കോണ്ടിനെന്റല്‍ ജിടി 535 വില്‍പ്പന അവസാനിപ്പിക്കുന്നു

കോണ്ടിനെന്റല്‍ ജിടി 535 വില്‍പ്പന അവസാനിപ്പിക്കുന്നു

വിദേശ വിപണികളിലെ വില്‍പ്പനയാണ് റോയല്‍ എന്‍ഫീല്‍ഡ് അവസാനിപ്പിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ നിര്‍ത്തിയിരുന്നു

ചെന്നൈ : റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 535 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന വിദേശ വിപണികളിലും അവസാനിപ്പിക്കുന്നു. എന്നാല്‍ ഇത് ഉടനെയുണ്ടാകില്ല. സിംഗിള്‍ സിലിണ്ടര്‍ കഫേ റേസര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏതാനും മാസത്തെ സാവകാശം നല്‍കിയായിരിക്കും വില്‍പ്പന പൂര്‍ണമായി അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ബൈക്കിന്റെ വില്‍പ്പന നേരത്തെ നിര്‍ത്തിയിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ പാരലല്‍ ട്വിന്‍ കോണ്ടിനെന്റല്‍ ജിടി 650 പുറത്തിറക്കുന്നതോടെ വിദേശ വിപണികളില്‍ 535 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന അവസാനിപ്പിക്കും. ഈ വര്‍ഷം ഒക്‌റ്റോബര്‍, നവംബര്‍ മാസത്തോടെ പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ (ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി) വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2013 ലാണ് കോണ്ടിനെന്റല്‍ ജിടി 535 പുറത്തിറക്കിയത്. യുകെ ആസ്ഥാനമായ ഹാരിസ് പെര്‍ഫോമന്‍സ് രൂപകല്‍പ്പന ചെയ്ത ഫ്രെയിം ഉപയോഗിച്ച ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് കോണ്ടിനെന്റല്‍ ജിടി 535. ഈ കമ്പനി ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമസ്ഥതയിലാണ്.

ആശ്ചര്യപ്പെടുത്തുംവിധം മികച്ച ഹാന്‍ഡ്‌ലിംഗ്, ബ്രേക്കിംഗ് ഡൈനാമിക്‌സ് എന്നിവയാല്‍ റൈഡര്‍മാരില്‍ മതിപ്പ് തോന്നിപ്പിച്ച മോട്ടോര്‍സൈക്കിളാണ് കോണ്ടിനെന്റല്‍ ജിടി. എന്നാല്‍ ഷാസിക്ക് ചേരുന്നവിധം പെര്‍ഫോമന്‍സ് നല്‍കാന്‍ വലിയ സിംഗിള്‍ സിലിണ്ടര്‍ പോര എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന വില കാരണം വില്‍പ്പന കണക്കുകളില്‍ വലിയ നേട്ടം അവകാശപ്പെടാന്‍ റോയല്‍ എന്‍ഫീല്‍ഡിന് കഴിഞ്ഞിരുന്നുമില്ല.

പുതിയ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ (ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി) ഈ വര്‍ഷം വിപണിയിലെത്തും

ഇതിനെല്ലാം പകരമാണ് റോയല്‍ എന്‍ഫീല്‍ഡ് പുതിയ കോണ്ടിനെന്റല്‍ ജിടി 650 കൊണ്ടുവരുന്നത്. 648 സിസി എയര്‍ കൂള്‍ഡ് എന്‍ജിന്‍ നാല് വാല്‍വ് ഹെഡുകളാണ് ഉപയോഗിക്കുന്നത്. 47 എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സമാനശേഷിയുള്ള മറ്റ് ഇരട്ട സിലിണ്ടര്‍ മോട്ടോര്‍സൈക്കിളുകളേക്കാള്‍ 650 ഇരട്ടകള്‍ക്ക് വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto