ഇന്ത്യയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഐഎംഎഫ് നല്‍കുന്ന മൂന്ന് നിര്‍ദേശങ്ങള്‍

ഇന്ത്യയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ഐഎംഎഫ് നല്‍കുന്ന മൂന്ന് നിര്‍ദേശങ്ങള്‍

ജിഎസ്ടി സംവിധാനം കൂടുതല്‍ ലഭികമാക്കണം

വാഷിംഗ്ടണ്‍: ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യ മൂന്ന് കാര്യങ്ങള്‍ പിന്തുടരണമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) നിര്‍ദേശം. ബാങ്കിംഗ് മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക, സാമ്പത്തിക ഏകീകരണ നടപടികള്‍ തുടരുക, ജിഎസ്ടി സംവിധാനം ലളിതമാക്കുക, പരിഷ്‌കരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉയര്‍ന്ന വളര്‍ച്ച നിരക്ക് തുടരുന്നതിന് ഐഎംഎഫ് മുന്നോട്ടുവെച്ചിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.7 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഡിസംബര്‍ പാദത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയിലുണ്ടായ ഈ വീണ്ടെടുപ്പ് നടപ്പു സാമ്പത്തിക വര്‍ഷവും ഇന്ത്യ തുടരുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 7.4 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 7.8 ശതമാനവും വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്ന് ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്റ്റര്‍ ജെറി റൈസ് മാധ്യമങ്ങളോട് പറഞ്ഞു.

ബാങ്കുകളുടെ വായ്പാ ശേഷി വര്‍ധിപ്പിക്കുകയും വായ്പ വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുക, ബാങ്കുകളുടെയും കോര്‍പ്പറേറ്റുകളുടെയും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുക, പൊതുമേഖലാ ബാങ്കുകളുടെ ഭരണനിര്‍വഹണം മെച്ചപ്പെട്ടതലത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ പരിഷ്‌കരണങ്ങളാണ് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് ഐഎംഎഫ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഇടക്കാലാടിസ്ഥാനത്തില്‍ പ്രധാന മേഖലകകള്‍ കേന്ദ്രീകരിച്ചുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്നും ജെറി റൈസ് പറഞ്ഞു. തൊഴില്‍, ഭൂപ്രദേശം, മികച്ച ബിസിനസ് അന്തരീക്ഷം എന്നിവ ഇന്ത്യയുടെ മത്സരസ്വഭാവം ഉയര്‍ത്തുന്നതിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണെന്നും റൈസ് വ്യക്തമാക്കി.

ഐഎംഎഫ് ഇന്ത്യ വാര്‍ഷിക യോഗം അടുത്ത മാസം 18ന് നടത്താനാണ് ഐഎംഎഫ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ബോര്‍ഡ് യോഗത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ജിഎസ്ടിയുടെ നടത്തിപ്പ് സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും റൈസ് പറഞ്ഞു. പുതിയ ‘ലോക സാമ്പത്തിക വീക്ഷണ’ റിപ്പോര്‍ട്ട് അടുത്ത മാസം 16ന് പുറത്തുവിടാനാണ് ഐഎംഎഫിന്റെ തീരുമാനം.

Comments

comments

Categories: More