യുഎഇയിലും ബഹ്‌റൈനിലുമുള്ള നൊവൊ തിയറ്ററുകള്‍ കാര്‍ണിവല്‍ ഏറ്റെടുത്തേക്കും

യുഎഇയിലും ബഹ്‌റൈനിലുമുള്ള നൊവൊ തിയറ്ററുകള്‍ കാര്‍ണിവല്‍ ഏറ്റെടുത്തേക്കും

ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നൊവൊ സിനിമാസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകള്‍ ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ കാര്‍ണിവല്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഇന്ത്യയിലെ പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് സംരംഭമായ കാര്‍ണിവല്‍ സിനിമാസ് തങ്ങളുടെ യുഎഇയിലുള്ള പങ്കാളിയുമായി ചേര്‍ന്ന് നൊവൊ സിനിമാസിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് നൊവൊ സിനിമാസ്.

ഇന്ത്യയിലെ 115 നഗരങ്ങളില്‍ സാന്നിധ്യമുള്ള കാര്‍ണിവല്‍ യുഎഇ കേന്ദ്രമാക്കിയ എമിറേറ്റ്‌സ് നാഷണള്‍ ഹോള്‍ഡിംഗ്‌സിനെ പുതു നിക്ഷേപത്തിന് സഹ പങ്കാളിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിനെതിരെ സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്റ്റും ചേര്‍ന്ന് 2017 ജൂണ്‍ മാസത്തില്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു എന്നതുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ബഹിഷ്‌കരണം.

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ബോളിവുഡ് സിനിമകളും ദക്ഷിണേന്ത്യന്‍ സിനിമകളും ജനകീയമാണ്. ഈ സാധ്യത കണക്കിലെടുത്താണ് കാര്‍ണിവലിന്റെ പുതിയ നീക്കം

ഈ സാഹചര്യത്തിലാണ് കാര്‍ണിവല്‍ ഖത്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ യുഎഇയിലെയും ബഹ്‌റൈനിലെയും തിയറ്ററുകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭാവിയില്‍ പ്രശ്‌നം രൂക്ഷമാകുന്നതു മുന്‍കൂട്ടിക്കണ്ടുള്ള നീക്കമാണോ ഖത്തര്‍ ഗ്രൂപ്പ് നടത്തുന്നതെന്നതും വ്യക്തമല്ല.

ഉടമസ്ഥതാ അവകാശവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കാരണം ഗള്‍ഫിലേക്ക് ഏറ്റെടുക്കലിന് എത്തുന്ന വിദേശ കമ്പനികള്‍ തദ്ദേശീയ കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെട്ടാണ് പ്രവര്‍ത്തനം നടത്താറുള്ളത്.

യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ബോളിവുഡ് സിനിമകളും ദക്ഷിണേന്ത്യന്‍ സിനിമകളും ജനകീയമാണ്. ഈ സാധ്യത കണക്കിലെടുത്താണ് കാര്‍ണിവലിന്റെ പുതിയ നീക്കം. യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ 15 ലൊക്കേഷനുകളിലായി നൊവൊ സിനിമാസിന് 129 സ്‌ക്രീനുകളാണുള്ളത്. ഇലാന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കമ്പനി. ഗള്‍ഫ് ഫിലിം ഗ്രൂപ്പാണ് 2000ത്തില്‍ നൊവൊ സിനിമാസിന് തുടക്കമിട്ടത്. 2012ല്‍ ഗള്‍ഫ് ഫിലിം ഗ്രൂപ്പ് ഇലാന്‍ ഗ്രൂപ്പായി മാറി. അഡ്വര്‍ടൈസിംഗ്, ഇവന്റ് മാനേജ്‌മെന്റ്, ഫിലിം ഡിസ്ട്രിബ്യൂഷന്‍, തിയറ്ററുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഗ്രൂപ്പ് സജീവമാണ്.

Comments

comments

Categories: Arabia