ഐആര്‍സിടിസിക്ക് 120 കോടി രൂപ നല്‍കാന്‍ തീരുമാനം

ഐആര്‍സിടിസിക്ക് 120 കോടി രൂപ നല്‍കാന്‍ തീരുമാനം

കമ്പനിയുടെ ലിസ്റ്റിംഗ് ഉടനുണ്ടാകില്ല

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയത് മൂലമുള്ള നഷ്ടം നികത്താന്‍ ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) നടപ്പു സാമ്പത്തിക വര്‍ഷം 120 കോടി രൂപ നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. 2017-18ല്‍ ഈ ഇനത്തില്‍ സഹായമായി 88 കോടി രൂപയാണ് നല്‍കിയിരുന്നത്. ഇ-ടിക്കറ്റിംഗിന് സര്‍വീസ് ചാര്‍ജ് അനുവദിക്കുന്നത് വരെ ഐആര്‍സിടിസിക്ക് ഈ സഹായം നല്‍കാനാണ് തീരുമാനം.

2016 നവംബറില്‍ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഐആര്‍സിടിസി സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയത്. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. 2017 ജൂണ്‍ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു പ്രാഥമിക തീരുമാനം. തുടര്‍ന്ന് ഈ സമയപരിധി നിരവധി തവണ നീട്ടുകയായിരുന്നു. ഐആര്‍സിടിസി സൈറ്റ് വഴി ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് നിലവില്‍ സര്‍വീസ് ചാര്‍ജില്ല.
ഓരോ എസി ക്ലാസ് ഇ ടിക്കറ്റിനും 40 രൂപ വീതവും സ്ലീപ്പര്‍ ക്ലാസ് ഇ ടിക്കറ്റിന് 20 രൂപ വീതവുമാണ് സര്‍വീസ് ചാര്‍ജായി ഐആര്‍സിടിസി ഈടാക്കിയിരുന്നത്. ഐ ടിക്കറ്റ് ബുക്കിംഗിന് സ്ലീപ്പര്‍ കാസിന് 80 രൂപയും മറ്റെല്ലാ ക്ലാസുകളിലും 120 രൂപയുമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കിയിരുന്നത്.

സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ പിവലിച്ചതിന്റെ ഭാഗമായി ആ വര്‍ഷം കമ്പനിയുടെ വിറ്റുവരവില്‍ 220 കോടിയോളം രൂപ നഷ്ടം വന്നുവെന്നാണ് 2016-17ലെ ഐആര്‍സിടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-17ല്‍ ഇ ടിക്കറ്റ് ബുക്കിംഗില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 466 കോടി രൂപയായിരുന്നു. 2015-16ല്‍ 632 കോടി രൂപ നേടിയ സ്ഥാനത്താണിത്.

പ്രവര്‍ത്തന ചെലവുകള്‍ക്കായി 150 കോടി രൂപയാണ് ഐആര്‍സിടിസി ആവശ്യപ്പെട്ടതെങ്കിലും 120 കോടി രൂപ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രവര്‍ത്തന ചെലവ് വര്‍ധിക്കുന്നതിന് അനുസരിച്ച് പണം ഉയര്‍ത്തിയേക്കും. സര്‍വീസ് ചാര്‍ജ് പ്രശ്‌നം കമ്പനിയുടെ ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെയും ബാധിച്ചിരുന്നു. ഐആര്‍സിടിസിയുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും വന്നിരുന്നത് ഓണ്‍ലൈന്‍ ബുക്കിംഗുകളിലെ സര്‍വീസ് ചാര്‍ജില്‍ നിന്നായിരുന്നു. ബദല്‍ വരുമാന സംവിധാനമൊരുക്കാതെ സര്‍വീസ് ചാര്‍ജ് പിന്‍വലിച്ചത് കമ്പനിയുടെ മൂല്യം ഇടിയുന്നതിന് കാരണമായി.

എആര്‍സിടിസി ലിസ്റ്റിംഗ് ഉടനുണ്ടാവില്ലെന്നും കമ്പനിയുടെ വലിയ ഡാറ്റാബേസിലൂടെ പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണെന്നും കേന്ദ്ര ധനമന്ത്രി പിയുഷ് ഗോയല്‍ അടുത്തിടെ പറഞ്ഞിരുന്നു.

Comments

comments

Categories: Business & Economy