ജൂണ്‍ 2018 : മികച്ച വില്‍പ്പന കരസ്ഥമാക്കി ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍

ജൂണ്‍ 2018 : മികച്ച വില്‍പ്പന കരസ്ഥമാക്കി ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍

ഗ്രാമീണ മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും പുതിയ മോഡലുകള്‍ പുറത്തിറക്കിയതും നേട്ടമായി

ന്യൂഡെല്‍ഹി/ ചെന്നൈ : ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം കരസ്ഥമാക്കിയത് മികച്ച വില്‍പ്പന. ഗ്രാമീണ മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും പുതിയ മോഡലുകള്‍ പുറത്തിറക്കിയതുമാണ് നേട്ടമായത്. ഹീറോ മോട്ടോകോര്‍പ്പ് 13 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 7,04,562 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2017 ജൂണ്‍ മാസത്തില്‍ 6,24,185 ഇരുചക്ര വാഹനങ്ങളാണ് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്‍സൂണ്‍ എത്തിയിരിക്കേ, വരും മാസങ്ങളില്‍ ഇതേ വില്‍പ്പന തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 28 ശതമാനം വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി. കയറ്റുമതി ഉള്‍പ്പെടെയാണിത്. കഴിഞ്ഞ മാസം 5,71,020 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റപ്പോള്‍ 2017 ജൂണില്‍ 4,44,528 യൂണിറ്റ് വില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ. 2.4 ലക്ഷത്തിലധികം കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചതായി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 16 ശതമാനം വില്‍പ്പന വളര്‍ച്ചയും ഹോണ്ട രേഖപ്പെടുത്തി. മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ വിഭാഗങ്ങളില്‍ ഉയര്‍ന്ന ഇരട്ടയക്ക വളര്‍ച്ച നേടിയാണ് ആദ്യ പാദ നേട്ടം കൈവരിച്ചത്. ഹോണ്ട ആക്റ്റിവ വലിയ പങ്ക് വഹിച്ചു.

മണ്‍സൂണ്‍ അനുഗ്രഹത്താല്‍ വരും മാസങ്ങളില്‍ ഇതേ വില്‍പ്പന തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹീറോ മോട്ടോകോര്‍പ്പ്

സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 39 ശതമാനം വര്‍ധനയാണ് സ്വന്തമാക്കിയത്. ആഭ്യന്തര വിപണിയില്‍ 46,717 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റു. 2017 ജൂണ്‍ മാസത്തില്‍ 33,573 ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാനാണ് കഴിഞ്ഞിരുന്നത്. ഇരുചക്ര-മൂന്നുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കഴിഞ്ഞ മാസം 15 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 3,13,614 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 2,73,791 വാഹനങ്ങളാണ് വിറ്റിരുന്നത്.

Comments

comments

Categories: Auto