഗത്തില്‍ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ ഏറ്റെടുക്കലുകളില്‍ ചിലതെന്ന് കെആര്‍ ചോക്‌സി ഷെയേഴ്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് എംഡി ദേവന്‍ ചോക്‌സി പറഞ്ഞു. മതിയായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി ആര്‍ജിക്കുന്നതോടെ ഉപയോക്താക്കള്‍ ജിയോ നെറ്റ്‌വര്‍ക്കിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

173 ബില്യണ്‍ രൂപയ്ക്കാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ടെലികോം ആസ്തികള്‍ ആര്‍ഐഎല്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ടെലികോം മുതല്‍ റിയല്‍റ്റി വരെയുള്ള ബിസിനസ് വിഭാഗങ്ങളിലായി 53 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റിലയന്‍സ് നടത്തിയിട്ടുള്ളത്. ഇതില്‍ ടെലികോം വിഭാഗത്തില്‍ മാത്രം 36 ബില്യണ്‍ ഡോളറാണ് കമ്പനി നിക്ഷേപിച്ചത്. 2019 മാര്‍ച്ച് 31 വരെയുള്ള രണ്ട് വര്‍ഷത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കലാണ് ആര്‍ഐഎല്‍ ലക്ഷ്യം വെക്കുന്നതെന്ന് ജെഫറീസ് ഗ്രൂപ്പും ബ്ലൂംബെര്‍ഗും വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy