6,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ആംവേ ഇന്ത്യ

6,000 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ട് ആംവേ ഇന്ത്യ

ഇന്ത്യയില്‍ ഗവേഷണ പഠനങ്ങള്‍ക്കായി 100 കോടി മുതല്‍മുടക്കും

ദിണ്ടിഗല്‍: 2025 ഓടെ 6000 കോടി രൂപ വരുമാനം നേടാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ മുന്‍നിര ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യ. രാജ്യത്തെ ബിസിനസ് 20 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്കൊപ്പമാണ് വിപണിയോടുള്ള പ്രതിബദ്ധതയും 2025ലെക്കുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചത്. ആഗോള തലത്തില്‍ ഇന്ത്യയെ ആംവേയുടെ മികച്ച മൂന്ന് വിപണികളില്‍ ഒന്നാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍, ആഗോളതലത്തില്‍ ആംവേയുടെ ഏഴാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

ഇന്ത്യയില്‍ തങ്ങള്‍ക്ക് മുന്നിലുള്ള ബിസിനസ് അവസരം പ്രോത്സാഹനജനകമാണെന്നും ഡയറക്റ്റ് സെല്ലിംഗ് എഫ്എംസിജി വ്യവസായത്തിന്റെ വന്‍ സാധ്യതകളാണ് വ്യവസായ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുദ്ധ്‌രാജ പറഞ്ഞു. നിലവിലുള്ള വ്യാപ്തിയില്‍ നിന്നും ആറ് മടങ്ങ് വളര്‍ച്ച നേടി 2025ഓടെ 65,000 കോടി രൂപയിലേക്ക് വ്യവസായം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം 18 മില്യണിലധികം ആളുകള്‍ക്ക് സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇതില്‍ 50 ശതമാനത്തോളം വനിതകളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ 20 വര്‍ഷമായി 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് (സിഎജിആര്‍) ആംവേ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ ബിസിനസ് മോഡലിന്റെ ശക്തിപ്പെടലിന്റെയും ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യത്തിന്റെയും തെളിവാണിത്. ഇന്നൊവേഷനുകള്‍, ഡിജിറ്റല്‍ വ്യാപനം,ശക്തമായ ഡയറക്റ്റ് സെല്ലിംഗ് നെറ്റ്‌വര്‍ക്ക്, യുവ ഉപഭോക്താക്കളുമായുള്ള മികച്ച ഇടപഴകല്‍ എന്നിവ വഴി 2025ഓടെ ബിസിനസില്‍ മൂന്ന് മടങ്ങ് വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ – കൊമേഴ്‌സ് വഴി (ആംവേ വെബ് പോര്‍ട്ടലിലൂടെയുള്ള വില്‍പ്പന) 35 ശതമാനം വില്‍പ്പനയാണ് നിലവില്‍ കമ്പനി നേടുന്നത്. 65 ശതമാനം വില്‍പ്പന ഓഫ്‌ലൈന്‍ മാര്‍ഗങ്ങള്‍ വഴിയും സ്വന്തമാക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇത് 50:50 എന്ന അനുപാതത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബുദ്ധരാജ വ്യക്തമാക്കി.

ന്യൂട്രീഷന്‍, വെല്‍നെസ്സ് എന്നിവയാണ് ആവേ ഇന്ത്യയുടെ വരുമാനത്തിലെ മുഖ്യ പങ്കും സംഭാവന ചെയ്യുന്നത്. ഈ വിഭാഗത്തിലെ വരുമാനം 2025 ഓടെ ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി. ആംവേ അടുത്തിടെ ആരംഭിച്ച ന്യൂട്രീലൈറ്റ് ട്രഡീഷണല്‍ ഹെര്‍ബ്‌സ് വിഭാഗം വിജയകരമായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ബിസിനസ് 100 കോടിയിലധികം വില്‍പ്പന രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂട്രീലൈറ്റ് ഓള്‍ പ്ലാന്റ് പ്രോട്ടീന്‍ പൗഡര്‍, ന്യൂട്രിലൈറ്റ് ഡെയ്‌ലി, ആംവേ ക്യൂന്‍ കുക്ക്‌വെയര്‍, ഗ്ലിസ്റ്റര്‍ ടൂത്ത്‌പേസ്റ്റ് തുടങ്ങിയവയെല്ലാം വാര്‍ഷികാടിസ്ഥാനത്തില്‍ 100 കോടിക്കു മുകളില്‍ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളാണ്.

ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ കാറ്റഗറിയില്‍ ഉടന്‍ തന്നെ പുതിയ ഇന്നൊവേഷന്‍ ആരംഭിക്കാനും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. എയര്‍ പ്യൂരിഫയര്‍ ബിസിനസ് വിഭാഗത്തിലേക്ക് കടക്കാനുമുള്ള പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്.

അടുത്ത രണ്ടു മൂന്ന് വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി രാജ്യത്ത് നടത്തുക. ഇതില്‍ 70 കോടി രൂപ ആര്‍ ആന്‍ഡ് ഡി വിഭാഗത്തിലും 10 കോടി രൂപ ഉല്‍പ്പാദനത്തിലും 20 – 30 കോടി രൂപ ഡിജിറ്റില്‍ സംരംഭങ്ങളിലുമായിരിക്കും നിക്ഷേപിക്കുക. ഇന്ത്യയിലെ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ മധുരയിലുള്ള തങ്ങളുടെ ഉല്‍പ്പാദന കേന്ദ്രത്തില്‍ 600 കോടി രൂപ ആംവേ ഇന്ത്യ നിക്ഷേപിച്ചിരുന്നു.
ഇന്ത്യയില്‍ 140 എക്‌സ്പ്രസ് പിക് ആന്‍ഡ് പേ (എക്‌സ്പിപി) സ്റ്റോറുകളാണ് ആംവേ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 25 സ്റ്റോറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. 2025ഓടെ 500 എക്‌സ്പിപി സ്റ്റോറുകള്‍ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Slider, Top Stories