വ്യാപാര യുദ്ധം ഇന്ത്യക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍

വ്യാപാര യുദ്ധം ഇന്ത്യക്ക് മുന്നില്‍ തുറന്നിടുന്ന സാധ്യതകള്‍

പ്രതീക്ഷിച്ചത് പോലെ തന്നെ ചൈന-അമേരിക്ക വ്യാപാര സംഘര്‍ഷം ഏതാനും മാസങ്ങള്‍ കൊണ്ട് ലോകമെങ്ങും വ്യാപിക്കുകയാണ്. അമേരിക്കയുമായി തന്ത്രപരമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജപ്പാനെയും ഇന്ത്യയെയുമടക്കം ഇത് ബാധിച്ചിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നീരസം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര യുദ്ധം ഇന്ത്യയെ സംബന്ധിച്ച് സാധ്യതകളുടെ ചില വാതായനങ്ങള്‍ തുറന്നിടുന്നതായി ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയും ചൈനയും തമ്മിലാരംഭിച്ച വ്യാപാര യുദ്ധം ഒരു ലോക വ്യാപാര യുദ്ധമായി പരിണമിച്ചിരിക്കുകയാണ്. മാര്‍ച്ച് മാസത്തില്‍ ചൈനയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം വര്‍ധിച്ച ഇറക്കുമതി ചുങ്കം ചുമത്തിയതിനെ തുടര്‍ന്നാണ് വ്യാപാരയുദ്ധത്തിന്റെ ഈ എഡിഷന്‍ പൊട്ടിപ്പുറപ്പെട്ടത്. ലോക വ്യാപാരം കൂടുതല്‍ സുഗമവും സംതുലിതവും സുതാര്യവുമാക്കുന്നതിനായി ഗാട്ടിന്റെ സ്ഥാനത്ത് 1995 ജനുവരി മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ലോക വ്യാപാര സംഘനടയെ (ഡബ്ല്യുടിഒ) നോക്കുകുത്തിയാക്കി കൊണ്ടാണ് ഉല്‍പ്പാദക ഭീമന്‍മാരായ അമേരിക്കയും ചൈനയും വ്യാപാര രംഗത്ത് കൂടുതല്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവ കൂട്ടിയും കയറ്റുമതി ആനുകൂല്യങ്ങള്‍ അനിയന്ത്രിതമായി നല്‍കിയും ലോക വ്യാപാരത്തിന്റെ കളിനിയമങ്ങള്‍ ലംഘിക്കുന്നതില്‍ അമേരിക്കയും ചൈനയും അസാമാന്യമായ വഴക്കമാണ് കാണിച്ച് വരുന്നത്.

അലുമിനിയത്തിനും സ്റ്റീലിനും യഥാക്രമം 10 ഉം 25 ഉം ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാണ് അമേരിക്ക വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയില്‍ നിന്നുള്ള 659 ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനം വര്‍ധിപ്പിച്ചാണ് ചൈന തിരിച്ചടിച്ചത്. ഇത്രയും ഉല്‍പ്പന്നങ്ങള്‍ ഇനി ചൈനയില്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ അമേരിക്കയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യത വരും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ചാണ് വ്യാപാര യുദ്ധത്തില്‍ മുന്നേറുന്നത്. ഉരുളക്കുപ്പേരി പോലെയാണ് രണ്ട് രാജ്യങ്ങളുടെയും നീക്കങ്ങളും. വ്യാപാരയുദ്ധം സാമ്പത്തിക യുദ്ധത്തിനും അത് വഴി ഭൗമ രാഷ്ട്രീയ യുദ്ധത്തിനും കാരണമായേക്കാം. ട്രംപിനെ സംബന്ധിച്ചിടത്തോളം ചൈനാ വിരുദ്ധ വികാരം ആളിക്കത്തിച്ച് ആഭ്യന്തര രാഷ്ട്രീയത്തില്‍ കയ്യടി വാങ്ങുകയാണ് ഒരേയൊരു ലക്ഷ്യം; ഏതൊരു മാര്‍ഗത്തിലൂടെയും.

ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന ട്രംപിനെ പാഠം പഠിപ്പിക്കാന്‍ കാനഡ, മെക്‌സിക്കോ, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാല്‍ ട്രംപ് തീരുമാനം കടുപ്പിക്കുകയാണ് ഉണ്ടായത്. അമേരിക്കയില്‍ നിന്നുള്ള 29 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാന്‍ ഒടുവില്‍ ഇന്ത്യയും തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ കേവലം 24 കോടി ഡോളറിന്റെ അധിക ബാധ്യതയേ അമേരിക്കയ്ക്ക് ഉണ്ടാകുന്നുള്ളു. എന്നാല്‍ ചൈന എന്ന വലിയൊരു കമ്പോളം അയല്‍വക്കത്ത് തുറന്ന് കിട്ടി എന്നതാണ് ഇന്ത്യക്കുണ്ടായ മെച്ചം. സ്വതന്ത്ര വ്യാപാര ഉടമ്പടികളില്‍ അന്തര്‍ദേശീയ രംഗത്ത് സജീവമായി നില്‍ക്കുന്ന, ചൈന നേതൃത്വം നല്‍കുന്ന ആര്‍സിഇപിയില്‍ ഇന്ത്യ അംഗമാണ്. വലിയ തടസ്സങ്ങളില്ലാതെയാണ് ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങളായ സോയാബീന്‍, ചോളം തുടങ്ങിയവക്ക് ചൈനീസ് വിപണി ഇപ്പോള്‍ തുറന്ന് കിട്ടിയിരിക്കുന്നത്.

അലുമിനിയത്തിനും സ്റ്റീലിനും യഥാക്രമം 10 ഉം 25 ഉം ശതമാനം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാണ് അമേരിക്ക വ്യാപാര യുദ്ധത്തിന് തുടക്കമിട്ടത്. അമേരിക്കയില്‍ നിന്നുള്ള 659 ഉല്‍പ്പന്നങ്ങളുടെ തീരുവ 25 ശതമാനം വര്‍ധിപ്പിച്ചാണ് ചൈന തിരിച്ചടിച്ചത്. ഇത്രയും ഉല്‍പ്പന്നങ്ങള്‍ ഇനി ചൈനയില്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ അമേരിക്കയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധിക ബാധ്യത വരും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. അമേരിക്കയുടെ മറ്റൊരു ചങ്ങാതിയായ ജപ്പാനും ട്രംപിന്റെ നയങ്ങള്‍ക്കെതിരെ തുറന്ന വ്യാപാര യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. എങ്കിലും ലോക വ്യാപാര സംഘടന എല്ലായ്‌പ്പോഴും അമേരിക്കക്ക് മുമ്പില്‍ മുട്ട് വളയ്ക്കുന്നു എന്ന ആരോപണം പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. ഫലത്തില്‍, വ്യാപാര മേല്‍ക്കോയ്മക്കായി കിഴക്കും പടിഞ്ഞാറും തമ്മിലുള്ള യുദ്ധമായി പരിണമിച്ചിരിക്കുന്നു ചൈന-അമേരിക്ക വാണിജ്യ സംഘര്‍ഷം.

ഒരു രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വ്യവസ്ഥകളനുസരിച്ച് മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് സ്വതന്ത്ര വ്യാപാരം സാധ്യമാവുന്നത്. ആ വ്യാപാര നിയമമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിട്ടുള്ളത്. ജി7 ഉച്ചകോടിയിലും ഇറക്കുമതി ചുങ്കം തന്നെയായിരുന്നു കേന്ദ്ര വിഷയം. ഇറക്കുമതി തീരുവ സംബന്ധിച്ച അഭിപ്രായ ഭിന്നത പരിഗണിക്കാനാവാതെയാണ് ഉച്ചകോടി സമാപിച്ചത്. അംഗരാജ്യങ്ങളായ കാനഡ, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടണ്‍ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലും ട്രംപ് ഒപ്പിട്ടില്ല. ലോകത്തെ ഒരു സാമ്പത്തിക അടിയന്തരാവസ്ഥയുടെ മുന്നിലേക്കെത്തിച്ചിരിക്കുകയാണ് ട്രംപിന്റെ ഭ്രാന്തന്‍ തീരുമാനങ്ങള്‍.

അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലൂടെ ചൈന അന്യായമായി പണം സമ്പാദിക്കുകയാണെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. 20,000 കോടി ഡോളറിന്റെ ചൈനീസ് ഉല്‍പ്പന്നങ്ങളാണ് പ്രതിവര്‍ഷം അമേരിക്കന്‍ വിപണിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്-അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് അമേരിക്ക വര്‍ധിപ്പിച്ചതിന് പകരമായി അവിടെ നിന്നുള്ള 30 ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചാണ് നാം തിരിച്ചടിച്ചത്. 800 സിസി ക്ക് മേല്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍, ആപ്പിള്‍, ബദാം, വാള്‍നട്ട് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് ആഭ്യന്തര വിപണിക്ക് കരുത്തേകുമെന്നാണ് കരുതുന്നത്.

ചുരുക്കത്തില്‍ വ്യാപാരയുദ്ധം ഇന്ത്യന്‍ ആഭ്യന്തര വിപണിക്ക് ഗുണപരവും ആയേക്കാം.

Comments

comments

Categories: FK Special, Slider