യുഎഇ, സൗദി സമ്പദ് വ്യവസ്ഥകള്‍ ശക്തമാകും

യുഎഇ, സൗദി സമ്പദ് വ്യവസ്ഥകള്‍ ശക്തമാകും

എണ്ണ ഇതര സാമ്പത്തിക മേഖലയുടെ വളര്‍ച്ചയില്‍ വിശ്വാസം പ്രകടിപ്പിച്ച് പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്

റിയാദ്: യുഎഇയുടെയും സൗദി അറേബ്യയുടെയും സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് (പിഡബ്ല്യുസി) റിപ്പോര്‍ട്ട്. മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയതിനെ തുടര്‍ന്ന് വിവിധ മേഖലകളിലുണ്ടായ പ്രശ്‌നങ്ങളെ അതിജീവിച്ച് മികച്ച രീതിയിലുള്ള മുന്നേറ്റമായിരിക്കും ഇരു സമ്പദ് വ്യവസ്ഥകളും നടത്തുകയെന്ന് പിഡബ്ല്യുസി വ്യക്തമാക്കി.

2017ലെ അവാസനപാദത്തില്‍ ശക്തമായ സാമ്പത്തിക സൂചകങ്ങളായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ ആദ്യം നേരിട്ട ചില താല്‍ക്കാലിക തിരിച്ചടികള്‍ കാര്യമാക്കേണ്ടതില്ലെന്നും പിഡബ്ല്യുസി സൂചിപ്പിക്കുന്നുണ്ട്.

വാറ്റ്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. എണ്ണ വില ശക്തമായി തുടരുകയാണെങ്കില്‍ (തുടുരമെന്ന് തന്നെയാണ് കരുതേണ്ടത്) ഗള്‍ഫ് സമ്പദ് വ്യവസ്ഥകള്‍ കുതിപ്പിലേക്ക് എത്തും. ആഭ്യന്തര നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകും പ്രത്യേകിച്ചും ചില കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനകളുടെ പശ്ചാത്തലത്തില്‍. 2017നെ അപേക്ഷിച്ച് എണ്ണ ഇതര സാമ്പത്തിക മേഖലയിലെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച മികവുറ്റതായിരിക്കും. ഇതെല്ലാം സമ്പദ് വ്യവസ്ഥകളുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും-പിഡബ്ല്യുസി മിഡില്‍ ഈസ്റ്റ് സീനിയര്‍ ഇക്കണോമിസ്റ്റ് റിച്ചാര്‍ഡ് ബോക്‌സ്ഷാള്‍ പറഞ്ഞു.

2008ലെ വളരെ ഉയര്‍ന്ന അവസ്ഥയില്‍ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കാര്യമായി കുറഞ്ഞിട്ടുണ്ടെന്നത് ശരിതന്നെയാണ്. എങ്കിലും 2017ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നേരിട്ടുള്ള വിദേശ നിക്ഷേപം കുതിപ്പിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തുന്നുവെന്നാണ്. കമ്പനികളുടെ വിദേശ ഉടമസ്ഥതാ നിയമങ്ങളില്‍ യുഎഇ മാറ്റം വരുത്തിയത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും മൂല്യവര്‍ധിത നികുതി നടപ്പാക്കിയതും മൂലമുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും അത്തരം പരിഷ്‌കരണങ്ങള്‍ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ചെയ്യുകയെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ട് വിലയിരുത്തി

ടെക്‌നോളജി അധിഷ്ഠിത മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയാണെന്നും എണ്ണയില്‍ നിന്നും മാറി സഞ്ചരിക്കുന്നതിന് ഇത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

എണ്ണ വിലയിലെ കുതിപ്പ് എണ്ണ ഇതര സാമ്പത്തിക മേഖലകള്‍ക്കും മികച്ച ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് പിഡബ്ല്യുസി വ്യക്തമാക്കി. സബ്‌സിഡികള്‍ വെട്ടിക്കുറച്ചതും മൂല്യവര്‍ധിത നികുതി നടപ്പാക്കിയതും മൂലമുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും അത്തരം പരിഷ്‌കരണങ്ങള്‍ സമ്പദ് വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ചെയ്യുകയെന്നും പിഡബ്ല്യുസി റിപ്പോര്‍ട്ട് വിലയിരുത്തി.

സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിച്ചുള്ള തീവ്രമായ സാമ്പത്തിക പരിഷ്‌കരണ നയങ്ങളാണ് സൗദിയില്‍ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. വിഷന്‍ 2030 എന്ന് പേരിട്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതി സൗദിയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പ്രാപ്തമാണെന്നാണ് വിലയിരുത്തല്‍. യുഎഇയും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ്.

Comments

comments

Categories: Arabia