മൈക്രോസോഫ്റ്റും കേരളത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി

മൈക്രോസോഫ്റ്റും കേരളത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി

ആറ് മാസത്തോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നിസ്സാനുമായി ധാരണാപത്രം ഒപ്പിട്ടത്

തിരുവനന്തപുരം: ജപ്പാനീസ് ബഹുരാഷ്ട്ര വാഹന നിര്‍മാണ കമ്പനിയായ നിസ്സാനു പുറകെ ടെക് മഹിന്ദ്ര, മൈക്രോസോഫ്റ്റ് തുടങ്ങി മറ്റുചില വന്‍കിട ഐടി കമ്പനികള്‍ കൂടി കേരളത്തിലേക്ക് വരുന്നതിന് താല്‍പ്പര്യപ്പെടുന്നതായി സൂചന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ അഗോള ടെക് ഹബ്ബ് സ്ഥാപിക്കാനാണ് നിസ്സാന്‍ ഒരുങ്ങുന്നത്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രചോദനമാണ്. സംസ്ഥാനത്തെ ഐടി മേഖലയുടെ മുഖം മാറുന്നതിന് ഇത് വഴിയൊരുക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇലക്ട്രിക് വാഹനങ്ങളുടെയും സ്വയം നിയന്ത്രിത (ഡ്രൈവര്‍ രഹിത) വാഹനങ്ങളുടെയും ഗവേഷണവും സാങ്കേതിക വികസനവും നടത്തുന്നതിനുള്ള ആഗോള കേന്ദ്രമാണ് നിസ്സാന്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. കമ്പനിയുടെ ആഗോള ഗവേഷണ-സാങ്കേതിക പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്നതിനുള്ള സുപ്രധാന കേന്ദ്രമായി കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബ് മാറുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മറ്റ് മുന്‍ നിര ഐടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ബിസിനസ് ചെയ്യുന്നതിന് അനുയോജ്യമല്ലെന്ന കുപ്രസിദ്ധി മാറാനും നിസ്സാന്റെ ടെക് ഹബ്ബ് കാരണമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം ആറ് മാസത്തോളം നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ നിസ്സാനുമായി ധാരണാപത്രം ഒപ്പിട്ടത്. ടെക് ഹബ്ബ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് നിസ്സാന്‍ ശ്രമിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെടുകയായിരുന്നുവെന്നും സംസ്ഥാനത്തിന്റെ സാധ്യതകളെ കുറിച്ച് കമ്പനിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ബിസിനസ് ചെയ്യാന്‍ ഇങ്ങോട്ടേക്ക് വരികയാണെങ്കില്‍ അത് കമ്പനിയുടെ വേഗത്തിലുള്ള മുന്നേറ്റത്തിന് സഹായിക്കുമെന്നും ആരും ഇവിടെ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടില്ലെന്നും നിസ്സാന്‍ അധികൃതരോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

‘വന്‍കിട നിക്ഷേപകര്‍ക്കിടയില്‍ കേരളത്തെ സംബന്ധിച്ച് വലിയ ആശങ്കകളില്ല. എന്നാല്‍, ചെറിയ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുമുണ്ട്. അടിസ്ഥാനപരമായി കേരളം നിക്ഷേപം നടത്താന്‍ അനുയോജ്യമായ ഇടമല്ലെന്നും സര്‍ക്കാരുകള്‍ ബിസിനസ് സൗഹൃദപരമായ സമീപനമല്ല പ്രകടിപ്പിക്കുന്നതെന്നുമുള്ള ഒരു ധാരണയുണ്ടായിരുന്നു. ഈ കാഴ്ചപാട് മാറ്റിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സാമൂഹികവും ഭൗതികവുമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഇത് കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനും ബിസിനസുകാരെ നിരുത്സാഹപ്പെടുത്തിയിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കും,’ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

നോക്കുകൂലി, തങ്ങളുടെ തൊഴിലാളികളെ നിയമിക്കാന്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടല്‍ തുടങ്ങിയ പ്രവണതകളെ ഏറക്കുറേ ഇല്ലാതാക്കാനായിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായും ചര്‍ച്ച നടത്തി അവരുടെ സഹകരണത്തോടെയാണ് അത് സാധ്യമായത്. വന്‍കിട പദ്ധതികള്‍ പ്രതിവാരാടിസ്ഥാനത്തില്‍ താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയും പാര്‍വതി പുത്തനാറിലെ ജലപാതാ വികസനവും ഈ വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങാനാകും.

Comments

comments

Categories: Slider, Top Stories