ഗ്രൂപ്പ് റൈഡുകള്‍ക്കായി പുതിയ മൊബീല്‍ ആപ്പ്

ഗ്രൂപ്പ് റൈഡുകള്‍ക്കായി പുതിയ മൊബീല്‍ ആപ്പ്

ഗ്രൂപ്പ് റൈഡുകള്‍ നടത്തുമ്പോള്‍ ഇനി നിങ്ങളെ സഹായിക്കാന്‍ ട്രേസര്‍ എന്ന ആപ്പ് ഉണ്ടാകും

ന്യൂഡെല്‍ഹി : ഗ്രൂപ്പ് റൈഡുകള്‍ പലപ്പോഴും കുഴപ്പം പിടിച്ച ഏര്‍പ്പാടായി തോന്നാറുണ്ടോ ? റൈഡര്‍മാരില്‍ ആരെങ്കിലും കൂട്ടത്തില്‍നിന്നുമാറി കാണാതാവുകയോ അപകടങ്ങള്‍ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോള്‍ ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ഗ്രൂപ്പ് റൈഡുകള്‍ നടത്തുമ്പോള്‍ ഇനി നിങ്ങളെ സഹായിക്കാന്‍ ട്രേസര്‍ (traeser) എന്ന മൊബീല്‍ ആപ്പ് ഉണ്ടാകും. മൂന്ന് മോട്ടോര്‍സൈക്ലിസ്റ്റുകളാണ് ആപ്പ് വികസിപ്പിച്ചത്. റൈഡ് പ്ലാന്‍ ചെയ്യാനും സഹ റൈഡര്‍മാരുമായി റൂട്ട് ഷെയര്‍ ചെയ്യാനും യാത്രയിലൂടനീളം ഓരോരുത്തരും എവിടെയെത്തി എന്ന് അറിയാന്‍ കഴിയുന്നതുമാണ് ട്രേസര്‍ എന്ന ആപ്പ്.

റൈഡ് ആസൂത്രണം ചെയ്യുന്ന സമയത്ത് റൂട്ടില്‍ ഇടത്താവളങ്ങള്‍ ചേര്‍ക്കാന്‍ യൂസര്‍ക്ക് കഴിയും. റൂട്ട് നിശ്ചയിച്ചുകഴിഞ്ഞാല്‍ സഹ റൈഡര്‍മാര്‍ക്ക് ഷെയര്‍ ചെയ്യാം. യാത്ര ആരംഭിച്ചുകഴിഞ്ഞാല്‍ ട്രാക്കിംഗ് സ്‌ക്രീനില്‍ സഹ റൈഡര്‍മാരുടെ ലൊക്കേഷന്‍ കാണിക്കുന്ന മാപ്പ് തെളിയും. കാണാമറയത്താണെങ്കിലും നിങ്ങളുടെ കൂട്ടുകാര്‍ എവിടെയാണെന്ന് ഈ സ്‌ക്രീന്‍ കാണിച്ചുതരും. സ്‌ക്രീനിലെ മാപ്പിന്റെ നാല് മൂലകളിലായി നാല് ഐക്കണുകള്‍ നല്‍കിയിട്ടുണ്ട്.

ആദ്യത്തേത് ബ്രേക്ക് ഐക്കണ്‍. യാത്രയ്ക്കിടയില്‍ ചെറിയ വിശ്രമം ആവശ്യമെങ്കില്‍ ഈ ഐക്കണ്‍ വഴി മറ്റുള്ളവരെ അറിയിക്കാം. റിക്വസ്റ്റ് മറ്റെല്ലാ റൈഡര്‍മാരിലും തല്‍ക്ഷണം എത്തും. വാഹനം വഴിയരികിലേക്ക് ഇറക്കിനിര്‍ത്തി അല്‍പ്പനേരം വിശ്രമിക്കാം. എമര്‍ജന്‍സി ഫംഗ്ഷനാണ് രണ്ടാമത്തെ ഐക്കണ്‍. അടിയന്തര സാഹചര്യമുണ്ടായാല്‍ മറ്റ് റൈഡര്‍മാര്‍ക്ക് സന്ദേശമയയ്ക്കും. കൂടാതെ എന്താണ് സാഹചര്യമെന്ന് നിങ്ങളുടെ എമര്‍ജന്‍സി കോണ്‍ടാക്റ്റുകള്‍ക്ക് നോട്ടിഫിക്കേഷന്‍ അയയ്ക്കും.

മൂന്നാമത്തേത് നാവിഗേറ്റ് ഐക്കണ്‍. ഇവിടെ അമര്‍ത്തിയാല്‍ ഗൂഗിള്‍ മാപ്‌സ് തുറക്കുകയും അടുത്ത ഇടത്താവളത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. നാലാമത്തേത് സ്റ്റോപ്പ് ബട്ടണ്‍. യാത്ര അവസാനിപ്പിക്കാം. റൈഡില്‍ പങ്കെടുക്കാതെ ഒബ്‌സര്‍വര്‍മാര്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയും. യാത്ര പോയവര്‍ എവിടെവരെയെത്തി തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് നിരീക്ഷിക്കാം. ഓരോ റൈഡര്‍ക്കും വേണമെങ്കില്‍ പേഴ്‌സണല്‍ ഒബ്‌സര്‍വര്‍ ആരെന്ന് ആപ്പില്‍ ചേര്‍ക്കാം. ആ നിരീക്ഷകന് പ്രസ്തുത റൈഡറുടെ ലൊക്കേഷന്‍ മാത്രമായിരിക്കും അറിയാന്‍ കഴിയുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് സൗജന്യമായി ലഭിക്കും

വാഹനവുമായി ബന്ധപ്പെട്ട രേഖകളും മെഡിക്കല്‍ വിവരങ്ങളും സൂക്ഷിക്കുന്നതിന് ഡിജിറ്റല്‍ സ്‌റ്റോറേജാണ് മറ്റൊരു ഫീച്ചര്‍. ദീര്‍ഘദൂര ഗ്രൂപ്പ് റൈഡുകള്‍ ഉദ്ദേശിച്ചാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ഫോണ്‍ ഓഫാകാതെ ശ്രദ്ധിക്കേണ്ടിവരും. എട്ട് മണിക്കൂര്‍ റൈഡില്‍ 30 ശതമാനത്തില്‍താഴെ മാത്രം ബാറ്ററി ചാര്‍ജായിരിക്കും ആപ്പ് ഉപയോഗിക്കുന്നത്. 2ജി നെറ്റ്‌വര്‍ക്കിലും ട്രാക്കിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് സൗജന്യമായി ലഭിക്കും.

Comments

comments

Categories: Auto