ഡിസംബറോടെ നിഫ്റ്റി 11,380ല്‍ എത്തും: നോമുറ

ഡിസംബറോടെ നിഫ്റ്റി 11,380ല്‍ എത്തും: നോമുറ

ഇന്നലെ 0.40 ശതമാനം ഉയര്‍ന്ന് 10,699.90 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനിശ്ചിതത്വം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ നോമുറ. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സമീപ ഭാവിയില്‍ ഓഹരി വിപണികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് കരുതുന്നതായും നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഡിസംബറോടുകൂടി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 11,380 എന്ന തലത്തിലെത്തുമെന്നാണ് നോമുറയുടെ നിരീക്ഷണം. 2019ലെ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപി വീണ്ടു അധികാരത്തില്‍ എത്താത്ത സാഹചര്യം വിപണികളില്‍ പ്രതികൂല ചലനങ്ങള്‍ സൃഷ്ടിക്കും. മേഖല തിരിച്ചുള്ള കണക്കെടുത്താല്‍ ധനകാര്യം (പ്രത്യേകിച്ച് റീട്ടെയ്ല്‍ സ്വകാര്യ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും), ഓട്ടോ, ഓയില്‍, ഗ്യാസ്, ഇന്‍ഫ്രാസ്ട്രക്ചര്‍/കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകളായിരിക്കും ഓഹരി വിപണിയില്‍ അധിക സമ്മര്‍ദം നേരിടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിഫ്റ്റി നിലവില്‍ 10,700 എന്ന തലത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ 0.40 ശതമാനം ഉയര്‍ന്ന് 10,699.90 ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. രാഷ്ട്രീയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമോ എന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയരുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിനു ശേഷേ അസ്ഥിരമായ ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കപ്പെടുന്നത് ഓഹരി വിപണിക്ക് തിരിച്ചടിയാകുമെന്നും നോമുറ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories