മൈന്ത്ര 300 ദശലക്ഷം ഡോളറിന്റെ  നിക്ഷേപം നടത്തും

മൈന്ത്ര 300 ദശലക്ഷം ഡോളറിന്റെ  നിക്ഷേപം നടത്തും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തില്‍ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ മൈന്ത്രയും ജബോംഗും തീരുമാനിച്ചു. ഇതു വഴി തങ്ങളുടെ മൊത്ത വില്‍പ്പന മൂല്യം മൂന്നിരിട്ടിയാക്കാമെന്നും ആഭ്യന്തര ഫാഷന്‍ വിപണിയിലെ പങ്കാളിത്തം 35 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താമെന്നുമാണ് ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇരു സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ബില്യണ്‍ ഡോളറായിരുന്നു മൊത്ത വില്‍പ്പന മൂല്യം. ഇത് മൂന്നു വര്‍ഷത്തിനുള്ളില്‍ നാലു ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ശ്രമം.

ബിസിനസ് വികസനം ലക്ഷ്യമിട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനും ഇരു സ്ഥാപനങ്ങളും പദ്ധതിയിടുന്നുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ നികുതിക്കു മുമ്പുള്ള വരുമാനത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് മൈന്ത്ര കണക്കുകൂട്ടുന്നത്. ഓഫ്‌ലൈന്‍ -ഫ്രാഞ്ചൈസി സ്റ്റോറുകളും സ്വകാര്യ ലേബലുകളും ഓണ്‍ലൈന്‍ ഷോപ്പിംഗുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ മനോഭാവത്തില്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും ഇത് മൈന്ത്രയുടെ വിറ്റുവരവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യയിലെ ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും ആകര്‍ഷകമായ ഡീലുകള്‍ ലഭ്യമാണെങ്കില്‍ മാത്രം ഓണ്‍ലൈന്‍ ഷോപ്പിംഗ് തെരഞ്ഞെടുക്കുന്നവരാണെന്നും ഓണ്‍ലൈന്‍ ഷോപ്പിംഗിനെ സംബന്ധിച്ച് ഉപഭോക്താക്കളുടെ മനോഭാവത്തില്‍ മാറ്റം വരുത്താനായില്ലെങ്കില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ തേഡ് ഐസൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ദേവാന്‍ശു ദുട്ട അഭിപ്രായപ്പെട്ടു. മൈന്ത്ര മൂന്നു വര്‍ഷം മുമ്പാരംഭിച്ച സ്വകാര്യ ലേബല്‍ ബിസിനസ് ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ആകെ വരുമാനത്തില്‍ 25 ശതമാനമാണ് സ്വകാര്യ ലേബലുകളുടെ സംഭാവന.

അടുത്തിടെ അവസാനിച്ച എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ കാലയളവില്‍ മൈന്ത്രയും ജബോംഗും സംയുക്തമായി അഞ്ചു ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയതായി സിഇഒ അനന്ത് നാരായണന്‍ അറിയിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞാല്‍ ഫഌപ്കാര്‍ട്ട് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന ഉല്‍പ്പന്ന വിഭാഗമായി ഫാഷന്‍ മാറിയിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള ഫാഷന്‍ വിപണിയുടെ അഞ്ചു ശതമാനമാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണി. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ മേഖലയില്‍ 38.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy