സമ്പദ് വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തുന്നു

സമ്പദ് വ്യവസ്ഥ ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തുന്നു

താല്‍ക്കാലികമായി പിന്‍വാങ്ങിയ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, ചൈനയടക്കം ലോകത്തെ പ്രമുഖ രാജ്യങ്ങളുടെ വളര്‍ച്ചയെ കടത്തി വെട്ടി കുതിക്കുന്ന കാഴ്ചയാണ് ഏതാനും പാദങ്ങളിലായി കാണുന്നത്. ലോകബാങ്ക് മുതല്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ വരെ സകാരാത്മകമായ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. എന്നാല്‍ ആഗോള തലത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ നമ്മുടെ വിപണിയെ എപ്രകാരം ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിക്ഷേപ നീക്കങ്ങള്‍ കരുതലോടെ വേണം. 

2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ വ്യതിയാനമുണ്ടായി. നോട്ട് നിരോധനവും ജിഎസ്ടിയും നല്‍കിയ ഇരട്ട ആഘാതം വളര്‍ച്ചാ നിരക്കിനെ ബാധിക്കുക തന്നെ ചെയ്തു. 2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നു. എന്നാല്‍, ധനകാര്യ രംഗം സാമ്പത്തിക മാന്ദ്യത്തിലേക്കു പതിച്ചതായി വിമര്‍ശിച്ചവരുടെ നിഗമനങ്ങള്‍ തെറ്റിച്ചുകൊണ്ട്   രണ്ട്, മൂന്ന് പാദങ്ങളില്‍ യഥാക്രമം 6.3 ശതമാനം, 7.2 ശതമാനം എന്നിങ്ങനെ വളര്‍ച്ചാ നിരക്ക് ശക്തമായി തിരിച്ചു വരികയാണുണ്ടായത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമാകാനാണിട. ധന കമ്മിയും കറണ്ട് അക്കൗണ്ട് കമ്മിയും വിലക്കയറ്റ നിരക്കും നിയന്ത്രണാധീനമായതു കൊണ്ട് വിനിമയ നിരക്കില്‍ സ്ഥിരത കൈവരിക്കാനും സമ്പദ് വ്യവസ്ഥയില്‍ ദൃഢത നില നിര്‍ത്താനും കഴിഞ്ഞു. എന്നാല്‍ ഈയിടെ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ വര്‍ധന ഈ സ്ഥിതിയെ അപകടപ്പെടുത്തുതാണ്. 2018 ല്‍ മുന്നോട്ടു പോകുമ്പോള്‍ എങ്ങനെയായിരിക്കും സമ്പദ് വ്യവസ്ഥയുടെ പ്രകടനം? സാമ്പത്തിക രംഗം തിരിച്ചു വരികയാണെതിന്റെ വ്യക്തമായ സൂചന കാണുന്നുണ്ട്. 2018 ല്‍ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന വലിയ സമ്പദ്ഘടന ആയി തിരിച്ചെത്തുമെന്ന കാര്യത്തില്‍ ആഗോള സമവായമുണ്ട്. അന്താരാഷ്ട്ര നാണ്യ നിധിയുടെ (IMF) കണക്കുകളും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.

ഐഎംഎഫിന്റെ കണക്കുകളനുസരിച്ച് 2008-09 ലെ വന്‍ മാന്ദ്യത്തിനു ശേഷം ആഗോള സാമ്പത്തിക വളര്‍ച്ച ഏറ്റവും മുന്നോട്ടു പോയത് 3.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ 2017 ലാണ്. ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഗോള വളര്‍ച്ച 3.9 ശതമാനം ആയിരിക്കുമെന്നാണ്  ഐഎംഎഫിന്റെ പ്രവചനം. പട്ടികയില്‍ കാണുന്നതുപോലെ വലിയ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കു കൈവരിക്കുന്ന രാജ്യം ഇന്ത്യയായിരിക്കും.  ആഗോളമായി വളര്‍ച്ച വീണ്ടെടുക്കുന്നതിന് അനുകൂലമായ അന്തരീക്ഷം നില നില്‍ക്കുകയാണ്. 2.7 ശതമാനം വളര്‍ച്ചാ നിരക്കുമായി യുഎസ് മുന്നോട്ടു കുതിക്കുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണ് യുഎസില്‍ നിലനില്‍ക്കുന്നത്; 3.9 ശതമാനം. നാണയപ്പെരുപ്പം രണ്ട് ശതമാനത്തില്‍ നിയന്ത്രണ വിധേയമായി നില കൊള്ളുന്നു. യൂറോപ്പ് സ്ഥിരത കൈവരിക്കുകയും ചൈന സാവധാനം വളര്‍ച്ചയുടെ വേഗത കുറക്കുകയും ചെയ്യുന്നു. അന്തര്‍ദേശീയ വ്യാപാരം കരുത്താര്‍ജ്ജിച്ചത് ആഗോള വളര്‍ച്ച വീണ്ടെടുക്കാന്‍ കൂടുതല്‍ സഹായകമായി.

ഇന്ത്യയില്‍ ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 2018 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ താഴ്ന്ന നിലയായ 5.7 ല്‍ നിന്ന് രണ്ടാം പാദമെത്തിയപ്പോഴേക്കും 6.3 ശതമാനമായി ഉയര്‍ന്നു. 2017 നവംബര്‍ മുതല്‍ വ്യവസായ വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിനു മുകളിലായിരുന്നു. ഏപ്രില്‍ മാസം ഇത് അല്‍പം കുറഞ്ഞ് 5 ശതമാനമായിട്ടുണ്ട്. വിലക്കയറ്റ നിരക്ക് 4.5 ശതമാനത്തില്‍ നിയന്ത്രണ വിധേയമാണ്. നാലാം പാദത്തിലെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ മികച്ചവയാണ്. നഗര, ഗ്രാമ മേഖലകളില്‍ ഉപഭോഗം ശക്തമായി തിരിച്ചു വരുന്നതിന്റെ സൂചനകളുണ്ട്. ഇതാദ്യമായി ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി പിരിവ് ഒരു ലക്ഷം കോടിയായി ഉയര്‍ന്നു. 6.8 ശതമാനം വളര്‍ച്ചാ നിരക്കോടെ 2018 സാമ്പത്തിക വര്‍ഷം നമുക്ക് അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. 2019 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 7.5 ശതമാനത്തിലേക്കുയരാനുമിടയുണ്ട്. എങ്കിലും ഈ വളര്‍ച്ചാ വീണ്ടെടുപ്പിനെ അപകടപ്പെടുത്തിയേക്കാവുന്ന ചില എതിര്‍ ഘടകങ്ങള്‍ കാണാതിരിക്കാനാവില്ല.

അസംസ്‌കൃത യാഥാര്‍ത്ഥ്യങ്ങള്‍

അസംസ്‌കൃത എണ്ണ വിലയില്‍ ഈയിടെ ഉണ്ടായ വന്‍ വര്‍ധനയാണ് ഉത്കണ്ഠയുണ്ടാക്കുന്ന പ്രധാന ഘടകം. ഏപ്രില്‍ മാസത്തിനു ശേഷം ബാരലിന് 10 ഡോളര്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2018 ല്‍ ക്രൂഡോയില്‍ വില ബാരലിന് ശരാശരി 68 ഡോളര്‍ ആയിരിക്കും എന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അനുമാനം. എന്നാലത് ഇപ്പോള്‍ 75 ഡോളറിലേക്ക് കടന്നിരിക്കുന്നു. ക്രൂഡിന്റെ വിലയില്‍ 10 ഡോളര്‍ വീതം വര്‍ധനയുണ്ടാവുമ്പോഴും ഇന്ത്യയുടെ നാണയപ്പെരുപ്പം 10 ബിപി വര്‍ധിക്കുകയും അഭ്യന്തര ഉല്‍പ്പാദനത്തെ 30 ബിപി പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അങ്ങിനെ വരുമ്പോള്‍ ഈ വില വര്‍ധന നില നില്‍ക്കുന്നത് ആശങ്കക്കിടയാക്കുന്നു. ധന കമ്മിയും വ്യാപാര കമ്മിയും കറണ്ട് എക്കൗണ്ട് കമ്മിയും വര്‍ധിക്കും. ഇരട്ട കമ്മി പ്രശ്‌നം നയരൂപീകരണ വിദഗ്ദ്ധരെ വേട്ടയാടുക തന്നെ ചെയ്യും. റിസര്‍വ് ബാങ്കിന്  കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. 10 വര്‍ഷത്തെ ബോണ്ടിന്റെ പലിശ നിരക്ക്  ഇപ്പോള്‍ തന്നെ 8 ശതമാനത്തോളമായിട്ടുണ്ട്. പലിശ നിരക്കിലെ ഈ വര്‍ധനവ് നിക്ഷേപത്തിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ തീര്‍ത്തും പ്രതികൂലമാണ്.

ചാഞ്ചല്യത്തിന്റെ നാളുകളിലേക്കാണ് നാം കുതിക്കുന്നത്. ആഗോളമായി വിപണിയുടെ മൂല്യ നിര്‍ണയം, കൂടിയ നിലവാരത്തിലാകയാല്‍ ഏതു സമയവും തിരുത്തല്‍ നടപടിയുടെ അപകടം പ്രതീക്ഷിക്കാം. ആഭ്യന്തര രാഷ്ട്രീയ രംഗം മൂടല്‍മഞ്ഞിലകപ്പെട്ടു കൊണ്ടിരിക്കയാണ്.

എണ്ണ വില വര്‍ധനയുടെ അധിക ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാനുമാവില്ല. ക്രൂഡോയില്‍ വില ബാരലിന് 75 ഡോളര്‍ കടന്നാല്‍ തീരുവ കുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം പ്രസ്താവിച്ചതാണ്. അതിനാല്‍ എക്‌സൈസ് നികുതിയിനത്തില്‍ ചെറിയ കുറവിന് സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അതിവേഗം സമീപിക്കുമ്പോള്‍ ഇത് അനിവാര്യമായിത്തീരുന്നു. എക്‌സൈസ് നികുതി കുറയ്ക്കുന്നത് ധന കമ്മി വര്‍ധിപ്പിക്കും എന്നൊരു വിപരീത വശം കൂടിയുണ്ട്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ ജനപ്രീണന സ്വഭാവം പ്രകടിപ്പിക്കുന്നതും സാമ്പത്തിക രംഗത്ത് ആശങ്കയുളവാക്കുന്നു.

പലിശ നിരക്കില്‍ വര്‍ധനയുണ്ടാവും? 

കഴിഞ്ഞ ധന നയ പ്രഖ്യാപന രേഖയില്‍ ആര്‍ബിഐ ചൂണ്ടിക്കാണിച്ചതുപോലെ അത്ര അപകടകരമല്ലാത്ത പണപ്പെരുപ്പ സാഹചര്യം തുടരാനിടയില്ല. ക്രൂഡോയിലിന് ബാരലൊന്നിന് 68 ഡോളര്‍ എന്ന കണക്കു വെച്ചാണ് 2019 സാമ്പത്തിക വര്‍ഷത്തേക്ക് 4.4 ശതമാനം നാണ്യപ്പെരുപ്പം എന്ന കണക്ക് ആര്‍ബിഐ അവതരിപ്പിച്ചത്്. ക്രൂഡിന്റെ വില വര്‍ധനക്കു പുറമേ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിര്‍ദേശിക്കാനിടയുള്ള കുറഞ്ഞ താങ്ങുവിലയിലെ വര്‍ധന, രൂപയുടെ കുറയുന്ന മൂല്യം എന്നിവയെല്ലാം ചേര്‍ന്ന് വിലക്കയറ്റമുണ്ടാക്കാനിടയുണ്ട്. അടുത്ത പണ നയത്തില്‍ ആര്‍ബിഐ തീര്‍ച്ചയായും കടുത്ത നിലപാടിലേക്കു പോകാനാണിട. ഈ വര്‍ഷം തന്നെ രണ്ടു വട്ടം നിരക്കു വര്‍ധനയുണ്ടാകുമെന്ന സൂചനയിലേക്കാണ് ഇപ്പോഴത്തെ പ്രവണതകള്‍ വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ല വാര്‍ത്തയല്ല ഇത്.
കിട്ടാക്കടങ്ങള്‍

സമ്പദ് രംഗം സജീവമാകുമ്പോള്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറും. രാജ്യത്തെ ബാങ്കിംഗ് വ്യവസ്ഥയുടെ 70 ശതമാനവും ഉള്‍ക്കൊള്ളുന്ന പൊതുമേഖലാ ബാങ്കുകള്‍ ഈ സ്ഥിതി നേരിടാന്‍ ഒട്ടും സജ്ജമല്ലാത്ത അവസ്ഥയിലാണ്. കര്‍ശനമായ അന്വേഷണങ്ങളും നിയമ നടപടികളും പൊതുമേഖലാ ബാങ്കിംഗ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും  ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും (NBFC) തീര്‍ച്ചയായും ഇത് ശുഭ വാര്‍ത്ത തന്നെ.

സ്‌മോള്‍, മിഡ് കാപുകളിലെ  തിരുത്തല്‍ 

സ്‌മോള്‍, മിഡ് കാപുകളിലെ തിരുത്തല്‍ കര്‍ശനമായിരുന്നു. സ്‌മോള്‍, മിഡ് കാപുകളുടെ അതിരു കടന്ന മൂല്യ നിര്‍ണയങ്ങള്‍ പലപ്പോഴും സുരക്ഷാ പരിധി മറികടന്നതിനാല്‍ തിരുത്തലുകള്‍ പരിക്കേല്‍പിക്കും വിധം ആയിത്തീര്‍ന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചത്. മ്യൂച്വല്‍ ഫണ്ട് ഘടനാ മാറ്റവും തിരുത്തലിന് ആക്കം കൂട്ടി. 2018 മെയ് മാസം സ്‌മോള്‍ കാപ് ഇന്‍ഡെക്‌സ് 14.06 ശതമാനവും മിഡ് കാപ് ഇന്‍ഡെക്‌സ് 10.61 ശതമാനവും താഴെയായിരുന്നു. ഈ വര്‍ഷം നിഫ്റ്റിയാകട്ടെ 0.61 ശതമാനം മുകളിലും. ചില സ്‌മോള്‍, മിഡ് കാപുകള്‍ നശിപ്പിക്കപ്പെട്ടു. വിപണി തിരുത്തല്‍ പ്രക്രിയ തുടര്‍ന്നാല്‍ വില്‍പനയും വിലയിടിവും ഉള്‍പ്പെടെയുള്ള കെടുതികള്‍ അനുഭവിക്കേണ്ടി വരിക ഈ വിഭാഗം തന്നെയായിരിക്കും. എന്നാല്‍ നിലവാരമുള്ള സ്‌മോള്‍, മിഡ് കാപുകള്‍ വാങ്ങാനുള്ള അവസരം കൂടി ഇതിലൂടെ ലഭിക്കും.

ചാഞ്ചല്യത്തിന്റെ നാളുകളിലേക്കാണ് നാം കുതിക്കുന്നത്. ആഗോളമായി വിപണിയുടെ മൂല്യ നിര്‍ണയം, കൂടിയ നിലവാരത്തിലാകയാല്‍ ഏതു സമയവും തിരുത്തല്‍ നടപടിയുടെ അപകടം പ്രതീക്ഷിക്കാം. അമേരിക്കയിലെ ഓഹരി ലാഭ വര്‍ധനയെ തുടര്‍ന്നുണ്ടാകുന്ന മൂലധന വര്‍ധന വികസ്വര വിപണികളെയാവും അധികവും ബാധിക്കുക. ആഭ്യന്തര രാഷ്ട്രീയ രംഗം മൂടല്‍മഞ്ഞിലകപ്പെട്ടു കൊണ്ടിരിക്കയാണ്. മ്യൂച്വല്‍ ഫണ്ടുകളിലൂടെ, പ്രത്യേകിച്ച് വ്യവസ്ഥിത നിക്ഷേപ പദ്ധതിയിലൂടെ (SIP) നമ്മുടെ വിപണികളിലേക്കുള്ള ധന പ്രവാഹം വന്‍ തോതിലുള്ള തിരിച്ചു വരവിന് കാരണമായിട്ടുണ്ട്. കോര്‍പ്പറേറ്റ് വരുമാനവും കുതിച്ചുയരും. അതിനാല്‍ തീര്‍ച്ചയായും പ്രതീക്ഷക്കു വകയുണ്ട്. പക്ഷേ 2018 ല്‍ നിക്ഷേപകന്റെ നിലപാട് ശ്രദ്ധാപൂര്‍വമായ ശുഭ പ്രതീക്ഷയുടേതും നിക്ഷേപ തന്ത്രം പരമ്പരാഗതവും പ്രതിരോധാത്മകവുമായിരിക്കണം. സാമ്പത്തിക, രാഷ്ട്രീയ ജലധി കാറ്റും കോളും നിറഞ്ഞതാകയാല്‍ നിക്ഷേപകന്റെ നൗക ശ്രദ്ധയോടെ വേണം മുന്നോട്ടു നീങ്ങാന്‍.

ഡോ. വി.കെ വിജയകുമാര്‍

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider