ജാവ ബൈക്കുകള്‍ ഈ വര്‍ഷം തന്നെ

ജാവ ബൈക്കുകള്‍ ഈ വര്‍ഷം തന്നെ

ആനന്ദ് മഹീന്ദ്ര സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി : ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ ഈ വര്‍ഷം അവതരിപ്പിക്കും. ഇത്തവണ വാര്‍ത്ത സ്ഥിരീകരിച്ചത് മറ്റാരുമല്ല, മഹീന്ദ്ര ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്നെ. ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എപ്പോള്‍ പുറത്തിറക്കുമെന്ന ട്വിറ്റര്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി ജാവ ബൈക്കിന് കാത്തിരിക്കുകയാണെന്നും ചോദ്യകര്‍ത്താവ് വ്യക്തമാക്കിയിരുന്നു. ഹാപ്പനിംഗ് ദിസ് ഇയര്‍ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. ഇന്ത്യയില്‍ ജാവ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും 2016 ഒക്‌റ്റോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കരാര്‍ ഒപ്പുവെച്ചത്. ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സിനായി ലൈസന്‍സിംഗ് കരാറാണ് ജാവ മോട്ടോയുമായി ഒപ്പിട്ടത്.

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ മോജോ ഉപയോഗിക്കുന്ന അതേ 295 സിസി എന്‍ജിനായിരിക്കും ആദ്യ ജാവ മോട്ടോര്‍സൈക്കിളിന് നല്‍കുകയെന്നാണ് സൂചന. സ്ട്രീറ്റ് ക്രൂസര്‍ എന്ന് തോന്നിപ്പിക്കുന്ന ഡിസൈന്‍ ലാംഗ്വേജിലായിരിക്കും മോട്ടോര്‍സൈക്കിള്‍ വരുന്നത്. ഓള്‍ഡ് സ്‌കൂള്‍ ഡിസൈന്‍ ഭാഷയോടൊപ്പം എബിഎസ്, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാംപ് എന്നിവ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര മോജോ ഉപയോഗിക്കുന്ന അതേ 295 സിസി എന്‍ജിന്‍ നല്‍കുമായിരിക്കും

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളായിരിക്കും ജാവയുടെ നേരിട്ടുള്ള എതിരാളികള്‍. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ ‘650 ഇരട്ടകള്‍’ ഈ വര്‍ഷം വിപണിയിലെത്തും. മിഡില്‍വെയ്റ്റ് ക്രൂസര്‍ സെഗ്‌മെന്റില്‍ പൊടിപാറുമെന്ന് തീര്‍ച്ച. അതേസമയം ജാവ മോട്ടോര്‍സൈക്കിളിന്റെ വില നിര്‍ണ്ണയം പ്രധാന ഘടകമാകും. 1.75 ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Auto