ജൂലൈയില്‍ വായിക്കാന്‍ അഞ്ച് പുസ്തകങ്ങള്‍

ജൂലൈയില്‍ വായിക്കാന്‍ അഞ്ച് പുസ്തകങ്ങള്‍

സാങ്കേതിക വിദ്യയുടെ ഉന്നതിയിലും പുസ്തകങ്ങള്‍ പ്രസക്തമായി നില്‍ക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അവയിലുള്‍ച്ചേര്‍ന്നിരിക്കുന്ന അപ്രതീക്ഷിതങ്ങളുടെ ഹരം പിടിപ്പിക്കുന്ന അവതരണമാണ്. സര്‍പ്രൈസ് എലമെന്റ് ഒട്ടേറെയുള്ള സംഭവ കഥകളുമായി അഞ്ച് പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്താന്‍ തയാറായിരിക്കുകയാണ്. ഫിക്ഷന്‍ മുതല്‍ രാഷ്ട്രീയം വരം കൈകാര്യം ചെയ്യുന്ന ഈ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണ് ലേഖകന്‍.

ദക്ഷിണേന്ത്യയില്‍ മണ്‍സൂണും ഉത്തരേന്ത്യയില്‍ വേനല്‍ക്കാലവും മൂര്‍ധന്യത്തിലാണ്. സാഹിത്യവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഏതാണ്ട് നിലച്ചു തുടങ്ങി. എങ്കിലും ഏതാനും മികച്ച പുസ്തക പ്രകാശനങ്ങള്‍ ഉണ്ടെന്നതിനാല്‍  ഈ മാസം സാഹിത്യപ്രേമികളെ സംബന്ധിച്ച് ആവേശകരമായിരിക്കും. വായനക്കാരുടെ ആഗ്രഹത്തിന്റെ പട്ടികയില്‍ ഇടംപിടിക്കാവുന്ന അഞ്ച് ശ്രദ്ധേയമായ പുസ്തകങ്ങള്‍ ഇതാ…

1. ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിംഗ്, ശുഭാംഗി സ്വരൂപ്, പ്രസിദ്ധീകരണം ഹാര്‍പ്പര്‍ കോളിന്‍സ്

അസാധാരണമായ പ്രതിഭ എന്നാണ് സാഹിത്യ രംഗത്ത് ഏറെ അനുഭവ പരിജ്ഞാനമുള്ള എഡിറ്ററും പബ്ലിഷറുമായ ഉദയന്‍ മിത്ര ശുംഭാംഗി സ്വരൂപിനെ വിശേഷിപ്പിക്കുന്നത്. ‘അങ്ങേയറ്റം ശ്രദ്ധേയം’ എന്ന് അവരുടെ എഴുത്തുകളെ പ്രമുഖ കവിയും നോവലിസ്റ്റുമായ ജീത് തയ്യിലും വിശേഷിപ്പിക്കുന്നു. ആന്‍ഡമാന്‍ കടലിന്റെ ആഴങ്ങളില്‍ നിന്ന് തുടങ്ങി, ബര്‍മയും നേപ്പാളും ചുറ്റിയടിച്ച്, അവസാനം കാറക്കോറം മലനിരകളുടെ ഹിമാനികള്‍ക്കും ചുരങ്ങള്‍ക്കുമിടയില്‍ അവസാനിക്കുന്ന മനോഹരമായ കഥ ലോകത്തിലൂടെ ഒഴുകി നടക്കുന്ന പ്രതീതി പകരും. ഈ മാസം പ്രസിദ്ധീകരിക്കുന്ന നോവലുകളില്‍ വച്ച് ഏറ്റവും ശ്രദ്ധപിടിച്ചു പറ്റാവുന്ന സൃഷ്ടിയായിരിക്കും ഇത്.

2. പാക്കിസ്ഥാന്‍ അഡ്രിഫ്: നാവിഗേറ്റിംഗ് ട്രബിള്‍ഡ് വാട്ടേസ്, ആസാദ് ദുരാനി, പ്രസിദ്ധീകരണം വെസ്റ്റ്‌ലാന്‍ഡ്

പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ (ഐഎസ്‌ഐ) ചാരന്‍മാര്‍ക്ക് പരിശീലനം നല്‍കിയിയിരുന്ന ഉദ്യോഗസ്ഥനായിരുന്ന ആസാദ് ദുരാനി എഴുതിയ പുസ്തകം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച്ു പറ്റിയേക്കും. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മുന്‍ മേധാവി എസ് ദുലാത്തുമായി ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ സൈന്യം അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു. ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ സേവന കാലയളവിലുള്ള ഐഎസ്‌ഐ ഓഫീസ് ആയിരിക്കും പ്രതിഫലിക്കുക. ജര്‍മനിയും സൗദി അറേബ്യയുമായുള്ള നയതന്ത്ര തടസങ്ങളും അകലങ്ങളും ഇതില്‍ തെളിഞ്ഞു കാണാം. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പാക്കിസ്ഥാന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിര്‍ണയം നൂതനവും കാര്യജ്ഞാനമുള്ളതുമാണെന്ന് പ്രസാധകന്‍ പറയുന്നു. പാക്കിസ്ഥാന്റെ നേരിടുന്ന പ്രതിസന്ധികളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ വിശ്വസിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം വാദിക്കുന്നു.

3. ദി വിന്‍ഡ് ഇന്‍ മൈ ഹെയര്‍: മൈ ഫൈറ്റ് ഫോര്‍ ഫ്രീഡം ഇന്‍ മോഡേണ്‍ ഇറാന്‍, മാസി അലിനെജാദ്, പ്രസാധനം ഹാഷേറ്റ്

ഇറാനിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ മാസി അലിനെജാദ് എന്ന വനിത തനിക്ക് ശരിയെന്നു തോന്നിയ നിലപാടുകള്‍ക്ക് വേണ്ടി എങ്ങനെയാണ് ഭീമായ വിപത്തിനെ അതിജീവിച്ചതെന്ന് വ്യക്തമാക്കുന്ന ഓര്‍മക്കുറിപ്പാണിത്. ഹിജാബ് ഉപേക്ഷിച്ചതിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കിടയില്‍ ഒരു പ്രധാന പ്രസ്ഥാനം തന്നെ അവര്‍ സ്ഥാപിച്ചു. മാസിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു ചിത്രത്തിലൂടെയും ധീരമായ പ്രസ്താവനയിലൂടെയുമാണ് ഇതെല്ലാം ആരംഭിക്കുന്നത്. ഒരു സ്ത്രീ അഭിമാനത്തോടെ നില്‍ക്കുന്നു, അവളുടെ മുഖം നഗ്നമാണ്, ഭംഗിയുള്ള ചുരുണ്ട മുടി കാറ്റില്‍ ഉലയുന്നുണ്ട്. ഇറാനിലെ സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമായ ഹിജാബ് നീക്കി തന്റെ മുഖവും മുടിയും പുറത്തു കാട്ടി എന്നതായിരുന്നു അവള്‍ ചെയ്ത കുറ്റം. ഇറാനിലുടനീളം ഒരു സാമൂഹ്യ മാധ്യമ വിമോചന പ്രസ്ഥാനത്തിന് ഇത് തിരികൊളുത്തി. രാജ്യത്തെ കര്‍ശനമായ മത വിശ്വാസങ്ങളെ പ്രത്യക്ഷമായി വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ മറയ്ക്കപ്പെടാത്ത മുടിയുടെ ചിത്രങ്ങള്‍ നിരവധി വനിതകള്‍ മാസിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ ഈ മുന്നേറ്റത്തിന്റെ ആരും കാണാത്ത മറുവശത്ത് വേദനാജനകമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു മാസി. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ‘ദി വിന്‍ഡ് ഇന്‍ മൈ ഹെയര്‍’ വായിക്കാം. മേയ് 29ന് അമേരിക്കയില്‍ പ്രകാശനം ചെയ്ത പുസ്തകം ഈ മാസം മുതല്‍ സ്റ്റോളുകളില്‍ ലഭ്യമാകും.

4. ഡെവിള്‍സ് അഡ്വക്കേറ്റ്, കരണ്‍ ഥാപ്പര്‍, പ്രസിദ്ധീകരണം ഹാര്‍പര്‍ കോളിന്‍സ്

നിരവധി സങ്കീര്‍ണമായ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന തന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കുകയാണ് ‘ഡെവിള്‍സ് അഡ്വക്കേറ്റ്’ എന്ന പുസ്തകത്തിലൂടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍. ബേനസീര്‍ ഭൂട്ടോ, ഓങ് സാന്‍ സൂചി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയവരുമായുള്ള തന്റെ ദീര്‍ഘകാല സൗഹൃദങ്ങളുടെയും സഹവര്‍ത്തിത്തത്തിന്റെയും കഥയാണ് അദ്ദേഹം വിശദീകരിക്കുന്നത്. എന്നാല്‍ എല്ലാ സൗഹൃദങ്ങളും നിലനിന്നില്ല. ഉദാഹരണത്തിന് എല്‍ കെ അദ്വാനി. അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം ഒരു അഭിമുഖത്തിന്റെ പേരിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അകലുകയായിരുന്നു. ഒരു അഭിമുഖത്തിന്റെ സമയത്തുണ്ടായ സംക്ഷോഭം പിന്നീട് ടെലിവിഷന്‍ സ്‌ക്രീന് പുറത്ത് ഒന്നിലധികം തവണ ആവര്‍ത്തിച്ചു. വളരെ വിശദമായി ഈ സംഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ജയലളിതയുമായും നരേന്ദ്രമോദിയുമായും നടത്തിയ വിവാദമായ രണ്ട് അഭിമുഖങ്ങളുമായി ബന്ധപ്പെട്ട പറയാ കഥകളും അദ്ദേഹം പുസ്തകത്തില്‍ കുറിക്കുന്നു. ജൂലൈ 20ന് പുസ്തകം പുറത്തിറങ്ങും.

5. ദി ജനറേഷന്‍ ഓഫ് റേഞ്ച് ഇന്‍ കശ്മീര്‍, ഡേവിഡ് ദേവദാസ്, പ്രസാധകര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്

പ്രമുഖ ധനകാര്യ ദിനപ്പത്രമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലെ മുന്‍ രാഷ്ട്രീയ നിരീക്ഷകനായ ഡേവിഡ് ദേവദാസിന്റെ ഈ പുസ്തകം കശ്മീരിലെ ഭീകരതയുടെ ഉദയത്തെ കുറിച്ച് പ്രതിപാദിക്കുന്നതാണ്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിനു ശേഷം പൊട്ടിത്തെറിച്ച കശ്മീരി യുവാക്കള്‍ക്കളുടെ രോക്ഷത്തിന്റെ വേരുകളും പുസ്തകം ചികയുന്നുണ്ട്. കശ്മീരിലെ സംഘര്‍ഷത്തെ, കൃത്യ സമയത്ത് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതിരുന്ന അധികാരികളുടെ കഴിവില്ലായ്മയുമായാണ് അദ്ദേഹം ബന്ധപ്പെടുത്തുന്നത്.

കടപ്പാട് ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider