ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 15 മുതല്‍

ജിയോ ഗിഗാ ഫൈബര്‍ ഓഗസ്റ്റ് 15 മുതല്‍

റീട്ടെയ്ല്‍ രംഗത്ത് ഒരു ഹൈബ്രിഡ് പ്ലാറ്റ്‌ഫോമൊരുക്കും

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ അടുത്ത വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് റിലയന്‍സ് ജിയോ തങ്ങളുടെ അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനമായ ‘ജിയോ ഗിഗാ ഫൈബര്‍’ പ്രഖ്യാപിച്ചു. മുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 41-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് റിലയന്‍സിന്റെ പുതിയ ഉദ്യമമായ ജിയോ ഗിഗാ ഫൈബര്‍ (ഫൈബര്‍ ടു-ദ-ഹോം ബ്രോഡ്ബാന്റ് സര്‍വീസ്) പ്രഖ്യാപിച്ചത്.

ജിയോ ഗിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് മൈജിയോ ആപ്ലിക്കേഷന്‍ വഴിയോ ജിയോ ഡോട്ട് കോം വഴിയോ രജിസ്റ്റര്‍ ചെയ്യാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് ഫിക്‌സഡ്-ലൈന്‍ ബ്രോഡ്ബാന്റ് ആയിരിക്കും ജിയോഫൈബര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. വീടുകളിലും കടകളിലും ചെറുകിട ഇടത്തരം സംരംഭങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 1,100 നഗരങ്ങളില്‍ ജിയോ ഫൈബര്‍ ലഭ്യമാക്കു.

സ്മാര്‍ട്ട് ഹോം ടെക്‌നോളജി, ടിവി കോളിംഗ് എന്നിവയാണ് ജിയോ ഗിഗാ ഫൈബറിന്റെ പ്രധാന ഫീച്ചറുകള്‍. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കായി ഒരു ഗിഗാ റൂട്ടറും ടെലിവിഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്കായി ഒരു സെറ്റ് ടോപ് ബോക്‌സും ഇതോടൊപ്പം ജിയോ നല്‍കുന്നുണ്ട്. ടെലിവിഷനില്‍ വോയിസ് കമാന്റ് നല്‍കുന്നതിനും വീഡിയോകോള്‍ ചെയ്യാനും ഇത് സൗകര്യമൊരുക്കും. ഫൈബര്‍ ടു-ദ-ഹോം (എഫ്ടിടിഎച്ച്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ജിയോ ഗിഗാ ഫൈബര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിലവിലുള്ള ഹോം ബ്രോഡ്ബാന്റ് സേവനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജിയോ ഫൈബര്‍ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെക്കന്‍ഡില്‍ ഒരു ജിബി വേഗത ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കിനുണ്ടാകുമെന്നാണ് ജിയോയുടെ വാഗ്ദാനം. പ്രാരംഭത്തില്‍ 100 എംബിപിഎസ് വേഗതയിലുള്ള ഡാറ്റ സൗജന്യമായി നല്‍കിയേക്കും. നിലവില്‍ കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ബ്രോഡ്ബാന്റ് സ്‌കീം നല്‍കുന്നുണ്ട്. എന്നാല്‍, ഈ വിഭാഗത്തിലേക്കുള്ള ജിയോയുടെ കടന്നുവരവ് കൂടുതല്‍ ആക്രമണോത്സുകമായിരിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ നിരവധി നഗരങ്ങളില്‍ ജിയോ ഗിഗാ ഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഓപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃംഖലയാണ് ഭാവിയെന്ന് ചടങ്ങില്‍ മുകേഷ് അംബാനി പറഞ്ഞു. ഈ രംഗത്തെ മികച്ച അഞ്ച് രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റാന്‍ ജിയോ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. ജിയോ ഫൈബറിനു പുറമെ ജിയോ ഫോണിന്റെ പുതുപതിപ്പായ ജിയോ ഫോണ്‍ 2വും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 2,999 രൂപയാണ് ഫോണിന്റെ വില. ഓഗസ്റ്റ് 15 മുതല്‍ ഈ ഫോണും ലഭ്യമായി തുടങ്ങും. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ച ജിയോ ഫോണിന്റെ പുതിയ വേര്‍ഷനാണ് ജിയോ ഫോണ്‍ 2. വാട്‌സാപ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ പുതിയ ഫോണില്‍ ലഭ്യമാണ്.

ജിയോ ഫോണ്‍ ലഭ്യത വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവം വേഗത്തിലാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുകേഷ് അംബാനി അറിയിച്ചു. ഇതുവഴി ഓരോ ഇന്ത്യക്കാരനും ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനും ഡിജിറ്റല്‍ ലൈഫ് ആസ്വദിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്‍സൂണ്‍ ഹങ്കാമ ഓഫറുകളും ജിയോ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജിയോ ഫോണ്‍ സ്വന്തമാക്കിയിട്ടുള്ളവര്‍ക്ക് 501 രൂപയ്ക്ക് പുതിയ ജിയോ പോണ്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുന്നതാണ് ഈ ഓഫര്‍. ഓണ്‍ലൈന്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒരു ഹൈബ്രിഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചെറുകിട റീട്ടെയ്ല്‍ കമ്പനികളെ തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാണ് ആര്‍ഐഎല്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories