ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനം: ഇടപാടുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 5

ക്രിപ്‌റ്റോകറന്‍സിക്ക് നിരോധനം: ഇടപാടുകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 5

ന്യൂഡെല്‍ഹി: ബിറ്റ്‌കോയിനുള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ? എങ്കില്‍ ഇതില്‍ നിന്നും പിന്മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള അവസാന തീയതി ജൂലൈ അഞ്ചാണ്. ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഉള്‍പ്പടെ ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്ന് മാസത്തെ ബഫര്‍ കാലാവധിക്കുള്ളില്‍ ക്രിപ്‌റ്റോകറന്‍സിയുമായുള്ള ബന്ധം അവസാനിപ്പിക്കാനാവശ്യപ്പെട്ട് ആര്‍ബിഐ കഴിഞ്ഞ ഏപ്രില്‍ മാസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഈ കാലവധി ജൂലൈ 5 ന് അവസാനിക്കും. ഇതിനര്‍ത്ഥം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ കച്ചവടക്കാര്‍ക്ക് പണമാക്കി മാറ്റാന്‍ കഴിയില്ല എന്നതാണ്.

ഇന്റര്‍നെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ) ക്രിപ്‌റ്റോകറന്‍സി നിരോധിക്കാനുള്ള ആര്‍ബിഐയുടെ നീക്കത്തിനെതിരെ റിട്ട് പരാതി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കണമെന്ന അസോസിയേഷന്റെ ആവശ്യം സുപ്രീംകോടതി തള്ളിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിപ്‌റ്റോകറന്‍സികള്‍ ആധാരമാക്കിയിരിക്കുന്ന സാങ്കേതികവിദ്യ സാമ്പത്തിക മേഖലയെ കൂടുതല്‍ മികവുറ്റതാക്കാന്‍ ഉതകുമെങ്കിലും നിലവിലുള്ള കറന്‍സി ഇടപാടുകള്‍ നിക്ഷേപകരുടെ പണത്തിന് സുരക്ഷിതത്വം നല്‍കുന്നില്ലെന്നായിരുന്നു ആര്‍ബിഐയുടെ വാദം. ഇത്തരം പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ ആര്‍ബിഐ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സികളില്‍ ഇടപാട് നടത്തുന്ന വ്യക്തികളും വ്യാപാര സ്ഥാപനങ്ങളുമായി ഇടപാട് നടത്തുകയോ സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ആര്‍ബിഐ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

Comments

comments