തേനീച്ച വളര്‍ത്തലില്‍ ലക്ഷങ്ങളുടെ നേട്ടവുമായി യുവതി

തേനീച്ച വളര്‍ത്തലില്‍ ലക്ഷങ്ങളുടെ നേട്ടവുമായി യുവതി

തേനീച്ച വളര്‍ത്തലിലും തേന്‍ ഉല്‍പ്പാദനത്തിലും മാത്രം ഒതുങ്ങുന്നതല്ല പ്രജക്ത അദ്മനെയുടെ സംരംഭക സാമ്രാജ്യം. വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള തേനീച്ച വിഷവും ഇവിടെ വില്‍പ്പനയ്ക്കുണ്ട്

നക്‌സല്‍ ബാധിത പ്രദേശത്തു നിന്നും ഉന്നത വിദ്യാഭ്യാസം നേടി മറുനാട്ടില്‍ ജോലി ലഭിച്ചാല്‍ അതൊരാശ്വാസമായി കരുതുന്നവരാണ് കൂടുതലാളുകളും. അക്രമത്തിന് പേരുകേട്ട നാട്ടിലേക്ക് ഒരു തിരിച്ചുവരവ് പലരും ആഗ്രഹിക്കാറില്ല. എന്നാല്‍ മഹാരാഷ്ട്രയിലെ പ്രജക്ത അദ്മനെയുടെ പ്രവര്‍ത്തികള്‍ നേരെ വിപരീതമാണ്. ഗാഡ്ചിരോലി എന്ന ആദിവാസി കോളനി സ്വദേശിനിയായ യുവതി പൂനെയില്‍ ഉയര്‍ന്ന വേതനത്തില്‍ ലഭിച്ച സുരക്ഷിതമായ ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. അതും ഗ്രാമത്തില്‍ സ്വന്തം സംരംഭം തുടങ്ങാന്‍. തേനീച്ച വളര്‍ത്തലാണ് ബിസിനസ്. ഇന്ന് തേന്‍ വിപണിയില്‍ സ്വന്തമായ ഒരു ബ്രാന്‍ഡ് തന്നെ കെട്ടിപ്പടുക്കാന്‍ പ്രജക്തയ്ക്കു കഴിഞ്ഞിരിക്കുന്നു. തേനും തേനീച്ച വിഷവും വിറ്റ് വര്‍ഷം തോറും ഈ യുവതി നേടുന്ന തുകയും നമ്മെ അതിശയിപ്പിക്കും. ഒന്നും രണ്ടും ലക്ഷമല്ല, പ്രതിവര്‍ഷം ഏഴ് ലക്ഷം രൂപ.

കുപ്രസിദ്ധ നാട്ടിലെ സംരംഭക

നക്‌സല്‍ ആക്രമണത്തില്‍ ഗാഡ്ചിരോലിയുടെ പേര് കളങ്കപ്പെട്ടിട്ടുണ്ടെങ്കിലും മനോഹരമായ ഇടതൂര്‍ന്ന വനങ്ങള്‍ തന്റെ ബിസിനസിന് ഏറെ സഹായകമാണെന്നാണ് പ്രജക്തയുടെ അഭിപ്രായം. ഫാര്‍മസി പഠനത്തിനു ശേഷം എംബിഎ ചെയ്ത് പൂനെയില്‍ ലഭിച്ച ജോലിയേക്കാള്‍ ഏറെ സമ്പാദിക്കാന്‍ പുതിയ സംരംഭത്തിലൂടെ കഴിയുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ” തേനീച്ച വളര്‍ത്തല്‍ തുടങ്ങും മുമ്പ് ഈ വിഷയത്തില്‍ കൃത്യമായ പരിശീലനം നേടിയിരുന്നു. നാഷണല്‍ ബീ ബോര്‍ഡിലായിരുന്നു ഇതിനാവശ്യമായ വിദഗ്ധ പരിശീലനം. അതില്‍ പങ്കെടുത്തതുകൊണ്ടുതന്നെ മേഖലയിലെ നിരവധി ആളുകളെ പരിചയപ്പെടാനായി. കശ്മീര്‍ മുതല്‍ ആന്ധ്രാപ്രദേശ് വരെ നീണ്ടു കിടക്കുന്ന ശൃംഖലയാണത്, ” പ്രജക്ത പറയുന്നു.

50ഓളം തേനീച്ചക്കൂടുകളില്‍ തേന്‍ ഉല്‍പ്പാദിക്കുന്ന ഈ യുവതി കാടിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവിധ ഫ്‌ളേവറുകളില്‍ തയാറാക്കുന്ന തേനും നിര്‍മിക്കുന്നുണ്ട്. ബെറി, യൂക്കാലിപ്റ്റസ്, സൂര്യകാന്തി, തുളസി എന്നിവ അവയില്‍ ചിലതാണ്

50ഓളം തേനീച്ചക്കൂടുകളില്‍ തേന്‍ ഉല്‍പ്പാദിക്കുന്ന ഈ യുവതി കാടിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവിധ ഫ്‌ളേവറുകളില്‍ തയാറാക്കുന്ന തേനും നിര്‍മിക്കുന്നുണ്ട്. ബെറി, യൂക്കാലിപ്റ്റസ്, സൂര്യകാന്തി, തുളസി എന്നിവ അവയില്‍ ചിലതാണ്. ഔഷധങ്ങള്‍ അടങ്ങിയതുകൊണ്ട് ഓരോ ഫ്‌ളേവറും കഴിക്കുന്നതുകൊണ്ട് ശരീരത്തിനുള്ള പ്രയോജനങ്ങളും ഏറെയുണ്ട്. ഉദാഹാരണത്തിന് ബെറി ഹണി പ്രമേഹമുള്ളവര്‍ക്ക് ഉത്തമമാണെന്നും പ്രജക്ത ചൂണ്ടിക്കാണിക്കുന്നു. അതുപോലെതന്ന യൂക്കാലിപ്റ്റസ് ഹണി സാധാരണഗതിയിലുള്ള ചുമയ്ക്കും പനിക്കുമൊക്കെ മികച്ച ഔഷധമാണ്. കസ്തൂരി ഹണി എന്ന പേരില്‍ സ്വന്തം ബ്രാന്‍ഡിലാണ് വില്‍പ്പന. 60 മുതല്‍ 380 രൂപ വരെയാണ് ഓരോ ബോട്ടിലിന്റെയും വില.

തേനിനൊപ്പം തേനീച്ച വിഷവും

തേനീച്ച വളര്‍ത്തലിലും തേന്‍ ഉല്‍പ്പാദനത്തിലും മാത്രം ഒതുങ്ങുന്നതല്ല ഈ യുവ സംരംഭകയുടെ ബിസിനസ്. തേനീച്ച വിഷവും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മെഡിക്കല്‍ രംഗത്ത് ആര്‍ത്രൈറ്റിസ്, നാഡി വേദന, സന്ധിവേദന, ത്വക് രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം തേനീച്ച വിഷം ഉപയോഗിക്കുന്നതിനാല്‍ അവയ്ക്ക് നല്ല വിപണി സാധ്യതയുണ്ടെന്നും പ്രജക്ത പറയുന്നു. ”പ്രതിവര്‍ഷം ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെ നേടാന്‍ ഈ ബിസിനസിലൂടെ കഴിയുന്നുണ്ട്. ഇതില്‍ 2. 25 ലക്ഷം രൂപ പായ്ക്കിംഗിനും വിതരണ ജോലികള്‍ക്കുമായി മാറ്റിവെച്ചാലും ബിസിനസ് ലാഭകരമാണ്,” പ്രജക്ത ചൂണ്ടിക്കാട്ടി. തൊഴില്‍ രഹിതരായ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തേനീച്ച വളര്‍ത്തലിന്റെ അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ സംരംഭക കൂടുതല്‍ വനിതാം സ്വയം സഹായ സംഘങ്ങളെയും കര്‍ഷകരെയും തന്റെ സംരംഭത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

Comments

comments

Categories: FK Special, Slider