കഥ തിരക്കഥ അവതരണം ‘സര്‍പ്രൈസ് മച്ചി’

കഥ തിരക്കഥ അവതരണം ‘സര്‍പ്രൈസ് മച്ചി’

ഒരു സാങ്കല്‍പിക കഥ അഥവാ സിനിമാ ശൈലിയില്‍ വിശേഷ ദിനങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കായി സര്‍പ്രൈസ് ഒരുക്കാന്‍ സഹായിക്കുന്ന സംരംഭമാണ് സര്‍പ്രൈസ് മച്ചി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം യുവതലമുറ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം

ഏതു വിഷയത്തിന്റെയും കാതലായ ഒന്നാണ് അതു നടപ്പിലാക്കുന്നതിനാവശ്യമായ ശരിയായ ആശയം. നടപ്പാക്കുന്നതിലല്ല, ആശയത്തിനാണ് ഇവിടെ കൂടുതല്‍ പ്രധാന്യം. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ജന്മദിനം, വിവാഹം തുടങ്ങി ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ അവരെ അതിശയിപ്പിക്കും വിധത്തിലുള്ള ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ സമ്മാനം നല്‍കുന്നതിലുള്ള ആശയക്കുഴപ്പമോ അഥവാ അവ കണ്ടെത്താനുള്ള ബുദ്ധിമുട്ടോ നമ്മെ പലപ്പോഴും അലട്ടാറുണ്ട്. ഇത്തരത്തില്‍ വേറിട്ട പുത്തന്‍ ആശയങ്ങളിലൂടെ സര്‍പ്രൈസ് സമ്മാനിക്കുന്ന സംരംഭമാണ് സര്‍പ്രൈസ് മച്ചി. രണ്ടു വര്‍ഷം മുമ്പ് തമിഴ്‌നാട് ആസ്ഥാനമായി തുടക്കമിട്ട സംരംഭം ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനും ബഡ്ജറ്റിനും അനുസൃതമായി അവരുടെ പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് സമ്മാനിക്കുന്ന ദൗത്യം ഏറ്റെടുക്കുന്നു. ആശയം വിറ്റ് കാശാക്കുന്നവര്‍ എന്ന വിശേഷണമാകും സര്‍പ്രൈസ് മച്ചിക്ക് ഏറ്റവും നന്നായി യോജിക്കുക.

സര്‍പ്രൈസിനൊപ്പം ചെറു സമ്മാനങ്ങളും

ഭാഗ്യ പ്രഭു, ഷാഹുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട സര്‍പ്രൈസ് മച്ചിയിലൂടെ ആര്‍ക്കും ലളിതമായ രീതികളില്‍ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ പ്ലാന്‍ ചെയ്യാം. ആര്‍ക്കു വേണ്ടിയാണോ സര്‍പ്രൈസ് സമ്മാനങ്ങള്‍ ഒരുക്കുന്നത്, അവരുടെ താല്‍പ്പര്യങ്ങള്‍ കണ്ടറിഞ്ഞുള്ള പദ്ധതികളാണ് സര്‍പ്രൈസ് മച്ചി നടപ്പിലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൃത്യമായ സ്ഥലം നല്‍ക സര്‍പ്രൈസ് നല്‍കേണ്ടവരുടെ താല്‍പര്യങ്ങളും അതിനുവേണ്ടി നിങ്ങള്‍ ചെലവഴിക്കാനാഗ്രഹിക്കുന്ന തുകയും നിര്‍ദേശിക്കണം. ഇനിയുള്ളതെല്ലാം സ്റ്റാര്‍ട്ടപ്പ് നോക്കിക്കോളും. തമിഴ്‌നാട്ടില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ സംബോധന ചെയ്യുന്ന വാക്കാണ് ‘മച്ചി’. മാത്രവുമല്ല, സംരംഭത്തിന്റെ അണിയറക്കാര്‍ ഇരുവരും ചെന്നൈ സ്വദേശികളായതും ഇവിടം തന്നെ സ്റ്റാര്‍ട്ടപ്പിന്റെ ആസ്ഥാനമായി തെരഞ്ഞെടുക്കാന്‍ ഇടയായി.

ചെന്നൈയാണ് ആസ്ഥാനമെങ്കിലും കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലും ഈ സംരംഭത്തിന്റെ സംഘാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബെംഗളൂരില്‍ മാത്രം ഇതിനോടകം 35 മുതല്‍ 40 ഓളം പരിപാടികള്‍ ഇവര്‍ ഏറ്റെടുത്തു നടപ്പാക്കി. മൂന്നു മാസം മുമ്പാണ് ബെംഗളൂരിലേക്ക് ബിസിനസ് മേഖല വ്യാപിപ്പിച്ചത്

കണ്ടും കേട്ടും മടുത്ത പഴഞ്ചന്‍ ആശയങ്ങളല്ല, സര്‍പ്രൈസ് മച്ചി സാധാരണഗതിയില്‍ തയാറാക്കുക. ആര്‍ക്കും ഇഷ്ടമാകുന്ന, എന്നാല്‍ പുത്തന്‍ ട്രെന്‍ഡുകള്‍ കോര്‍ത്തിണക്കിയ ആശയത്തിനാണിവര്‍ പ്രാധാന്യം നല്‍കുന്നത്. സര്‍പ്രൈസ് നല്‍കി അതിശയിപ്പിക്കുന്നതോടൊപ്പം ചെറു സമ്മാനങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്.

ക്രിയേറ്റീവ് ആശയങ്ങള്‍ കൂട്ടിയിണക്കിയ പ്ലാറ്റ്‌ഫോം

പരസ്യ മേഖലയില്‍ ജോലി ചെയ്ത പരിചയ സമ്പത്തുമായാണ് ഭാഗ്യ പ്രഭു ഈ സംരംഭത്തിലേക്ക് കടന്നുവരുന്നത്. സമാന താല്‍പര്യമുള്ള ഷാഹുല്‍ ഹമീദ് എന്ന സുഹൃത്തിനെ കൂടി ഒപ്പം ലഭിച്ചപ്പോള്‍ സര്‍പ്രൈസ് മച്ചിയുടെ പിറവിയിലേക്ക് അതു നയിച്ചു. ദുബായില്‍ ഡാറ്റാ അനലിസ്റ്റായി സേവനമനുഷ്ടിച്ചിരുന്ന ഷാഹുല്‍ ഹമീദ് അവിടുത്തെ ജോലി ഉപേക്ഷിച്ചാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കി സ്റ്റാര്‍ട്ടപ്പിന്റെ പിന്തുണയ്ക്കായി എത്തിയത്. സംരംഭത്തിന്റെ തുടക്കം മുതല്‍ പേഴ്‌സണല്‍ ഉപദേശകനായി ജോലി ചെയ്യുന്ന ഷാഹുല്‍ അഹമ്മദിന്റെ സേവനവും എടുത്തു പറയേണ്ട ഒന്നാണ്. ഭാഗ്യയുടെ വിഷ്വല്‍ കമ്യൂണിക്കേഷന്‍ പശ്ചാത്തലത്തിലുള്ള ക്രിയേറ്റിവിറ്റിയും മറ്റും സൂപ്പര്‍ മച്ചിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നുണ്ട്.

സംരംഭത്തിന്റെ തുടക്കത്തില്‍ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതില്‍ വലിയ തോതില്‍ വെല്ലുവിളികള്‍ അഭിമുഖീകരിച്ചിരുന്നതായി ഭാഗ്യ പറയുന്നു. ” സാവധാനത്തിലെങ്കിലും ആളുകളിലേക്ക് ഈ ആശയം പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. 2016 ജൂലൈയില്‍ സര്‍പ്രൈസ് മച്ചിക്ക് തുടക്കമിടുമ്പോള്‍, മേഖലയില്‍ ഞങ്ങളുടെ എതിരാളികളില്‍ പലരും അവരുടെ സര്‍പ്രൈസ് ആശയങ്ങള്‍ ആവര്‍ത്തിക്കുന്ന നിലയിലായിരുന്നത്, അല്‍പ്പം ഗുണകരമായി. അത് മികച്ച പാഠവുമായിരുന്നു. ഒരേ ആശയം പലരില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ അത് സംരംഭത്തിന്റെ നിലനില്‍പ്പിനു തന്നെ ചോദ്യചിഹ്നമാകും. അതിനൊരു മാറ്റമാണ് ഞങ്ങള്‍ നടപ്പിലാക്കിയത്,” ഭാഗ്യ പറയുന്നു.

യുവതലമുറ കേന്ദ്രീകരിച്ചാണ് സര്‍പ്രൈസ് മച്ചിയുടെ പ്രവര്‍ത്തനം. 15 ലക്ഷം രൂപ നിക്ഷേപത്തില്‍ തുടങ്ങിയ കമ്പനി കൂടുതല്‍ നിക്ഷേപ സമാഹരണത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. നിലവില്‍ ദക്ഷിണേന്ത്യയില്‍ മാത്രമാണ് സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്

മേഖലയില്‍ അത്ര പരിചിതമല്ലാത്ത ആശയങ്ങളും അതു നടപ്പിലാക്കുന്ന രീതിയില്‍ കൈക്കൊണ്ട നടപടികളുമാണ് ജനങ്ങള്‍ക്കിടയില്‍ ഈ സംരംഭം ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാര്‍ക്കറ്റിംഗ് രീതികള്‍ക്ക് തുടക്കം. ഉപഭോക്താവിന്റെ താല്‍പ്പര്യാനുസൃതം ഇഷ്ടഗാനങ്ങള്‍ പാടി കേള്‍പ്പിക്കുന്നതടക്കം, നൃത്തം ഉള്‍പ്പെടെയുള്ളവ ഒരുക്കി ചടങ്ങ് കൊഴുപ്പിക്കാനും സര്‍പ്രൈസ് മച്ചി റെഡി. ഒരു സാങ്കല്‍പിക കഥ അഥവാ സിനിമാ ശൈലിയില്‍ തന്നെ വിശേഷ ദിനങ്ങളില്‍ സര്‍പ്രൈസ് സമ്മാനങ്ങള്‍ ഒരുക്കുകയാണിവര്‍.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്

സര്‍പ്രൈസ് സമ്മാനങ്ങള്‍ മുന്‍കൂട്ടി തയാറാക്കി ലിസ്റ്റ് ചെയ്തിട്ടൊന്നുമല്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍. മറിച്ച് ഉപഭോക്താക്കളുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും താല്‍പ്പര്യങ്ങള്‍ കണ്ടറിഞ്ഞ് ട്രെന്‍ഡി ആശയങ്ങള്‍ മെനഞ്ഞെടുത്താണ് ഇവര്‍ അതിശയിപ്പിക്കാനെത്തുന്നത്. ഉപഭോക്താക്കളെ കൂടുതലായും ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നാണ് സര്‍പ്രൈസ് മച്ചിക്കു ലഭിക്കുന്നത്. ഇവര്‍ ഒരുക്കിയ ആദ്യ സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പത്ത് ലക്ഷത്തോളം പ്രേക്ഷകരെ നേടിക്കൊടുത്തിരുന്നു.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി6ഡോട്ട്ഇന്‍, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒയേ ഹാപ്പി എന്നിവരാണ് സമാന മേഖലയിലെ സര്‍പ്രൈസ് മച്ചിയുടെ എതിരാളികള്‍.

ചെന്നൈയാണ് ആസ്ഥാനമെങ്കിലും കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലും ഈ സംരംഭത്തിന്റെ സംഘാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ബെംഗളൂരില്‍ മാത്രം ഇതിനോടകം 35 മുതല്‍ 40 ഓളം പരിപാടികള്‍ ഇവര്‍ ഏറ്റെടുത്തു നടപ്പാക്കി. മൂന്നു മാസം മുമ്പാണ് ബെംഗളൂരിലേക്ക് ബിസിനസ് മേഖല വ്യാപിപ്പിച്ചത്. ” പ്രതിമാസം 32 മുതല്‍ 35 വരെ പരിപാടികള്‍ സ്ഥിരമായി ലഭിക്കും. 60 ഓളം പരിപാടികള്‍ ഏറ്റെടുത്തു നടത്തിയ മാസങ്ങളുമുണ്ട്, പ്രത്യേകിച്ചും വിവാഹ സീസണിലാകും കൂടുതല്‍ ബുക്കിംഗ് ലഭിക്കുക,” ഭാഗ്യ പറയുന്നു.

ചെന്നൈയില്‍ പതിനാലംഗ സംഘമാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുന്നത്. ഇതില്‍ നാലുപേര്‍ മുഴുവന്‍ സമയം ജോലിക്കാരാകുമ്പോള്‍ ബാക്കിയുള്ളവര്‍ പാര്‍ടൈം അടിസ്ഥാനത്തില്‍ സംരംഭത്തിന് പിന്തുണ നല്‍കുന്നു. കൂടുതലും യുവതലമുറ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. 15 ലക്ഷം രൂപ നിക്ഷേപത്തില്‍ തുടങ്ങിയ കമ്പനി കൂടുതല്‍ നിക്ഷേപ സമാഹരണത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. നിലവില്‍ ദക്ഷിണേന്ത്യയില്‍ മാത്രമാണ് സര്‍പ്രൈസ് മച്ചി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആറു ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ വിറ്റുവരവുള്ള കമ്പനി അടുത്ത വര്‍ഷത്തോടെ തങ്ങളുടെ വിറ്റുവരവ് ഇരട്ടിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വെബ്‌സൈറ്റ് പുനരവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.

Comments

comments

Categories: FK Special, Slider