യൂസ്ഡ് കാറുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ‘ട്രൂബില്‍’

യൂസ്ഡ് കാറുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ‘ട്രൂബില്‍’

യൂസ്ഡ് കാറുകള്‍ എളുപ്പത്തില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്ന സംരംഭമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂബില്‍.

ഒരു കാര്‍ വീട്ടിലുണ്ടാവുക എന്നത് ഇന്ന് ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ജീവിതത്തിലെ തിരക്കുകള്‍ കൊണ്ടും വീട്ടുകാര്‍ക്കൊപ്പം ഒത്തൊരുമിച്ചൊരു യാത്ര സ്വപ്‌നം കാണുന്നവരുമൊക്കെ കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ക്കെങ്കിലും ഇത് സ്റ്റാറ്റസ് സിംബലും കൂടിയാണ്. പുതിയ ബ്രാന്‍ഡിലുള്ള ഒരു കാര്‍ വാങ്ങാന്‍ ബജറ്റില്ലാത്തവര്‍ക്ക് ഒരിക്കലെങ്കിലും ഉപയോഗിച്ചു മാറ്റിയ യൂസ്ഡ് കാറുകള്‍ ഏറെ പ്രയോജനപ്പെടും. പേപ്പര്‍ ജോലികളും ബുദ്ധിമുട്ടുകളുമില്ലാതെ യൂസ്ഡ് കാറുകള്‍ എളുപ്പത്തില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്ന സംരംഭമാണ് ട്രൂബില്‍. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രീതികളിലാണ് ഇവയുടെ പ്രവര്‍ത്തനം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിനു പിന്നില്‍ ഏഴംഗ സംഘത്തിന്റെ കരുത്തുറ്റ കൈകളാണ് പിന്തുണയേകുന്നത്.

ട്രൂബില്‍ യാത്രയുടെ തുടക്കം

സൂരജ് കല്‍വാനി, രവി ചിരാനിയ, ശുഭ് ബന്‍സാല്‍ എന്നീ മൂവര്‍ സംഘത്തിലൂടെയാണ് ട്രൂബിലിന്റെ പ്രാരംഭഘട്ട യാത്ര തുടങ്ങുന്നത്. പിന്നീട് ഈ സംഘത്തിലേക്ക് രാകേഷ് രമണ്‍, റിതേഷ് പാണ്ഡെ, ഷാനു വിവേക്, ഹിമാന്‍ഷു സിംഗാല്‍ എന്നിങ്ങനെ മറ്റു നാലു പേര്‍ കൂടി അണി ചേരുകയായിരുന്നു. 2014ല്‍ ആശയത്തിന് തുടക്കമിട്ടെങ്കിലും ട്രൂബില്‍ കമ്പനി നിലവില്‍ വന്നത് 2015ലാണ്. സാധാരണഗതിയില്‍ ഓരോ കാറിന്റെയും ആദ്യവിലയില്‍ നിന്നും 20-30 ശതമാനത്തിന്റെ കുറവുണ്ടാകും അവ രണ്ടാമതൊരു കൈയിലെത്തുമ്പോഴെന്നും സ്ഥാപകര്‍ ചൂണ്ടിക്കാണിക്കുന്നു.

ട്രൂബില്ലിനു പിന്നില്‍ ഏഴംഗ സ്ഥാപക സംഘം അണിചേരാനുള്ള കാരണം ഓട്ടോമൊബൈല്‍ വിഭാഗത്തോടുള്ള ഇവരുടെ താല്‍പ്പര്യമാണ്. മാത്രവുമല്ല, രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ ചെയ്യുന്ന ഓഫീസ് ജോലികളോടുള്ള മടുപ്പും സംരംഭകത്വത്തിലേക്ക് ഇവരെ നയിക്കുകയായിരുന്നു. കൂടുതലാളുകളും യൂസ്ഡ് കാറുകള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ക്ക് വിപണി ഒരുക്കുന്നത് ചെറിയ കാര്യമായിരുന്നില്ലെന്നും സഹസ്ഥാപകനായ ശുഭ് ചൂണ്ടിക്കാണിക്കുന്നു. ”പുതിയ കാര്‍ ആയാലും യൂസ്ഡ് കാര്‍ ആയാലും തങ്ങള്‍ നല്‍കുന്ന തുകയ്ക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്ന സ്ഥാപനങ്ങളിലേക്കു മാത്രമേ ഉപഭോക്താക്കള്‍ നീങ്ങുകയുള്ളൂ. താങ്ങാവുന്ന നിരക്ക്, ഗുണമേന്‍മ എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം. അത് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് നിലനില്‍പ്പ്,”ശുഭ് പറയുന്നു.

കെയ് കാപ്പിറ്റല്‍, കലാരി കാപ്പിറ്റല്‍, ഇന്‍വെന്റസ് കാപ്പിറ്റല്‍, ടെക്‌റ്റോണ്‍ വെഞ്ച്വഴ്‌സ്, ഷണ്‍വൈ തുടങ്ങിയവരില്‍ നിന്നായി ഒമ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി ഇതുവരെ സമാഹരിച്ചിട്ടുണ്ട്. 2022 ഓടെ എട്ടോളം നഗരങ്ങളിലായി പ്രതിമാസം 6000 കാറുകള്‍ വില്‍പ്പന നടത്തി വാര്‍ഷിക വിറ്റുവരവ് 300 മില്യണ്‍ ഡോളറാക്കാനാണ് കമ്പനിയുടെ ഭാവിപദ്ധതി

പ്രവര്‍ത്തനം

ബിസിനസ് വെര്‍ട്ടിക്കല്‍, സ്‌ട്രോംഗ് പ്രൊപ്പറൈറ്ററി ടെക്‌നോളജി എന്നീ രണ്ടു തലങ്ങളിലായാണ് ട്രൂബില്‍ പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം. ഇതില്‍ ബിസിനസ് വെര്‍ട്ടിക്കല്‍ വിഭാഗത്തില്‍ ട്രൂബില്‍ ഡയറക്റ്റ് (ഓഫ്‌ലൈന്‍ ബിസിനസ്), ട്രൂബില്‍ മാര്‍ക്കറ്റ്‌പ്ലേസ്, ട്രൂബില്‍ ഓക്ഷന്‍സ്, ട്രൂബില്‍ ലക്ഷ്വറി എന്നിങ്ങനെ ഉപവിഭാഗങ്ങളുമുണ്ട്. ട്രൂബില്‍ ഡയറക്റ്റില്‍ ഓഫ്‌ലൈന്‍ സ്റ്റോറില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷ വാറന്റിയും, ഒരു വര്‍ഷത്തെ സൗജന്യ സര്‍വീസും ഉള്‍പ്പെടെയുള്ള സേവനത്തോടെ കാറുകള്‍ സ്വന്തമാക്കാം. ട്രൂബില്‍ മാര്‍ക്കറ്റ്‌പ്ലേസ് യൂസ്ഡ് കാറുകള്‍ക്കായുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ്. ഷോറൂമുകളില്‍ നിന്നും കമ്പനി പുതിയ കാര്‍ വിലയ്ക്കു വാങ്ങി ഡീലര്‍മാര്‍ക്ക് കൈമാറ്റം ചെയ്യുന്ന വിഭാഗമാണ് ട്രൂബില്‍ ഓക്ഷന്‍സ്. ആപ്ലിക്കേഷന്‍ വഴിയാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം. ഇതുവഴി ലഭ്യമായ കാറുകളുടെ ലിസ്റ്റ് പരിശോധിച്ച് ഡീലര്‍മാര്‍ക്ക് നേരിട്ട് സൈന്‍-ഇന്‍ ചെയ്ത് കാറുകള്‍ വാങ്ങാനാകും. ബ്രാന്‍ഡഡ് കാറുകളായ ഓഡി, ബിഎംഡബ്ല്യൂ, മെഴ്‌സിഡസ്, ജാഗ്വര്‍ എന്നിവ മാത്രം വില്‍ക്കുന്ന വിഭാഗമാണ് ട്രൂബില്‍ ലക്ഷ്വറി.

വിപണി സാധ്യതകള്‍

ഇന്ത്യയിലെ യൂസ്ഡ് കാറുകളുടെ നിലവിലുള്ള വിപണി മൂല്യം ഏകദേശം 16 ബില്യണ്‍ ഡോളറാണ്. 2022ഓടെ ഇത് 30 ബില്യണ്‍ ഡോളറായി വളരുമെന്നും വിലയിരുത്തപ്പെടുന്നു. മുംബൈയിലും ഡെല്‍ഹിയിലും ബെംഗളൂരുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ട്രൂബില്ലിന് മൂന്ന് ഇടങ്ങളിലുമായി 200 ഓളം തൊഴിലാളികളുണ്ട്. ഈ വര്‍ഷം മേയില്‍ പുറത്തുവിട്ട കണക്കുകളില്‍ കമ്പനിയുടെ വിറ്റുവരവ് 120 കോടി രൂപയാണെന്നും ശുഭ് അഭിപ്രായപ്പെടുന്നു.

യൂസ്ഡ് കാറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് എല്ലാതരത്തിലുമുള്ള സഹായം ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ശരിയായ നിരീക്ഷണ റിപ്പോര്‍ട്ട്, ഡോക്യുമെന്റ് തയാറാക്കല്‍, ഇന്‍ഷുറസ് സൗകര്യങ്ങള്‍ ഒരുക്കുക, വായ്പ ലഭ്യമാക്കുക എന്നിവയ്‌ക്കെല്ലാം ട്രൂബില്ലില്‍ നിന്നുള്ള സഹായം ലഭിക്കും. കാറിന്റെ ഗുണമേന്‍മയും ജിയോഗ്രഫിക്കല്‍ സീസണല്‍ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഇവിടെ കാറുകളുടെ വില നിശ്ചയിക്കുന്നത്.

കെയ് കാപ്പിറ്റല്‍, കലാരി കാപ്പിറ്റല്‍, ഇന്‍വെന്റസ് കാപ്പിറ്റല്‍, ടെക്‌റ്റോണ്‍ വെഞ്ച്വഴ്‌സ്, ഷണ്‍വൈ തുടങ്ങിയവരില്‍ നിന്നായി ഒമ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപം കമ്പനി ഇതുവരെ സമാഹരിച്ചിട്ടുണ്ട്. 2022 ഓടെ എട്ടോളം നഗരങ്ങളിലായി പ്രതിമാസം 6000 കാറുകള്‍ വില്‍പ്പന നടത്തി വാര്‍ഷിക വിറ്റുവരവ് 300 മില്യണ്‍ ഡോളറാക്കാനാണ് കമ്പനിയുടെ ഭാവിപദ്ധതി.

Comments

comments

Categories: FK Special, Slider