ഐഡിബിഐ-എല്‍ഐസി ഇടപാട്: ആക്ഷേപങ്ങള്‍ ശക്തമാകുന്നു

ഐഡിബിഐ-എല്‍ഐസി ഇടപാട്: ആക്ഷേപങ്ങള്‍ ശക്തമാകുന്നു

ബാങ്കിന്റെ സ്വകാര്യവല്‍ക്കരണത്തിലേക്ക് ഇത് നയിക്കുമെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കുന്നു

മുംബൈ: ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ ശക്തമാകുന്നു. ഐഡിബിഐ ബാങ്കിന്റെ നിഷ്‌ക്രിയാസ്തികള്‍ എല്‍ഐസിയുടെ നിഷ്‌ക്രിയ നിക്ഷേപമാകുമെന്ന് ആരോപിച്ച് തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി. ബാങ്കിന്റെ സ്വകാര്യവല്‍ക്കരണത്തിലേക്ക് ഇത് നയിക്കുമെന്നും പരിണിത ഫലമായി തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. എച്ച്ഡിഎഫ്‌സിയുമായുള്ള ഇടപാടിന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ (ഐആര്‍ഡിഎ) അനുമതി ലഭിക്കാന്‍ ഏഴ് മാസത്തോളം കാലതാമസം നേരിട്ടതും, അതേസമയം ഐഡിബിഐ ബാങ്കിന് പെട്ടന്നു തന്നെ അനുമതി നല്‍കിയതും ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

ഐഡിബിഐ ബാങ്കിലെ എല്‍ഐസി നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിനും കത്തയച്ചു. ഓഹരി വാങ്ങുന്നതുകൊണ്ട് എല്‍ഐസിക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് വാദിച്ചുകൊണ്ടാണ് കത്ത്. ബാങ്കിന്റെ നിഷ്‌ക്രിയാസ്തിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോളിസിയുടമകളുടെ പണമാണ് ഉപയോഗിക്കുന്നതെന്നും ഐഡിബിഐ ബാങ്കിന്റെ റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ ഉപയോഗിക്കാന്‍ എല്‍ഐസിക്ക് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഓഹരി വാങ്ങലിനെ തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ഓള്‍ ഇന്ത്യ എല്‍ഐസി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ വ്യക്തമാക്കി.

ഓഹരി വാങ്ങുന്നതുകൊണ്ട് എല്‍ഐസിക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയിലെ തൊഴിലാളി യൂണിയനുകള്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

ഐഡിബിഐ ബാങ്കിലെ എല്‍ഐസിയുടെ ഓഹരികള്‍ നിലവിലെ 10.8 ശതമാനത്തില്‍ നിന്ന് 51 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐആര്‍ഡിഎ അനുമതി നല്‍കിയത്. രണ്ട് മാസത്തില്‍ താഴെയാണ് അനുമതി ലഭിക്കാന്‍ എടുത്ത സമയമെന്നത് ശ്രദ്ധേയമാണ്. എല്‍ഐസി ആക്റ്റ് ഭേദഗതി ചെയ്യണമെന്നതിനാല്‍ തന്നെ ഐഡിബിഐ-എല്‍ഐസി കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. അതേസമയം 24,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിനായി 2017 ഡിസംബറില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആരംഭിച്ച നടപടിക്രമങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഏഴ് മാസമെടുത്തു. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) അംഗീകാരം വേണമെന്നതിനാലാണ് ഇത് വൈകിയത്. ആറു മാസങ്ങള്‍ക്ക് ശേഷം ജൂണിലാണ് അധിക മൂലധനം സമാഹരിക്കാന്‍ ബാങ്കിന് എഫ്‌ഐപിബിയുടെ അംഗീകാരം ലഭിച്ചത്. ഇടപാട് പൂര്‍ത്തിയാകാന്‍ ഇനി നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ അനുമതി കൂടി വേണം. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നതിനാലാണ് എല്‍ഐസി-ഐഡിബിഐ കരാറിന് വേഗത്തില്‍ അനുമതി ലഭിച്ചതെന്ന് ഡാല്‍റ്റണ്‍ കാപ്പിറ്റല്‍ അഡൈ്വസേഴ്‌സ് ഡയറക്റ്റര്‍ യു ആര്‍ ഭട്ട് പറഞ്ഞു. പൊതു താല്‍പ്പര്യമുള്ള കരാറാണെന്നതിനാല്‍ സര്‍ക്കാരിന് ഇത് വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും വിഷയത്തിനെതിരെ ആര്‍ജ്ജിക്കാന്‍ ഇന്‍ഷുറന്‍സ്, ബാങ്കിംഗ് യൂണിയനുകള്‍ ശ്രമിക്കുന്നുണ്ട്. ജൂണ്‍ 14 ന് ധര്‍ണ അടക്കമുള്ള പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പരോക്ഷമായ സ്വകാര്യവല്‍ക്കരണമാണ് നടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഐഡിബിഐ ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിതല്‍ കൊതേശ്വര റാവു ആരോപിച്ചു. ” ഇപ്പോള്‍ എല്‍ഐസി മൂലധനം നിക്ഷേപിക്കും. പിന്നീട് ഈ ഓഹരികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കും. ഇതിനിടയില്‍ ബാങ്കിന്റെ വലിയ കിട്ടാക്കടങ്ങള്‍ കാരണം എല്‍ഐസിക്ക് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതില്‍നിന്ന് ഒരു ഫലവും എല്‍ഐസിക്ക് ലഭിക്കാതെയുമിരിക്കാം,” അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ നിഷ്‌ക്രിയാസ്തി 27.95 എന്ന മോശം നിലയിലെത്തിയിരുന്നു. മാര്‍ച്ച് പാദത്തില്‍ 5,662.76 കോടി രൂപയുടെ അറ്റ നഷ്ടവും ബാങ്ക് രേഖപ്പെടുത്തി.

Comments

comments

Categories: Business & Economy