പുതിയ ഉല്‍പ്പന്നങ്ങളിലൂടെ എഫ്എംസിജി വിപണിയില്‍ മുന്നേറാനൊരുങ്ങി ഐടിസി

പുതിയ ഉല്‍പ്പന്നങ്ങളിലൂടെ എഫ്എംസിജി വിപണിയില്‍ മുന്നേറാനൊരുങ്ങി ഐടിസി

എഫ്എംസിജി വിഭാഗത്തില്‍ 2030ഓടെ ഒരു ലക്ഷം കോടി രൂപ വരുമാനം നേടുക ലക്ഷ്യം

കൊല്‍ക്കത്ത: ഇന്ത്യന്‍ എഫ്എംസിജി മേഖലയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഐടിസി തയാറെടുക്കുന്നു. സാധ്യമായ എല്ലാ ഉപഭോക്തൃ വിഭാഗത്തിലും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി മാറാനാണ് ഐടിസി ലക്ഷ്യമിടുന്നതെന്ന് എഫ്എംസിജി ബിസിനസ് വിഭാഗം പ്രസിഡന്റ് ബി സുമന്ദ് അറിയിച്ചു. പ്രതിവര്‍ഷം 30 മുതല്‍ 40ഓളം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

എഫ്എംസിജി ബിസിനസല്‍ നിന്നും 2030ഓടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്ന ഐടിസി നിലവിലുള്ള ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതായും ബി സുമന്ദ് വ്യക്തമാക്കി. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് ആര്‍ ആന്‍ഡ് ഡി വിഭാഗം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും നിരവധി സ്രോതസുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ഐടിസിയുടെ വിര്‍ജിനിയ ഹൗസ് ആസ്ഥാനത്തുവെച്ച് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സിഗററ്റ്, പാക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, സ്റ്റേഷനറി, സേഫ്റ്റി മാച്ചസ്, ചന്ദനത്തിരികള്‍ എന്നിവയാണ് ഐടിസിയുടെ എഫ്എംസിജി ബിസിനസില്‍ ഉള്‍പ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ പാക്കേജ്ഡ് ഫൂഡ് വിഭാഗത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐടിസിയുടെ ഏറ്റവും വലിയ എഫ്എംസിജി ബിസിനസ് വിഭാഗമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 30ഓളം പുതിയ ഉല്‍പ്പന്നങ്ങളാണ് ഐടിസി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 2017-2018ല്‍ സിഗററ്റിതര എഫ്എംസിജി ബിസിനസില്‍ നിന്നും 11,328.60 കോടി രൂപയുടെ വില്‍പ്പന വരുമാനമാണ് ഐടിസി നേടിയത്. ഇതില്‍ പാക്കേജ്ഡ് ഫൂഡ് വിഭാഗത്തിന്റെ പങ്ക് 8,668.72 കോടി രൂപയാണ്.

ബിസിനസ് പോര്‍ട്ട്‌ഫോളിയോ വിപുലമാക്കുന്നതിന് ഏറ്റെടുക്കലുകള്‍ നടത്താനുള്ള സജീവ ശ്രമങ്ങളും ഐടിസി നടത്തുന്നുണ്ട്. കമ്പനിയുടെ തന്നെ വിതരണ ശൃംഖല ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിലാണ് ഐടിസി താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. വന്‍കിട ഏറ്റെടുക്കല്‍ കരാറുകളിലേക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നും സമുന്ദ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ബി നാച്ചുറല്‍, സാവ്‌ലോണ്‍, ഷോവര്‍ ടു ഷോവര്‍, ചാമിസ്, തുടങ്ങിയ ബ്രാന്‍ഡുകളെ ഐടിസി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നിംയില്‍ ബ്രാന്‍ഡ് ഏറ്റെടുത്തുകൊണ്ട് ഹെര്‍ബല്‍ ഫ്‌ളോര്‍ ക്ലീനര്‍ രംഗത്തും കമ്പനി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ബി നാച്ചുറല്‍, സാവ്‌ലോണ്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ ഇതിനോടകം മികച്ച വളര്‍ച്ച രേഖപ്പെടുത്താന്‍ ഐടിസിക്ക് സാധിച്ചതായി സുമന്ദ് വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഏതൊക്കെ വിഭാഗങ്ങളിലേക്ക് കടക്കാനാണ് ഐടിസി പദ്ധതിയിടുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയെന്ന പ്രശസ്തി ദീര്‍ഘനാളായി കൊണ്ടുനടക്കുന്ന എച്ച്‌യുഎല്ലിനെ (ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്) മറികടക്കാന്‍ ഐടിസിക്ക് കഴിയുമെന്ന ആത്മവിശ്വാസവും സുമന്ദ് പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 36,622 കോടി രൂപയായിരുന്നു ഐടിസിയുടെ സംയോജിത വരുമാനം. എച്ച്‌യുഎല്ലിന്റെ സംയോജിത വരുമാനം ഇതിനേക്കാള്‍ മൂന്ന് മടങ്ങിലധികമാണ്. വൈകിയാണ് വിപണിയിലെത്തിയതെങ്കിലും ഐടിസിയെയും എച്ച്‌യുഎല്ലിനെയും മറികടക്കുന്നതിന് ശക്തമായ മത്സരമാണ് പതഞ്ജലി ആയുര്‍വേദും നടത്തുന്നത്.

Comments

comments

Categories: Business & Economy