‘തനിനാടന്‍ കോഫീ’

‘തനിനാടന്‍ കോഫീ’

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സകലതിലും മായത്തിന്റെ അംശം കണ്ടെത്തുന്ന ഈ കാലഘട്ടത്തില്‍ മായം ഒട്ടും ചേര്‍ക്കാത്ത ഒരു കപ്പ് ചൂട് കാപ്പിയോടെ ദിവസം ആരംഭിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. എന്നാല്‍ അത്തരത്തില്‍ ഉള്ള ‘തനി നാടന്‍ കാപ്പിക്ക്’ വിപണിയില്‍ അംഗീകാരം നേടിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാല്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇടുക്കി പീരുമേട് സ്വദേശിയായ സുനില്‍ സെബാസ്റ്റ്യന്‍ ഇത്തരത്തില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള കാപ്പി വിപണിയില്‍ എത്തിക്കുന്നു. ‘തനിനാടന്‍ കോഫീ’ എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണിയില്‍ എത്തുന്ന കാപ്പിക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. ചെറിയ രീതിയില്‍ കുടുംബ ബിസിനസ് ആയി തുടങ്ങിയ കാപ്പിപൊടി നിര്‍മാണം ഇന്ന് മികച്ച വരുമാനം നല്‍കിക്കൊടുക്കുന്ന സംരംഭമായി മാറിയിരിക്കുന്നു

ഇടുക്കി പീരുമേട് സ്വദേശികള്‍ക്ക് മഞ്ഞിന്റെ തണുപ്പും കാപ്പിക്കുരുവിന്റെ ഗന്ധവും ഒന്നും പുത്തരിയല്ല. പ്രദേശവാസികളില്‍ പലരും സ്വന്തം തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിക്കുരുവില്‍ നിന്നും കാപ്പി ഉണ്ടാക്കിക്കുടിച്ച് ശീലിച്ചവര്‍. ഗാര്‍ഹിക ആവശ്യത്തിനുള്ള ചെറിയ കോഫി റോസറ്ററും ഗ്രൈന്‍ഡിംഗ് മെഷീനും എല്ലാം സ്വന്തമായിട്ട് ഇല്ലാത്ത വീടുകള്‍ ചുരുക്കം. അങ്ങനെയുള്ള ഒരു മലയോര കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നു സാബു സെബാസ്റ്റ്യന്‍. അച്ഛന്‍ പാപ്പു എന്ന് വിളിക്കപ്പെടുന്ന പാലൂര്‍ക്കാവ് കൊല്ലക്കൊമ്പില്‍ സെബാസ്റ്റ്യന്‍ നല്ല ഒന്നാന്തരം കര്‍ഷകനായിരുന്നു. ഏക്കറുകണക്കിന് വരുന്ന കാപ്പിത്തോട്ടവും മറ്റ് കാര്‍ഷിക വിളകളുമായി മുന്നോട്ട് പോയിരുന്ന അദ്ദേഹത്തിന്റെ നാല് മക്കളില്‍ മൂത്തവനായിരുന്നു സാബു.

വര്‍ഷം 1982, ഡിഗ്രി പഠന ശേഷം പലവിധ ജോലികള്‍ക്കും അപേക്ഷയയച്ചും അഭിമുഖങ്ങളില്‍ പങ്കെടുത്തും സാബു നടക്കുന്ന സമയം. ഇളയസഹോദരങ്ങള്‍ എല്ലാവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഏറെ ശ്രമിച്ചിട്ടും തനിക്ക് ചേരുന്ന, അത്യാവശ്യം മികച്ച വരുമാനം കിട്ടുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കുന്നില്ല എന്ന് മനസിലാക്കിയ സാബു, ജോലി അന്വേഷിച്ച് നടന്ന് കൂടുതല്‍ സമയം കളയാന്‍ തയ്യാറായില്ല. നേരെ പിതാവിന്റെ അടുക്കലേക്ക് ചെന്ന് നമുക്ക് കാപ്പിപ്പൊടി കച്ചവടം തുടങ്ങാം എന്ന് പറഞ്ഞു.

തങ്ങളുടെ തോട്ടത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന കാപ്പിക്കുരു ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ പ്രോസസ്സ് ചെയ്ത് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പിതാവും കര്‍ഷകനുമായ സെബാസ്റ്റ്യന്‍ ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതോടെ സാബു തന്റെ സംരംഭത്തിലേക്ക് കടന്നു. ‘Pure coffee from Hirange’ എന്ന ടാഗ്‌ലൈനില്‍ ഹൈറേഞ്ചിലെ സ്വന്തം തോട്ടത്തില്‍നിന്നുള്ള ശുദ്ധമായ കാപ്പി ജൂബിലി എന്ന പേരില്‍ അദ്ദേഹം വിപണിയില്‍ എത്തിച്ചു. ഇടുക്കിയില്‍ മാത്രമായി വില്‍പന ചുരുങ്ങുന്ന പക്ഷം വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു ഉല്‍പ്പന്നമായിരുന്നില്ല കാപ്പിപ്പൊടി. കാരണം, ഇടുക്കി സ്വദേശികളില്‍ നല്ലൊരു ശതമാനം ആളുകള്‍ സ്വന്തമായി കാപ്പിത്തോട്ടം ഉള്ളവരാണ്. അതിനാല്‍ വിപണി വിപുലീകരണത്തിലൂടെ മാത്രമേ തനിക്ക് വിജയിക്കാന്‍ കഴിയുള്ളൂ എന്ന് സാബു നേരത്തെ തന്നെ മനസിലാക്കി.

വലിയ ലാഭമോ നഷ്ടമോ ഇല്ലാതെ സാബു 1988 വരെ കാപ്പിപ്പൊടി ബിസിനസ് മുന്നോട്ട് കൊണ്ട് പോയി. 1988 ലാണ് പുതിയ മെഷീനറികള്‍ വാങ്ങി ബിസിനസ് വിപുലപ്പെടുത്തുന്നത്. എന്നാല്‍ തന്റെ നിയോഗം ഒരു ബിസിനസുകാരന്‍ ആകുന്നതല്ല , മറിച്ച് തന്റെ അച്ഛനെ പോലെ ഒരു കര്‍ഷകന്‍ ആകുന്നതാണ് എന്ന് തിരിച്ചറിഞ്ഞ സാബു സെബാസ്റ്റ്യന്‍ തന്റെ അനിയന്‍ സുനില്‍ സെബാസ്റ്റ്യനെ കാപ്പിപ്പൊടി നിര്‍മാണ ബിസിനസിന്റെ ചുമതലകള്‍ ഏല്‍പ്പിച്ച് മലബാറിലേക്ക് കുടിയേറി. അവിടെ നിന്നുമാണ് തനിനാടന്‍ കോഫീ എന്ന ബ്രാന്‍ഡിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്.

പുതിയ പരീക്ഷണങ്ങള്‍

1990 കളുടെ തുടക്കത്തിലാണ് ബിരുദ പഠനത്തിന് ശേഷം കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റിന്റെ ചുമതല ജ്യേഷ്ഠന്‍ സാബുവില്‍ നിന്നും സുനില്‍ ഏറ്റെടുക്കുന്നത്. കാലങ്ങളായി തങ്ങള്‍ കുടുംബപരമായി ചെയ്തുവരുന്ന തൊഴിലാണ് എങ്കിലും വിപണിയില്‍ പിടിച്ചു നില്‍ക്കണം എങ്കില്‍ ശക്തമായ തന്ത്രങ്ങള്‍ പയറ്റണം എന്ന് സുനിലിന് നല്ല ബോധ്യം ഉണ്ടായിരുന്നു. ഇത് പ്രകാരം കാപ്പിപ്പൊടിയുടെ ബ്രാന്‍ഡ് നെയിം മാറ്റുകയാണ് അദ്ദേഹം ചെയ്!തത്. ‘Pure coffee from Hirange’ എന്നതില്‍ നിന്നും ‘തനിനാടന്‍ കോഫീ’ എന്ന പേരിലേക്ക് കാപ്പിപ്പൊടി മാറി.

നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് തനിനാടന്‍ കാപ്പിപ്പൊടി വിതരണം ചെയ്യുന്നത്. മാവേലി സ്റ്റോറുകള്‍ വഴിയും കാപ്പിപ്പൊടി വിപണിയില്‍ എത്തുന്നുണ്ട്. ഇതിന് പുറമെ സുനില്‍ നേരിട്ടും വിവിധ കടകളില്‍ കാപ്പിപ്പൊടി എത്തിക്കുന്നു. ഇതുവരെ ഒരൊറ്റ പാക്കറ്റ് പോലും വില്‍ക്കാതെ തിരിച്ചെത്തിയില്ല എന്നത് ഈ സംരംഭകന്റെ വിജയമാണ്

ജനങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുകയും അവര്‍ക്ക് വിശ്വാസ്യത നല്‍കുകയും ചെയ്യുന്ന പേരായതിനാല്‍ തന്നെ ജനങ്ങള്‍ ഈ പുതിയ ബ്രാന്‍ഡിനെ ഏറ്റെടുത്തു . ജ്യേഷ്ഠനില്‍ നിന്നും സ്ഥാപനം ഏറ്റെടുത്തപ്പോള്‍ അടിമുടി ഒരു പൊളിച്ചെഴുത്ത് തന്നെ സുനില്‍ നടത്തി. വ്യത്യസ്തമായ പാക്കിംഗ് ബ്രാന്‍ഡിംഗിന്റെ ഭാഗമാക്കി. നാട്ടില്‍ ലഭ്യമായ കാപ്പിപ്പൊടികളില്‍ നിന്നും വ്യത്യസ്തമായി ഒട്ടും മായംകലരാത്ത കാപ്പി എന്ന പേരില്‍ തന്റെ കാപ്പിപ്പൊടിയെ സുനില്‍ ബ്രാന്‍ഡ് ചെയ്തു. നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും കാപ്പിപ്പൊടിയില്‍ കലര്‍പ്പുകള്‍ ചേരുന്നില്ല എന്ന് സുനില്‍ പലകുറി ഉറപ്പ് വരുത്തി. അങ്ങനെ മായമില്ലാത്ത കാപ്പിപ്പൊടി എന്ന ലേബലില്‍ സുനില്‍ തന്റെ തനിനാടന്‍ കോഫിയെ ബ്രാന്‍ഡ് ചെയ്തു. വാചകത്തില്‍ മാത്രമല്ല പാചകത്തിലും അറിയാമായിരുന്നു ആ കാപ്പിയുടെ ഗുണം. കാപ്പി നല്ലതായതുകൊണ്ട് വളരെ വേഗം വിപണി പിടിച്ചെടുത്തു. ഇടുക്കിക്ക് പുറത്തേക്കും കാപ്പിയുടെ വിപണനം വ്യാപിപ്പിക്കാനുള്ള ആത്മവിശ്വാസം സുനിലിന് ലഭിക്കുന്നത് അങ്ങനെയാണ്. അന്നും ഇന്നും നാടന്‍ കാപ്പി തന്നെയാണ് വിറ്റിരുന്നത്. മായം ചേര്‍ത്തിടുന്നുമില്ല. എന്നാല്‍ തനിനാടന്‍ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തതോടെ ഉപഭോക്താക്കള്‍ കാപ്പി പ്രത്യേകം ചോദിച്ചു വാങ്ങുന്ന അവസ്ഥയുണ്ടായി.

കാമാക്ഷിയിലെ നല്ല ഉശിരന്‍ കാപ്പി

കര്‍ഷക കുടുംബം കാപ്പിപ്പൊടി നിര്‍മാണത്തിലേക്ക് കടന്നതിന് പിന്നില്‍ സുനിലിന്റെയും സാബുവിന്റെയും പിതാവ് സെബാസ്റ്റ്യന്‍ ഇടുക്കി കാമാക്ഷിയില്‍ വാങ്ങിയ എട്ടരയേക്കര്‍ കാപ്പിത്തോട്ടത്തിന്റെ പിന്‍ബലമായിരുന്നു. ഈ കാപ്പിത്തോട്ടത്തില്‍ നിന്നുമാണ് കഴിഞ്ഞ 36 വര്‍ഷമായി മലയാളികള്‍ രുചികരമായ ‘തനിനാടന്‍ കോഫി’ കുടിക്കുന്നത്. കാപ്പിയും ഏലവും കുരുമുളകുമാണ് കാലങ്ങളായി ഈ തോട്ടത്തിലെ മുഖ്യ വിളകള്‍. പ്രതിമാസം 2000 കിലോ കാപ്പിപ്പൊടി മാത്രമാണ് ഈ തോട്ടത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് എങ്കിലും ലാഭക്കണക്കുകളില്‍ ഒരിക്കലും ചുവന്ന വര വീണിട്ടില്ല. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാപ്പിപ്പൊടിയത്രയും വിറ്റു പോകുന്നുണ്ട്.

”സാധാരണയായി കാപ്പിപ്പൊടിയില്‍ അതിന്റെ തൊണ്ട് പൊടിച്ചു ചേര്‍ക്കുന്ന രീതിയിലാണ് മായം കലരുന്നത്.എന്നാല്‍ ഇത് തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. പരിചയസമ്പന്നനായ ഒരാള്‍ക്ക് കാപ്പിയുടെ കടും നിറം നോക്കിയാല്‍ ഇത് മനസിലാക്കാന്‍ കഴിയും. കാപ്പിക്കുരു പറിച്ചെടുത്ത് ഹല്ലര്‍ എന്ന മെഷീനില്‍ ഇട്ട് തോട് നീക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം റോസ്റ്ററില്‍ ഇട്ട് വറുക്കുന്നു. വറുത്തെടുത്ത കാപ്പിക്കുരുവില്‍ നിന്നും തോല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയാണ് അടുത്തതായി നടക്കുന്നത്. ഗ്രൈന്‍ഡറില്‍ ഇട്ട് പൊടിക്കുന്നതിന് മുന്‍പായി കുറഞ്ഞത് മൂന്ന് തവണയെങ്കിലും തോലുകള്‍ നീക്കം ചെയ്ത ശേഷമാണ് ഞങ്ങള്‍ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. അമിത ലാഭത്തിനായി തൊണ്ടോ മറ്റ് വസ്തുക്കളോ കാപ്പിപ്പൊടിയില്‍ ചേര്‍ക്കില്ല” സുനില്‍ സെബാസ്റ്റ്യന്‍ പറയുന്നു.

മറ്റു പ്രദേശങ്ങളില്‍നിന്നുള്ള കാപ്പിക്കുരുക്കളില്‍നിന്നു വ്യത്യസ്തമായി കട്ടപ്പന, തങ്കമണി മേഖലയില്‍ വിളയുന്ന കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കുന്ന കാപ്പിപ്പൊടിക്ക് വ്യത്യസ്തമായ മണവും ആസ്വാദ്യകരമായ രുചിയുമുണ്ടെന്നാണ് സുനിലിന്റെ ഭാഷ്യം. പശ്ചിമഘട്ട മലനിരകളില്‍ വളപ്രയോഗമോ പ്രത്യേക പരിചരണമോ ഇല്ലാതെ സമ്മിശ്രക്കൃഷിയായി വിളയുന്ന കാപ്പിക്കുരുവില്‍നിന്നു തയാറാക്കുന്ന കാപ്പിക്ക് പ്രത്യേക രുചി തന്നെയാണ് എന്ന് അനുഭവസ്ഥരും വിലയിരുത്തുന്നു. റോബസ്റ്റ ഇനം കാപ്പിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

സ്വന്തം തോട്ടത്തില്‍ നിന്നും 2000 കിലോ കാപ്പിപ്പൊടി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള കാപ്പിക്കുരു മാത്രമാണ് കിട്ടുന്നത് എന്നതിനാല്‍ കട്ടപ്പന, തങ്കമണി മേഖലയില്‍നിന്ന് കാപ്പിക്കുരു സംഭരിക്കുന്ന രീതി തുടക്കം മുതലുണ്ട്. താന്‍ ഇത്രകാലം ബ്രാന്‍ഡ് ചെയ്‌തെടുത്ത തനിനാടന്‍ കോഫിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാന്‍ കാപ്പിക്കുരുക്കള്‍ കട്ടപ്പന, തങ്കമണി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമാത്രമേ സംഭരിക്കൂ എന്ന നിര്‍ബന്ധബുദ്ധി സുനിലിനുണ്ട്. ”ഉപഭോക്താക്കളെ പറ്റിച്ചുള്ള വരുമാനം നമുക്ക് വേണ്ട. ചെറുകിട സംരംഭമാണിത്. മുന്നോട്ടുള്ള യാത്രയില്‍ ഇനിയും ഏറെ വളരണം എന്ന ആഗ്രഹമുണ്ട്. അതിന് സാധിക്കണമെങ്കില്‍ സംതൃപ്തരായ ഉപഭോക്താക്കള്‍ എന്നും കൂടെ വേണം” സുനില്‍ തന്റെ നയം വ്യക്തമാക്കുന്നു.

ഭാവി പദ്ധതികള്‍ ഏറെ

ഏകദേശം എട്ട് ലക്ഷം രൂപ മുതല്‍മുടക്കും ആവശ്യത്തിന് കാപ്പിക്കുരു ലഭിക്കാന്‍ ഒരു തോട്ടവും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ രംഗത്തേക്ക് കടന്നു വരാം. തോട്ടം സ്വന്തമായി ഇല്ലെങ്കില്‍ മറ്റ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുകയുമാകാം. എന്നാല്‍ അത്‌കൊണ്ട് മാത്രം ഈ രംഗത്ത് ഒരു മികച്ച സംരംഭകനാകാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ഉല്‍പ്പന്നങ്ങള്‍ നല്‍കാനും ഗുണനിലവാരം സംരക്ഷിക്കാനും കഴിഞ്ഞില്ല എങ്കില്‍ എപ്പോള്‍ വിപണിയില്‍ നിന്നും പുറത്തു പോയി എന്ന് ചോദിച്ചാല്‍ മതി.സുനില്‍ പങ്കുവയ്ക്കുന്നത് തന്റെ വിജയ പാഠങ്ങളാണ്.

നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് തനിനാടന്‍ കാപ്പിപ്പൊടി വിതരണം ചെയ്യുന്നത്. മാവേലി സ്റ്റോറുകള്‍ വഴിയും കാപ്പിപ്പൊടി വിപണിയില്‍ എത്തുന്നുണ്ട്. ഇതിന് പുറമെ സുനില്‍ നേരിട്ടും വിവിധ കടകളില്‍ കാപ്പിപ്പൊടി എത്തിക്കുന്നു. ഇതുവരെ ഒരൊറ്റ പാക്കറ്റ് പോലും വില്‍ക്കാതെ തിരിച്ചെത്തിയില്ല എന്നത് ഈ സംരംഭകന്റെ വിജയമാണ്.

സ്‌പൈസസ് കോഫി എന്ന പുതിയ ഉല്‍പ്പന്നത്തിലേക്കും സുനില്‍ പ്രവേശിച്ചു കഴിഞ്ഞു. കാപ്പിപ്പൊടിക്ക് ഒപ്പം ചുക്ക്, ഏലക്കാ, ഉലുവ, ജീരകം എന്നിവ ചേര്‍ത്തതാണ് സ്‌പൈസസ് കോഫി നിര്‍മിക്കുന്നത്. ഇതും തനിനാടന്‍ ബ്രാന്‍ഡില്‍ തന്നെയാണ് വിപണിയില്‍ എത്തുന്നത്. ഉലുവയും ജീരകവും മാര്‍ക്കറ്റില്‍നിന്നു വാങ്ങും ബാക്കി ചേരുവകള്‍ സ്വന്തം തോട്ടത്തില്‍ നിന്ന് തന്നെ

താന്‍ നിര്‍മിക്കുന്ന കാപ്പിപ്പൊടിയുടെ ഗുണമേന്‍മയില്‍ ആര്‍ക്കെങ്കിലും സംശയമുണ്ട് എങ്കില്‍ തന്റെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ വന്ന് നേരില്‍കണ്ട് ഗുണനിലവാരം മനസിലാക്കണം എന്നാണ് സുനില്‍ ആവശ്യപ്പെടുന്നത്. റോഡരികില്‍ത്തന്നെയാണ് നിര്‍മാണ യൂണിറ്റ്. അവിടെ കാപ്പിപ്പൊടി നിര്‍മിക്കുന്ന രീതിയും വൃത്തിയും എല്ലാം കണ്ടാല്‍ തന്നെ തനിനാടന്റെ ഗുണം മനസിലാക്കാന്‍ ഓരോ ഉപഭോക്താവിനും കഴിയും. പാകത്തിന് ഉണങ്ങിയ കാപ്പിക്കുരു മെഷീനില്‍ കുത്തി തൊണ്ടു നീക്കുന്നതാണ് ആദ്യ ഘട്ടം. ഒന്നു കൂടി പാറ്റി തൊണ്ടു നീക്കി റോസ്റ്റിംഗ് മെഷീനില്‍ വറുത്തെടുക്കുന്നത് രണ്ടാം ഘട്ടം. ഒറ്റത്തവണ അറുപതു കിലോ പരിപ്പിടാവുന്ന റോസ്റ്റിംഗ് മെഷീനില്‍ പാകം നോക്കിനിന്നു വേണം വറുത്തെടുക്കാന്‍.വറുത്തെടുത്ത പരിപ്പ് പൊടിക്കുന്നത് അടുത്ത ഘട്ടം. തുടര്‍ന്ന് 100 ഗ്രാം, 250 ഗ്രം തൂക്കങ്ങളില്‍ പാക്ക് ചെയ്യും.ഇങ്ങനെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ സുനില്‍ കൂടെയുണ്ടാകും.

തോട്ടത്തില്‍ നിന്നും കാപ്പിക്കുരു ശേഖരിക്കുന്നതിന്റെ ചുമതല പിതാവായ സെബാസ്റ്റ്യനാണ്. പൊടിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സുനിലിന്റെ ഭാര്യ മേല്‍നോട്ടം വഹിക്കുന്നു. പാക്കിംഗില്‍ മക്കളും സഹായിക്കുന്നു. ഇത്തരത്തില്‍ ഒരു കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലാണ് തനിനാടന്‍ കാപ്പി വിപണിയില്‍ എത്തുന്നത്.

വട്ടം ചുറ്റിക്കാത്ത വില

താങ്ങാനാവുന്ന വിലയിലാണ് തനിനാടന്‍ കോഫി ജനങ്ങളിലേക്ക് എത്തുന്നത്. 100 ഗ്രാം കാപ്പിയുടെ വില 30 രൂപ. അതായത്, കിലോയ്ക്കു 300 രൂപ. സ്‌പൈസസ് കോഫി എന്ന പുതിയ ഉല്‍പ്പന്നത്തിലേക്കും സുനില്‍ പ്രവേശിച്ചു കഴിഞ്ഞു. കാപ്പിപ്പൊടിക്ക് ഒപ്പം ചുക്ക്, ഏലക്കാ, ഉലുവ, ജീരകം എന്നിവ ചേര്‍ത്തതാണ് സ്‌പൈസസ് കോഫി നിര്‍മിക്കുന്നത്. ഇതും തനിനാടന്‍ ബ്രാന്‍ഡില്‍ തന്നെയാണ് വിപണിയില്‍ എത്തുന്നത്. ഉലുവയും ജീരകവും മാര്‍ക്കറ്റില്‍നിന്നു വാങ്ങും ബാക്കി ചേരുവകള്‍ സ്വന്തം തോട്ടത്തില്‍ നിന്ന് തന്നെ. ഈ ഉല്‍പ്പന്നവും കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും വാങ്ങുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ തന്റെ ബ്രാന്‍ഡ് വിപുലീകരണത്തിന് ഒരുങ്ങുകയാണ് സുനില്‍. ഇതിന്റെ ആദ്യപടിയായി എറണാകുളം ,പാലക്കാട് ജില്ലകളിലേക്ക് കൂടി വിപണി വ്യാപിപ്പിക്കുകയാണ് സുനില്‍.

Comments

comments

Tags: coffee