അഭിരുചിക്കിണങ്ങിയ കരിയര്‍ വഴികാട്ടി

അഭിരുചിക്കിണങ്ങിയ കരിയര്‍ വഴികാട്ടി

പഠന, പാഠ്യേതര വിഷയങ്ങളിലെ കഴിവും അഭിരുചിയും വ്യക്തിഗത സ്വഭാവങ്ങളും മനസ്സിലാക്കി മികച്ച കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കോഗിറ്റോഹബ്ബ്.ഇന്ത്യയിലും ദുബായിലും വിവിധ കമ്പനികളുമായി പങ്കാളിത്തമുള്ള കമ്പനി അധികം വൈകാതെ സിംഗപ്പൂരിലേക്ക് ശൃംഖല വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു

വിദ്യാഭ്യാസ സംബന്ധിയായ ഭാവി തീരുമാനങ്ങളില്‍ മിക്കപ്പോഴും ആശയക്കുഴപ്പമുള്ളവരാണ് വിദ്യാര്‍ത്ഥികള്‍. ഓരോരുത്തര്‍ക്കും യോജിക്കുന്ന പാഠ്യവിഷയങ്ങളായാലും പഠനേതര പ്രവര്‍ത്തനങ്ങളായാലും അവര്‍ക്കിണങ്ങുന്നത് കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ട്. ചെറുപ്പത്തിലേ തന്നെ ശരിയായ കരിയര്‍ പ്ലാനിംഗ് വികസിപ്പിച്ചെടുക്കാന്‍ കഴിയുന്നത് അവരുടെ ഭാവിയിലേക്കുള്ള യാത്രയ്ക്ക് ഏറെ ഗുണം ചെയ്യും. വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍ മനസിലാക്കി ശരിയായ കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം സ്ഥാപനങ്ങള്‍ക്ക് മികച്ച നൈപുണ്യശേഷിയുള്ള അധ്യാപകരെ ലഭ്യമാക്കാനും സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് കോഗിറ്റോഹബ്ബ്. വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭരായ വിശകലന പ്ലാറ്റ്‌ഫോം എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച സംരംഭമാണ് ഡെല്‍ഹി ആസ്ഥാനമായി കുനാല്‍ സന്ദു തുടക്കമിട്ട ഈ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ്.

എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് അവരുടെ വിവിധ വിഷയങ്ങളിലുള്ള കഴിവും താല്‍പ്പര്യവും മനസിലാക്കി കോളെജ് തലത്തിലേക്കുള്ള കരിയര്‍ നിര്‍ണയത്തിന് കോഗിറ്റോഹബ്ബ് സഹായിക്കുന്നത്. പ്രഡിക്റ്റീവ് അനലിറ്റിക്‌സ്, അഡ്വാന്‍സ്ഡ് അല്‍ഗൊരിതം, മെഷീന്‍ ലേണിംഗ് എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളിലെ ശരിയായ അഭിരുചി കണ്ടെത്തുന്ന സംരംഭം ടാലന്റ്‌ടെല്‍ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് മികച്ച അധ്യാപകരെ കണ്ടെത്തുന്നത്.

”വിദ്യാര്‍ത്ഥികളുടെ സ്വഭാവം, കഴിവ്, പ്രചോദനം, അഭിരുചി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ തികച്ചും വ്യക്തിഗതമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പേറ്റന്റ് ലഭിച്ച അല്‍ഗൊരിതത്തിന്റെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനം,” കുനാല്‍ പറയുന്നു. നിരവധി അഭിരുചി പരീക്ഷകള്‍ നടത്തിയാണ് സംരംഭം വിദ്യാര്‍ത്ഥികളുടെ വൃക്തിഗത സ്വഭാവങ്ങളും കഴിവും തിരിച്ചറിച്ച് ശരിയായ ഭാവിഘടന വിലയിരുത്തുന്നത്.

എട്ടു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് അവരുടെ വിവിധ വിഷയങ്ങളിലുള്ള കഴിവും താല്‍പ്പര്യവും മനസിലാക്കി കോളെജ് തലത്തിലേക്കുള്ള കരിയര്‍ നിര്‍ണയത്തിന് കോഗിറ്റോഹബ്ബ് സഹായിക്കുന്നത്.ഇന്ത്യ, മിഡില്‍ ഈസ്റ്റ്, സൗത്ത്ഈസ്റ്റ്ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായി 35000 ത്തോളം രജിസ്‌റ്റേഡ് വിദ്യാര്‍ത്ഥികള്‍ കോഗിറ്റോഹബ്ബിന്റെ ഉപഭോക്താക്കളാണ്

കോഗിറ്റോഹബ്ബിന്റെ പ്രവര്‍ത്തനം

കരിയര്‍ മൂല്യനിര്‍ണയം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ കോഗിറ്റോഹബ്ബിന്റെ പ്ലാറ്റ്‌ഫോമില്‍ പേരും വിവരങ്ങളും നല്‍കി ഓണ്‍ലൈനില്‍ പണം നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. വിദ്യാര്‍ത്ഥികള്‍ ഏതു ക്ലാസില്‍ പഠിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിനാവശ്യമായ ഫീസ് നിരക്ക് നിശ്ചയിക്കപ്പെടുന്നത്. തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരീക്ഷയില്‍ പങ്കെടുക്കണം. 24 മണിക്കൂറിനുളളില്‍ ഇതിന്റെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് ഒരൊറ്റ പേജില്‍ കവിയാതെ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുകയും പ്രഗല്‍ഭരായ ടീമിന്റെ ഉപദേശ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സൗകര്യപൂര്‍വം ഹാജരാവുകയും വേണം. കുട്ടികളുടെ സ്വാഭാവം, അഭിരുചികള്‍ എന്നിവ മനസിലാക്കി അവര്‍ക്കിണങ്ങുന്ന കരിയറിലേക്ക് വഴിതിരിച്ചുവിടാന്‍ ഇതുവഴി കഴിയും. മികച്ച കരിയര്‍ പ്ലാനിംഗ് ചിട്ടപ്പെടുത്തി മുന്നോട്ടുപോകുന്നത് അവര്‍ക്കിണങ്ങിയ വിഷയത്തില്‍ അഗാധമായ അറിവു സമ്പാദിക്കാനും ഉല്‍സാഹത്തോടെ പഠിക്കാനുള്ള പ്രോല്‍സാഹനവുമാകുമെന്ന് കുനാല്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലും ദുബായിലും സാന്നിധ്യം

വിവിധ സ്‌കൂളുകള്‍, കരിയര്‍ കൗണ്‍സിലിംഗ് കമ്പനികള്‍ തുടങ്ങിയവയുമായി കോഗിറ്റോഹബ്ബിന് പങ്കാളിത്തമുണ്ട്. ഇന്ത്യയിലും ദുബായിലുമുള്ള നിരവധി കമ്പനികളുമായി ഇവര്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നു. ദുബായിലെ ജെംസ് മോഡേണ്‍ അക്കാഡമിയുമായി അടുത്തിടെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട കമ്പനി അടുത്തുതന്നെ സിംഗപ്പൂരിലേക്കും കരിയര്‍ മൂല്യനിര്‍ണയ ശൃംഖല വ്യപിപ്പിക്കും. ബി2ബി പങ്കാളിത്തത്തിലൂടെയാണ് കമ്പനി മുന്നോട്ടു പോകുന്നതെന്നും കുനാല്‍ ചൂണ്ടിക്കാട്ടി.

കോഗിറ്റോഹബ്ബിലെ കരിയര്‍ മൂല്യനിര്‍ണയ വിഭാഗത്തില്‍ നിന്നും രക്ഷിതാക്കളെ പരിപൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായി മാത്രമാണ് ഇവിടെ കാര്യങ്ങള്‍. പിന്നീട് അവരെ ശരിയായ കരിയര്‍ പാത ചൂണ്ടിക്കാണിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കൗണ്‍സിലിംഗില്‍ നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതൊടൊപ്പം അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള കമ്പനിയുടെ മറ്റൊരു പ്ലാറ്റ്‌ഫോമാണ് ടാലെന്റല്‍. ഇതുവഴി അധ്യാപകരിലെ കഴിവുകള്‍ ശരിയായി മനസിലാക്കാന്‍ സ്‌കൂളുകളെ സഹായിക്കുകയാണ് സംരംഭം.

അധ്യാപക ശാക്തീകരണം ലക്ഷ്യമിട്ട് ടാലെന്റല്‍

വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതൊടൊപ്പം അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള കമ്പനിയുടെ മറ്റൊരു പ്ലാറ്റ്‌ഫോമാണ് ടാലെന്റല്‍. ഇതുവഴി അധ്യാപകരിലെ കഴിവുകള്‍ ശരിയായി മനസിലാക്കാന്‍ സ്‌കൂളുകളെ സഹായിക്കുകയാണ് സംരംഭം. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ടാലന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ വിവിധ വര്‍ക്‌ഷോപ്പുകളിലൂടെയാണ് അധ്യാപകരുടെ സാമര്‍ത്ഥ്യം വിലയിരുത്തപ്പെടുന്നത്. അധ്യാപകര്‍ക്ക് നേരിട്ടും അവരുടെ കഴിവുകള്‍ ലോഗിന്‍ ഐഡി വഴി അറിയാന്‍ കഴിയും. നിലവില്‍ വിവിധ സ്‌കൂളുകളിലെ 2000ല്‍പ്പരം അധ്യാപകര്‍ ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, സൗത്ത്ഈസ്റ്റ്ഏഷ്യ എന്നിവിടങ്ങളില്‍ നിന്നായി 35000 ത്തോളം രജിസ്‌റ്റേഡ് വിദ്യാര്‍ത്ഥികള്‍ കോഗിറ്റോഹബ്ബിന്റെ ഉപഭോക്താക്കളാണെന്നും കുനാല്‍ അവകാശപ്പെടുന്നു. അധ്യാപകരില്‍ നിന്നും ശരാശരി 20,000 രൂപ ഫീസിനത്തില്‍ ഇടാക്കുന്ന കമ്പനി 2500 മുതല്‍ 7500 രൂപ വരെയാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും കരിയര്‍ മൂല്യനിര്‍ണയത്തിനായി ഈടാക്കുന്നത്. നിക്ഷേപ സമാഹരണത്തിലൂടെ ശൃംഖല കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments