രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര-നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് അമിതാഭ് കാന്ത്

രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര-നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് അമിതാഭ് കാന്ത്

ഈ മേഖലയില്‍ സ്ത്രീകള്‍ ജിഡിപിയിലേക്ക് വെറും 25 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്

ന്യൂഡെല്‍ഹി: മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും അപര്യാപ്തത മൂലം ദക്ഷിണേഷ്യയുടെ സാമ്പത്തിക വികസനം കാര്യമായി തടസപ്പെട്ടിരിക്കുകയാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ രാഷ്ട്രങ്ങള്‍ പരസ്പരം സഹകരിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ നിന്നോ യൂറോപ്പില്‍ നിന്നോ ദക്ഷിണേഷ്യയിലേക്ക് സാമ്പത്തിക വളര്‍ച്ച കടന്നുവരില്ല. അതിന് സാര്‍ക് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. മേഖലയില്‍ ഏകീകരണമില്ലെങ്കില്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ച പിന്നില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ന്യൂഡെല്‍ഹിയില്‍ നടന്ന സാര്‍ക് ഡെവലപ്‌മെന്റ് ഫണ്ട് (എസ്ഡിഎഫ്) പാര്‍ട്ണര്‍ഷിപ്പ് കോണ്‍ക്ലേവ് 2018നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിലെ ഭൂരിഭാഗം വ്യാപാരവും ട്രാവല്‍- ടൂറിസവുമെല്ലാം ആ മേഖലയിലെ രാജ്യങ്ങള്‍ക്കിടയിലാണ് നടക്കുന്നത്. അതേസമയം ദക്ഷിണേഷ്യ ലോകത്തില്‍ തന്നെ ഏറ്റവും കുറവ് ഇഴുകിച്ചേരല്‍ പ്രകടമാക്കുന്ന മേഖലയാണെന്ന് അമിതാഭ് കാന്ത് നിരീക്ഷിക്കുന്നു.

മേഖലയ്ക്കുള്ളിലെ വ്യാപാരം പരിശോധിക്കുകയാണെങ്കില്‍ സാര്‍ക് മേഖലയില്‍ വ്യാപാരമൊന്നും നടക്കുന്നില്ല. യാത്രയും, ടൂറിസവും ദക്ഷിണേഷ്യന്‍ മേഖലയ്ക്കുള്ളില്‍ മതിയായ രീതിയില്‍ നടക്കുന്നില്ല. അതിനാല്‍ മേഖലയ്ക്കുള്ളിലെ വ്യാപാരത്തിന്റെ വിവിധ സ്വാധീനങ്ങള്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് പ്രയോജനപ്രദമല്ല. സാര്‍ക് രാഷ്ട്രങ്ങള്‍ക്ക് ദക്ഷിണേഷ്യന്‍ മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പകരം എന്തുകൊണ്ടാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഭൂട്ടാന്‍,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് പകരം എന്തുകൊണ്ടാണ് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ തായ്‌ലന്‍ഡ്,സിംഗപ്പൂര്‍,മലേഷ്യ തുടങ്ങിയ ഇടങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.
ദക്ഷിണേഷ്യന്‍ മേഖലയിലെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും കാന്ത് ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ സ്ത്രീകള്‍ ജിഡിപിയിലേക്ക് വെറും 25 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നതെന്നും ലോകത്തിലെ മറ്റ് ഭാഗങ്ങളില്‍ വനിതകള്‍ ജിഡിപിയിലേക്ക് 48 ശതമാനമാണ് സംഭാവന ചെയ്യുന്നതെന്നും കാന്ത് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories