വോള്‍വോ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിപ്പിച്ചു

വോള്‍വോ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 96.65 ലക്ഷം രൂപ

ന്യൂഡെല്‍ഹി : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ ഉപകമ്പനിയായ വോള്‍വോ കാര്‍സ് ഇന്ത്യ, എക്‌സ്‌സി90 എസ്‌യുവിയുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടി8 ഇന്‍സ്‌ക്രിപ്ഷന്‍ എന്ന പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് 96.65 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന വാഹനത്തിന് ടി8 എക്‌സലന്‍സ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന് തൊട്ടുതാഴെയായിരിക്കും വോള്‍വോ കാര്‍ നിരയില്‍ സ്ഥാനം. 2016 ല്‍ 1.25 കോടി രൂപ വിലയിലാണ് ഈ വാഹനം പുറത്തിറക്കിയത്. മെഴ്‌സിഡീസ്-ബെന്‍സ് ജിഎല്‍എസ് 400 4മാറ്റിക്, ബിഎംഡബ്ല്യു എക്‌സ്6 35ഐ എം സ്‌പോര്‍ട് എന്നീ കരുത്തന്‍മാര്‍ കൂടാതെ മെഴ്‌സിഡീസ്-എഎംജി ജിഎല്‍ഇ 43 4മാറ്റിക് എന്ന അതികായനും പുതിയ വോള്‍വോ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ എതിരാളികളാണ്. ഇവര്‍ക്കിടയിലെ ഒരേയൊരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവിയാണ് പുതിയ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍.

കാഴ്ച്ചയില്‍ ടി8 എക്‌സലന്‍സ് പ്ലഗ്-ഇന്‍ ഹൈബ്രിഡുമായി നല്ല സാദൃശ്യം പുലര്‍ത്തുന്നതാണ് 7 സീറ്റര്‍ എസ്‌യുവി. എന്നാല്‍ ചില സാങ്കേതികവിദ്യകള്‍ വോള്‍വോ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡില്‍ കാണാനില്ല. അതേസമയം 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ബ്രിട്ടീഷ് കമ്പനിയായ ബോവേഴ്‌സ് & വില്‍ക്കിന്‍സിന്റെ ഓഡിയോ സിസ്റ്റം, ഹെഡ്-അപ് ഡിസ്‌പ്ലേ, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, നാപ്പ ലെതര്‍ സീറ്റുകള്‍, മുന്‍ സീറ്റ് യാത്രക്കാര്‍ക്കായി വെന്റിലേഷന്‍ ഫംഗ്ഷന്‍ എന്നിവയുമായാണ് എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വരുന്നത്. മറ്റെല്ലാ ഫീച്ചറുകളും ടി8 എക്‌സലന്‍സ് പ്ലഗ്-ഇന്‍ ഹൈബ്രിഡിലേതുപോലെ കാണാം.

ഹുഡിന് കീഴിലാണ് ഏറ്റവും പ്രധാന മാറ്റം. 2.0 ലിറ്റര്‍, ഡയറക്റ്റ് ഇന്‍ജെക്ഷന്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷന് നല്‍കിയിരിക്കുന്നത്. 320 ബിഎച്ച്പി കരുത്തും 240 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുമ്പോള്‍ പരമാവധി കരുത്ത് 398 ബിഎച്ച്പിയും പരമാവധി ടോര്‍ക്ക് 640 ന്യൂട്ടണ്‍ മീറ്ററുമാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. പിന്‍ ചക്രങ്ങളിലേക്ക് ഇലക്ട്രിക് മോട്ടോര്‍ വഴി പവര്‍ കൈമാറുമ്പോള്‍ മുന്‍ ചക്രങ്ങളിലേക്ക് പെട്രോള്‍ എന്‍ജിന്‍ നേരിട്ട് കരുത്ത് പകരും. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ 32 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 6 സെക്കന്‍ഡില്‍ താഴെ സമയം മതി.

സേവ്, പ്യുവര്‍, ഹൈബ്രിഡ്, പവര്‍, ഓള്‍ വീല്‍ ഡ്രൈവ്, ഓഫ്-റോഡ് എന്നീ ആറ് ഡ്രൈവിംഗ് മോഡുകള്‍ നല്‍കിയിരിക്കുന്നു

സേവ്, പ്യുവര്‍, ഹൈബ്രിഡ്, പവര്‍, ഓള്‍ വീല്‍ ഡ്രൈവ്, ഓഫ്-റോഡ് എന്നീ ആറ് ഡ്രൈവിംഗ് മോഡുകളാണ് എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷനില്‍ വോള്‍വോ ഓഫര്‍ ചെയ്യുന്നത്. 110 വോള്‍ട്ട്, 240 വോള്‍ട്ട് ഔട്ട്‌ലെറ്റുകളില്‍ വാഹനം ചാര്‍ജ് ചെയ്യാം. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ അല്ലെങ്കില്‍ 6 മണിക്കൂര്‍ സമയമെടുക്കും. ഓരോ തവണയും ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ ചാര്‍ജാകുന്ന ബ്രേക്ക് എനര്‍ജി റീകുപറേഷന്‍ എക്‌സ്‌സി90 ടി8 ഇന്‍സ്‌ക്രിപ്ഷനിലെ ഫീച്ചറാണ്. അധിക വില ഈടാക്കാതെ ഉപയോക്താക്കള്‍ക്ക് രണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വോള്‍വോ വാഗ്ദാനം ചെയ്യുന്നു. രണ്ടര മണിക്കൂര്‍ ചാര്‍ജ് ചെയ്യുന്നതിന് ഇവ ഉപയോഗിക്കാം.

Comments

comments

Categories: Auto