കൂടുതല്‍ ഫീച്ചറുകളോടെ 2018 ഹോണ്ട ആക്റ്റിവ 125

കൂടുതല്‍ ഫീച്ചറുകളോടെ 2018 ഹോണ്ട ആക്റ്റിവ 125

ഡെല്‍ഹി എക്‌സ് ഷോറൂം വില 59,621 രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 മോഡല്‍ ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടര്‍ നിശ്ശബ്ദം വിപണിയില്‍ പുറത്തിറക്കി. ഭംഗി വര്‍ധിപ്പിച്ചും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയുമാണ് പുതിയ ആക്റ്റിവ 125 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വിലയില്‍ 2,116 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. 59,621 രൂപ മുതല്‍ 64,007 രൂപ വരെയാണ് 2018 ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നടപ്പു സാമ്പത്തിക വര്‍ഷം പതിനെട്ട് പരിഷ്‌കരിച്ച പതിപ്പുകള്‍ വിപണിയിലെത്തിക്കുമെന്ന് എച്ച്എംഎസ്‌ഐ (ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ) പ്രഖ്യാപിച്ചിരുന്നു.

125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ടോപ് സെല്ലിംഗ് സുസുകി ആക്‌സസിന് പിന്നില്‍ എപ്പോഴും രണ്ടാം സ്ഥാനത്താണ് ഹോണ്ട ആക്റ്റിവ 125. സ്വന്തം തറവാട്ടില്‍നിന്നുള്ള ഹോണ്ട ഗ്രാസിയ ഉള്‍പ്പെടെ നിരവധി പുതിയ എതിരാളികളാണ് സ്വന്തം സെഗ്‌മെന്റില്‍ ആക്റ്റിവ 125 സ്‌കൂട്ടറിന് ഇപ്പോഴുള്ളത്. ഈയിടെയായി ശക്തമായ മത്സരം നേരിട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ ആദ്യ 125 സിസി സ്‌കൂട്ടറിനെ എച്ച്എംഎസ്‌ഐ മറന്നില്ല എന്നതാണ് പുതിയ ലോഞ്ച് തെളിയിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാംപ്, സീറ്റ് ഓപ്പണര്‍ സ്വിച്ച് സഹിതം 4-ഇന്‍-1 ലോക്ക്, ഇക്കോ സ്പീഡ് ഇന്‍ഡിക്കേറ്ററും സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്ററും സഹിതം പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയോടെയാണ് 2018 മോഡല്‍ ഹോണ്ട ആക്റ്റിവ 125 വരുന്നത്. ഓപ്ഷണല്‍ ആക്‌സസറി എന്ന നിലയില്‍ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് തുടരും.

സ്‌കൂട്ടറിന്റെ ഡിസൈനില്‍ ഹോണ്ട കൈവെച്ചിട്ടില്ല. മുന്‍വശത്ത് നിലവിലെ അതേ ക്രോം സാന്നിധ്യവും ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. വെള്ളി നിറത്തിന് പകരം ഇരുണ്ട ചാര നിറത്തില്‍ ഫിനിഷ് ചെയ്ത 12 ഇഞ്ച് അലോയ് വീലുകള്‍, 3 സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ പുതിയ വിശേഷങ്ങളാണ്. ഡിഎല്‍എക്‌സ് എന്ന ടോപ് വേരിയന്റില്‍ മെറ്റല്‍ മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. നിലവിലെ നിറങ്ങള്‍ കൂടാതെ 2018 എഡിഷന്‍ ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന് മാറ്റ് സില്‍വര്‍ പെയിന്റ് സ്‌കീം നല്‍കിയിരിക്കുന്നു.

നിലവിലെ അതേ 124.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് 2018 ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. 8 ബിഎച്ച്പി പവറും 10.54 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം മോട്ടോര്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനാണ് (സിവിടി) എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു. രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ്. അതേസമയം മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലാണ്. ഏതെങ്കിലുമൊരു ബ്രേക്ക് ലിവര്‍ പിടിച്ചാല്‍ രണ്ട് ബ്രേക്കുകളും പ്രവര്‍ത്തിക്കുന്ന സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാന്‍ഡേഡായി നല്‍കി.

സ്വന്തം തറവാട്ടില്‍നിന്നുള്ള ഗ്രാസിയ ഉള്‍പ്പെടെ നിരവധി പുതിയ എതിരാളികളെയാണ് 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ആക്റ്റിവ 125 നേരിടേണ്ടത്

സുസുകി ആക്‌സസ്, അപ്രീലിയ എസ്ആര്‍ 125, വെസ്പ വിഎക്‌സ്, ഹോണ്ട ഗ്രാസിയ, ടിവിഎസ് എന്‍ടോര്‍ക്ക് എന്നിവയാണ് 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ പുതിയ ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന്റെ എതിരാളികള്‍. ഈ മാസം 19 ന് പുറത്തിറക്കുന്ന സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, പുതിയ ഹീറോ മാസ്‌ട്രോ എഡ്ജ്, ഡ്യുയറ്റ് 125 എന്നിവയോടും മത്സരിക്കേണ്ടി വരും.

Comments

comments

Categories: Auto