നാല് ചരിത്ര ശേഷിപ്പുകള്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടി

നാല് ചരിത്ര ശേഷിപ്പുകള്‍ ലോക പൈതൃക പട്ടികയില്‍ ഇടം നേടി

മനാമ: ബഹ്‌റിനില്‍ നടക്കുന്ന യുനസ്‌കോ ലോക പൈതൃക സമ്മേളനത്തില്‍ ലോകത്തിന്റെ സാംസ്‌കാരിക ചരിത്ര ശേഷിപ്പുകള്‍ നിറഞ്ഞ നാല് സ്ഥലങ്ങള്‍ പട്ടികള്‍ ഇടംനേടി. കഴിഞ്ഞ ദിവസം ശൈഖ ഹയ ബിന്‍ റാഷിദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

മൊസൊപ്പൊട്ടോമിയന്‍ നാഗരിതകയുടെ ഭാഗമായ തെക്ക് കിഴക്കന്‍ അനറ്റോളിയയിലെ ജര്‍മുസൂസ് പര്‍വ്വതനിരകളില്‍ സാന്റിലി ഹുബ് എന്ന സ്ഥലത്തെ ഗോബക്ലി ടെപെ ഇനി ഈ പട്ടികയില്‍ ഉള്‍പ്പെടും. നവീന ശിലായുഗം തുടങ്ങുന്നതിന് മുമ്പുള്ള ജനത ഇവിടെ താമസിച്ചിരുന്നതിന്റെ തെളിവുകളാണ് ഈ സ്ഥലത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. വിവിധ ആകൃതികളിലുള്ള പാറകളില്‍ രേഖപ്പെടുത്തിയിട്ടുള്ള സന്ദേശങ്ങളും പ്രതിമകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 1963 ലെ ഖനനത്തിലൂടെയാണ് ഇത് കണ്ടെടുത്തത്. സമുദ്രനിരപ്പില്‍ നിന്നും 760 മീറ്റര്‍ ഉയരത്തിലുള്ള ദേശം12 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്നവയാണ്. ബിസി എട്ടിനും പത്തിനു ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ശില്‍പങ്ങളും മറ്റുമാണ് ഇവിടെ നിന്നും കണ്ടെടുത്തത്.

കൊളംബിയയിലെ ഏറ്റവും വലിയ ഉദ്യാനമായ ക്രിബികൊയറ്റെ ദേശീയ പാര്‍ക്കാണ് പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു സ്ഥലം. ഇവിടെ നിന്നും പാറയിടുക്കുകളില്‍ നിന്നും കണ്ടെടുത്ത പുരാതന ഛായാചിത്രങ്ങളില്‍ നിന്നാണ് ആദിമ ജനതയുടെ ജീവിതത്തെക്കുറിച്ച് കണ്ടെത്തലുകള്‍ ലഭിച്ചത്. ഏകദേശം 20000 വര്‍ഷങ്ങള്‍ പഴക്കമുള്ള 75000 ലധികം ചിത്രരചനകളാണ് ഇവിടെ നിന്നും ചരിത്രകാരന്‍മാര്‍ കണ്ടെത്തിയത്. അന്നത്തെ ജീവിത രീതികള്‍ വായിച്ചെടുക്കാന്‍ കഴിയുന്നവയായിരുന്നു അവ. ആരാധനാ ശക്തികള്‍, യുദ്ധങ്ങള്‍, ചടങ്ങുകള്‍, നൃത്തങ്ങള്‍ എന്നിവ ചിത്രങ്ങളിലെ പ്രമേയമായി കണ്ടെത്തി.

കാനഡയില്‍ സ്ഥിതി ചെയ്യുന്ന സാംസ്‌കാരിക പാരമ്പര്യത്തിന്റെ അസാധാരണമായ ഉദാഹരണമായി ലോകം നോക്കി കാണുന്ന പിമാകിഓവിന്‍ അകിയും പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 29040 ചതുരശ്ര കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഇടമാണിത്.

 

 

 

Comments

comments

Categories: FK News, Life, World

Related Articles