പറക്കും ബൈക്ക് ഡിസൈനുകളുമായി ബോയിംഗ്

പറക്കും ബൈക്ക് ഡിസൈനുകളുമായി ബോയിംഗ്

പറക്കാന്‍ കഴിയുന്ന വ്യക്തിഗത വാഹനങ്ങള്‍ എന്ന ലക്ഷ്യത്തോടെ ഗോഫ്‌ളൈ പ്രൈസ് കോംപിറ്റീഷന്‍ ആരംഭിച്ചു

ഷിക്കാഗോ : പറക്കും കാറുകള്‍ക്കുപിന്നാലെ പറക്കും ബൈക്കുകള്‍ വരുമോ ? വ്യക്തിഗത പറക്കും വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് അമേരിക്കന്‍ കമ്പനിയായ ബോയിംഗ്. ഇതിനായി ബോയിംഗ് ആരംഭിച്ച ഗോഫ്‌ളൈ പ്രൈസ് കോംപിറ്റീഷനില്‍ വിസ്മയം ജനിപ്പിക്കുന്ന ഡിസൈനുകളാണ് പിറവിയെടുത്തത്. ജനങ്ങളുടെ വ്യക്തിഗത പറക്കലുകള്‍ക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് രണ്ട് ദശലക്ഷം യുഎസ് ഡോളറിന്റെ മത്സരമാണ് ബോയിംഗ് സംഘടിപ്പിച്ചിരിക്കുന്നത്.

ആകാശത്തിലൂടെയുള്ള മനുഷ്യന്റെ സഞ്ചാരത്തിന് പത്ത് പ്രാഥമിക രേഖാരൂപങ്ങളാണ് ലഭിച്ചത്. ഭീമന്‍ മുട്ടയുടെ രൂപത്തിലുള്ള ഡിസൈന്‍, ‘ട്രാന്‍സ്‌ഫോമേഴ്‌സ്’ ഡിസൈന്‍ എന്നിവ മത്സരത്തിന്റെ ഒന്നാം ഘട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട ഫ്‌ളൈയിംഗ് ബൈക്ക് രൂപകല്‍പ്പനകളില്‍ ചിലതാണ്. ഇവയില്‍ എത്രയെണ്ണം പ്രായോഗികമാണെന്ന് ഈയവസരത്തില്‍ പറയാന്‍ കഴിയില്ലെന്ന് ബോയിംഗ് വ്യക്തമാക്കി. പറക്കും ടാക്‌സികളല്ല, ജനങ്ങള്‍ തന്നെ പറക്കട്ടെ എന്നാണ് ഗോഫ്‌ളൈയുടെ നിലപാട്.

റീഫ്യൂവല്‍ അഥവാ റീചാര്‍ജ് ചെയ്യാതെ ഒരാള്‍ക്ക് മുപ്പതിലധികം കിലോമീറ്റര്‍ പറക്കാന്‍ കഴിയണമെന്നാണ് ബോയിംഗ് ഉദ്ദേശിക്കുന്നത്. നേരേ മുകളിലേക്ക് ടേക്ക് ഓഫ് ചെയ്യാനും അതേപോലെ നേരേ താഴേക്ക് ലാന്‍ഡിംഗ് നടത്താനും (വെര്‍ട്ടിക്കല്‍) കഴിയുന്നവയായിരിക്കും വാഹനങ്ങള്‍. ജനങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്ന ‘ഡിവൈസ്’ സൃഷ്ടിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഗോഫ്‌ളൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്വെന്‍ ലൈറ്റര്‍ പറഞ്ഞു.

ജെറ്റ്പാക്കുകള്‍ക്കും മോട്ടോര്‍ബൈക്കുകള്‍ക്കുമിടയില്‍ സാമ്യം തോന്നുന്നവയാണ് സമര്‍പ്പിക്കപ്പെട്ട ഡിസൈനുകള്‍. ടീം ലീപ് എന്ന യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പാണ് മത്സരത്തില്‍ പങ്കെടുത്ത ടീമുകളിലൊന്ന്. ബോയിംഗ്, എയര്‍ബസ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന ചില എന്‍ജിനീയര്‍മാര്‍ ഇപ്പോള്‍ ഈ സ്റ്റാര്‍ട്ടപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വലിയ റോട്ടോറുകള്‍ ഘടിപ്പിച്ച ഫ്യൂച്ചറിസ്റ്റിക് മോട്ടോര്‍ബൈക്ക് ഡിസൈനാണ് വാന്റേജ് എന്ന പേരില്‍ ടീം ലീപ് സമര്‍പ്പിച്ചത്.

എസ്1 ഡിസൈന്‍ സൃഷ്ടിച്ചിരിക്കുന്നത് സില്‍വര്‍വിംഗ് എന്ന ഡച്ച് ടീമാണ്. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് നടത്തി 90 ഡിഗ്രി നിവര്‍ന്ന് തിരശ്ചീനമായി പറക്കാന്‍ കഴിയുന്ന വാഹനത്തിന്റെ ഡിസൈനാണ് തങ്ങളുടേതെന്ന് സില്‍വര്‍വിംഗ് ടീം പറഞ്ഞു. ജപ്പാനില്‍നിന്നുള്ള ടീം ടെട്ര മോട്ടോര്‍സൈക്കിളിന് സമാനമായ രൂപകല്‍പ്പനയാണ് നടത്തിയത്. ഇരട്ട റോട്ടോറുകള്‍ പറക്കാന്‍ സഹായിക്കും.

ഒന്നാം ഘട്ട മത്സരത്തിന് 600 ലധികം എന്‍ട്രികള്‍ ലഭിച്ചിരുന്നു. 97 വിധികര്‍ത്താക്കള്‍ ഉള്‍പ്പെട്ട പാനലാണ് മികച്ച പത്ത് ഡിസൈനുകള്‍ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ ടീമിനും ഇരുപതിനായിരം യുഎസ് ഡോളര്‍ സമ്മാനിച്ചു. എയ്‌റോസ്‌പേസ് ഇന്നൊവേഷനിലൂടെ ലോകത്തെ മാറ്റിമറിക്കാമെന്ന ബോയിംഗിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനാണ് ഗോഫ്‌ളൈ പ്രൈസ് കോംപിറ്റീഷന്‍ ആരംഭിച്ചതെന്ന് ഗ്വെന്‍ ലൈറ്റര്‍ പറഞ്ഞു.

ഈ ഡിസൈനുകളുടെ അടിസ്ഥാനത്തില്‍ ഫ്‌ളൈറ്റുകള്‍ നിര്‍മ്മിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കുമെന്ന് തീര്‍ച്ചയില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും പ്രചോദനമാകാന്‍ ഇത്തരം മത്സരങ്ങള്‍ക്ക് കഴിയും. യുവാക്കളിലെ പ്രതിഭ തിരിച്ചറിയാനും എന്‍ജിനീയര്‍മാരെ നിയമിക്കാനും ബോയിംഗിന് ഇതൊരു അവസരമായിരിക്കും.

97 വിധികര്‍ത്താക്കള്‍ ഉള്‍പ്പെട്ട പാനലാണ് മികച്ച പത്ത് ഡിസൈനുകള്‍ തെരഞ്ഞെടുത്തത്

തെരഞ്ഞെടുത്ത പത്ത് ടീമുകളെ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട മത്സരം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടത്തും. ഡിസൈനുകള്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വാഹനത്തിന്റെ ആദ്യ മാതൃക രണ്ടാം ഘട്ടത്തില്‍ പരിശോധിക്കും. 50,000 യുഎസ് ഡോളറായിരിക്കും സമ്മാനത്തുക. മത്സരത്തിന്റെ അവസാനഘട്ടത്തില്‍, ഇവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഏക ടീം തങ്ങളുടെ വാഹനം പറപ്പിക്കേണ്ടതായി വരും. അടുത്ത വര്‍ഷം അവസാനമായിരിക്കും ഇത്. ഒരു മില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കും.

Comments

comments

Categories: Auto