സൗജന്യ വൈഫൈ സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍

സൗജന്യ വൈഫൈ സേവനം വ്യാപിപ്പിക്കുമെന്ന് ഗൂഗിള്‍

ധനസമ്പാദനത്തിനായി പരസ്യങ്ങള്‍ അവതരിപ്പിച്ച് ഈ സേവനം കൂടുതല്‍ സുസ്ഥിരമാക്കാനാണ് ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പിലാക്കി വരുന്ന പൊതു വൈഫൈ സേവനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ഇന്ത്യന്‍ റെയ്ല്‍വേയുടെ സഹകരണത്തോടെ രാജ്യത്തെ റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ നിലവില്‍ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ നല്‍കുന്നുണ്ട്. മാളുകള്‍, യൂണിവേഴ്‌സിറ്റികള്‍, കഫേകള്‍ എന്നിവിടങ്ങളിലേക്ക് വൈ ഫൈ സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. പദ്ധതി നടപ്പിലാക്കുന്നതിനായി ടെലികോം ഓപ്പറേറ്റര്‍മാര്‍, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുമായി ഗൂഗിള്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്ത്യയിലെ 400 റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സംവിധാനം ഗൂഗിള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.

‘വൈഫൈ ഇന്ത്യയില്‍ ആരംഭ ഘട്ടത്തിലാണ്. അതിനാലാണ് നെറ്റ്‌വര്‍ക്ക് തിരക്ക് കുറയ്ക്കല്‍, വൈഫൈ കവറേജ്, ഡാറ്റ ഓഫ്‌ലോഡ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ടെലികോമുകളുമായി പ്രധാനമായും ചര്‍ച്ച നടത്തുന്നത്. പൊതു വൈഫൈ സംവിധാനം താല്‍പ്പര്യമുള്ളവരുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്’, ഗൂഗിള്‍ ഇന്ത്യയുടെ ഡയറക്റ്റര്‍, പാര്‍ട്ണര്‍ഷിപ്പ് (നെക്സ്റ്റ് ബില്യണ്‍ യൂസേഴ്‌സ് ) കെ സുരി പറഞ്ഞു. പൂനെയില്‍ 150 ഗൂഗിള്‍ സ്റ്റേഷന്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുന്നതിന് റെയ്ല്‍ടെലുമായും ലാര്‍സന്‍ ആന്‍ഡ് ടൗബ്രൊയുമായും ഗൂഗിള്‍ ധാരണയായിട്ടുണ്ട്.

ഡാറ്റ ട്രാഫിക് കുറയ്ക്കുന്നതിനും മൊബീല്‍ നെറ്റ്‌വര്‍ക്കുകളിലെ സമ്മര്‍ദം ലഘൂകരിക്കുന്നതിനും ഭാരതി എയര്‍ടെലും വോഡഫോണും അവരുടെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്വതന്ത്രമായി ആരംഭിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ റിലയന്‍സ് ജിയോയും വന്‍തോതില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ടെലികോമുകള്‍ തങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ വോയ്‌സ് ഓവര്‍ വൈഫൈ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പബ്ലിക് ഓപ്പണ്‍ വൈഫൈ പദ്ധതി വഴി രാജ്യത്തെ പൊതു ഇടങ്ങളിലെ വൈഫൈ സംവിധാനം വികസിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില ആളുകള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈഫൈ സേവനം വാഗ്ദാനം ചെയ്യുന്നതിനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പബ്ലിക് ഡാറ്റ ഓഫീസ് അഗ്രഗേറ്റര്‍മാര്‍ക്കും (പിഡിഒഎ) പബ്ലിക് ഡാറ്റ ഓഫീസര്‍മാര്‍ക്കും (പിഡിഒ) ലൈസന്‍സ് ഇല്ലാതെ വൈഫൈ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് ടെലികോം റെഗുലേറ്ററായ ട്രായി കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എട്ട് മില്യണ്‍ ഉപയോക്താക്കാള്‍ ഗൂഗിളിന്റെ പൊതു വൈഫൈ സംവിധാനം പ്രതിദിനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ധനസമ്പാദനത്തിനായി പരസ്യങ്ങള്‍ അവതരിപ്പിക്കുന്നിലൂടെ ഈ സേവനം കൂടുതല്‍ സുസ്ഥിരമാക്കാനാണ് ഗൂഗിള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതേസമയം ഫേസ്ബുക്കിന്റെ എക്‌സ്പ്രസ് വൈഫൈ സേവനം പോലെ തങ്ങളുടെ സേവനത്തിന് നിലവില്‍ ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയില്ലെന്നാണ് സൂരി പറയുന്നത്.

Comments

comments

Categories: More