അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വേണമെന്ന് അരുണ്‍ ജയ്റ്റ്‌ലി

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വേണമെന്ന് അരുണ്‍ ജയ്റ്റ്‌ലി

മുംബൈ: ഉദ്യോഗസ്ഥരെ അനാവശ്യ ആരോപണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തെ ബാങ്കര്‍മാര്‍ക്കെതിരെ അഴിമതി ആരോപണം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജയ്റ്റലിയും പരാമര്‍ശം.

ഉത്തമവിശ്വാസത്തോടെയെടുക്കുന്ന ബിസിനസ് തീരുമാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും അന്വേഷണ ഏജന്‍സികള്‍ തങ്ങളെ തെറ്റായി സമീപിക്കുകയാണെന്ന് ബാങ്കര്‍മാര്‍ പരാതി ഉന്നയിച്ചിരുന്നു ഉദാരവല്‍ക്കരണ കാലഘട്ടത്തിന് മുമ്പുള്ള നിയമം സത്യസന്ധമായി തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ അഴിമതിക്കേസില്‍ എത്തിക്കുകയാണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ നമുക്ക് അവഗണിക്കാനാവില്ല. ക്രമസമാധാനമെന്നത് ഒരു സംസ്ഥാന വിഷയമാണ്. കേന്ദ്ര ഏജന്‍സികളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിനെ അനുവദിച്ചാല്‍ അത് മൊത്തം സംവിധാനത്തെയും അസന്തുലിതമാക്കുമെന്നും അഞ്ചാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ആന്‍ഡ് ഇക്കണോമിക്‌സ് കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കവെ ജയ്റ്റ്‌ലി പറഞ്ഞു.

നിലവില്‍ ജോലിയിലുള്ളവരും വിരമിച്ചവരുമായ നിരവധി പൊതുമേഖലാ ബാങ്ക് എക്‌സിക്യൂട്ടിവുകള്‍ക്കെതിരെ അടുത്തിടെ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. വായ്പ അനുവദിച്ചുവെന്നതിന്റെ പേരില്‍ ബാങ്കര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ത്തുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് വളരെ ഏളുപ്പമുള്ള കാര്യമാണെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും അടുത്തിടെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമ ഭേഗദതിയെക്കുറിച്ച് ധനമന്ത്രി സൂചിപ്പിച്ചത്.

അഴിമതി തടയല്‍ നിയമാണം 1991ന് മുമ്പുള്ള ഒന്നാണെന്നും ഏറ്റവും മോശമായി സൃഷ്ടിക്കപ്പെട്ട ഒന്നാണെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. സ്റ്റാന്‍ഡിഗ് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. സര്‍ക്കാര്‍ സേവനങ്ങളിലെ അഴിമതി നിയന്ത്രിക്കുന്നതിന് നിരവധി മാറ്റങ്ങള്‍ പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫലപ്രദമായ തീരുമാനമെടുക്കണമെങ്കില്‍ കുറ്റകൃത്യം എന്താണെന്നും, ആര് അന്വേഷിക്കണമെന്നും വ്യക്തതയുണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories