ഫുഡ്, ബിവ്‌റേജസ് ബിസിനസുകള്‍ ഏകോപിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു

ഫുഡ്, ബിവ്‌റേജസ് ബിസിനസുകള്‍ ഏകോപിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു

ഡയറി ബിസിനസിലേക്ക് കടക്കുന്നതിനുള്ള നീക്കങ്ങളും നടത്തുന്നു

മുംബൈ: ഫുഡ്, ബിവ്‌റേജസ് ബിസിനസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ കമ്പനി രൂപീകരിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. നിലവില്‍ ടാറ്റ കെമിക്കല്‍ ലിമിറ്റഡിനു കീഴിലുള്ള ഉപ്പ്, ബ്രാന്‍ഡഡ് പയറുവര്‍ഗങ്ങളുടെ ബിസിനസുകള്‍ ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസിന്റെ ഭാഗമാക്കാനാണ് ടാറ്റ ഗ്രൂപ്പ് നോക്കുന്നത്. ടാറ്റ കോഫി ലിമിറ്റഡിനെയും ബിവ്‌റേജസ് കമ്പനിയുമായി ലയിപ്പിക്കുന്നത് ഗ്രൂപ്പ് പരിഗണിക്കുന്നതായാണ് വിവരം.
ഈ ബിസിനസുകള്‍ ഏകോപിപ്പിച്ച് ഒറ്റ കമ്പനി രൂപീകരിക്കുന്നതിനും അതിലൂടെ ഡയറി ബിസിനസിലേക്ക് കടക്കുന്നതിനുമാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡഡ് തേയില വില്‍പ്പനക്കാരിലൊന്നാണ് ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ്. ടെട്‌ലി, ടാറ്റ ടീ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള തേയിലയാണ് കമ്പനി വില്‍പ്പന നടത്തുന്നത്. ഭക്ഷ്യ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേരില്‍ ടാറ്റ ഗ്രൂപ്പ് മാറ്റം വരുത്തിയേക്കും. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ബിസിനസുകളെ ഏകോപിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ബിസിനസ് ലഘൂകരിക്കാനുമുള്ള ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ലയനത്തിനുള്ള വിവിധ സാധ്യതകള്‍ ടാറ്റ ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. ഏതൊക്കെ കമ്പനികളാണ് ഏകോപിപ്പിക്കേണ്ടത് എന്ന കാര്യത്തില്‍ ഗ്രൂപ്പ് ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. 100ല്‍ അധികം സ്വതന്ത്ര കമ്പനികളാണ് ടാറ്റ ഗ്രൂപ്പിനുകീഴിലുള്ളത്.

വ്യോമയാന മേഖലയിലെ എല്ലാ അനുബന്ധ ബിസിനസുകളെയും ലയിപ്പിച്ചുകൊണ്ട് ടാറ്റ എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് എന്ന ഒറ്റ കമ്പനി രൂപീകരിക്കുമെന്ന് ഏപ്രിലില്‍ ടാറ്റ ഗ്രൂപ്പ് പറഞ്ഞിരുന്നു. ബിസിനസ് റിസ്‌ക് കുറയ്ക്കാനാണ് ഫൂഡ്, ബിവ്‌റേജസ് ബിസിനസുകള്‍ ലയിപ്പിക്കുന്നതിലൂടെ ടാറ്റാ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് കെജ്‌രിവാള്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ് സ്ഥാപകന്‍ അരുണ്‍ കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy