ജൂണ്‍ 2018 : കാര്‍ വില്‍പ്പനയില്‍ 37 ശതമാനം വളര്‍ച്ച

ജൂണ്‍ 2018 : കാര്‍ വില്‍പ്പനയില്‍ 37 ശതമാനം വളര്‍ച്ച

ഒന്നാം സ്ഥാനത്ത് മാരുതി സുസുകി

മുംബൈ : വാഹന വ്യവസായം രണ്ടക്ക വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നത് ജൂണ്‍ മാസത്തില്‍ തുടര്‍ന്നു. പുതിയ മോഡലുകള്‍ വലിയ തോതില്‍ വിറ്റുപോയതാണ് പാസഞ്ചര്‍ വാഹന വിപണിയെ മുന്നോട്ടു നയിച്ചത്. രാജ്യത്ത് ചരക്ക് നീക്കം വര്‍ധിച്ചത് വാണിജ്യ വാഹന സെഗ്‌മെന്റില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിന് കാരണമായി.

ടോപ് 6 കാര്‍ നിര്‍മ്മാതാക്കളില്‍ അഞ്ച് പേരും 20 ശതമാനത്തിലധികം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. പാസഞ്ചര്‍ വാഹന വിപണിയുടെ 90 ശതമാനത്തോളം കയ്യടക്കിവെച്ചിരിക്കുന്ന ആദ്യ ആറ് കാര്‍ നിര്‍മ്മാതാക്കളും ചേര്‍ന്ന് 43 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്.

ജൂണ്‍ മാസത്തില്‍ 37 ശതമാനമാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച. 2.70-2.75 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ കഴിഞ്ഞ 18-24 മാസങ്ങള്‍ക്കിടെ ഇത്ര വലിയ വളര്‍ച്ച ഉണ്ടായിട്ടില്ല. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 40 ശതമാനത്തിലധികമാണ് വര്‍ധന രേഖപ്പെടുത്തിയത്.

എന്നാല്‍ 2017 ജൂണ്‍ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം ജൂണിലെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ചരക്ക് സേവന നികുതി നിലവില്‍വന്നതിന്റെ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ അന്ന് കുറവ് എണ്ണം വാഹനങ്ങള്‍ മാത്രമാണ് നിര്‍മ്മാണശാലകളില്‍നിന്ന് പുറത്തെത്തിച്ചത്. പ്രതിമാസ കണക്കുകള്‍ പരിശോധിച്ചാല്‍ 2018 മെയ് മാസത്തേക്കാള്‍ 2018 ജൂണ്‍ മാസത്തില്‍ വില്‍പ്പനയില്‍ 12-13 ശതമാനം ഇടിവ് സംഭവിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം വാഹനങ്ങളാണ് മാനുഫാക്ച്ചറിംഗ് പ്ലാന്റുകളില്‍നിന്ന് വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചിരിക്കുന്നത്.

പാസഞ്ചര്‍ വാഹനങ്ങള്‍              ജൂണ്‍ 2017            ജൂണ്‍ 2018             വളര്‍ച്ച

മാരുതി സുസുകി                                93,057                        1,34,036                        44 %

ഹ്യുണ്ടായ്                                             37,562                        45,371                            21 %

ടാറ്റ മോട്ടോഴ്‌സ്                                   11,176                         18,213                             63 %

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര                  16,212                         18,137                             12 %

ഹോണ്ട                                                   12,804                         17,602                            37 %

ആകെ                                                       1,70,811                       2,33,359                        36.6 %

കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍    ജൂണ്‍ 2017                     ജൂണ്‍ 2018           വളര്‍ച്ച

ടാറ്റ മോട്ടോഴ്‌സ്                                   25,660                               38,560                         50 %

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര                   15,132                               19,229                           27 %

ആകെ                                                        40,792                               57,789                         41.7 %

പാസഞ്ചര്‍ വാഹന വിപണിയില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി തന്നെയാണ് വില്‍പ്പന വളര്‍ച്ചയില്‍ മുന്നില്‍. 44 ശതമാനം വര്‍ധനയാണ് നേടിയത്. ബലേനോ, ബ്രെസ്സ, ന്യൂ-ജെന്‍ സ്വിഫ്റ്റ് എന്നീ കാറുകളുടെ ഡിമാന്‍ഡ് നല്ല പോലെ തുടരുന്നത് മാരുതി സുസുകിക്ക് തുണയായി.

21 ശതമാനം വില്‍പ്പന വളര്‍ച്ച നേടാന്‍ പുതിയ ക്രെറ്റ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ സഹായിച്ചു. നെക്‌സോണ്‍, അമേസ് മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ്, ഹോണ്ട കാര്‍സ് ഇന്ത്യ എന്നിവര്‍ക്ക് യഥാക്രമം 63 ശതമാനം, 37 ശതമാനം വില്‍പ്പന വളര്‍ച്ച നേടിക്കൊടുത്തത്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 40 ശതമാനത്തിലധികമാണ് വര്‍ധന രേഖപ്പെടുത്തിയത്

അതേസമയം പ്രതിമാസ വില്‍പ്പനയില്‍ വളര്‍ച്ച നേടാന്‍ വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു. കൊമേഴ്‌സ്യല്‍ വാഹന വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് എന്നിവര്‍ യഥാക്രമം 50 ശതമാനം, 27 ശതമാനം, 63 ശതമാനമാണ് വര്‍ധന കരസ്ഥമാക്കിയത്.

Comments

comments

Categories: Auto