സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ നിക്ഷേപിച്ചത് 8.2 ബില്യണ്‍ ഡോളര്‍

സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ നിക്ഷേപിച്ചത് 8.2 ബില്യണ്‍ ഡോളര്‍

100 മില്യണ്‍ യൂഎസ് ഡോളറിനോ അതിനു മുകളിലോ മൂല്യമുള്ള 24 വന്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളാണ് ഉണ്ടായത്

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ നടത്തിയത് 8.2 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് നിക്ഷേപം. മുന്‍വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്. വലിയ ഇടപാടുകളാണ് പ്രധാനമായും ഈ നേട്ടത്തിലേക്ക് നയിച്ചത്. 158 ഇടപാടുകളാണ് ജൂണ്‍ പാദത്തില്‍ ഉണ്ടായത്. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ 153 ഇടപാടുകളില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി നിക്ഷേപമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഡീല്‍ ട്രാക്കിംഗ് സ്ഥാപനമായ വെഞ്ച്വര്‍ ഇന്റലിജന്‍സിന്റെ ഡാറ്റ പറയുന്നു.

അഞ്ച് വര്‍ഷം മുമ്പ് 2013ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ നേടിയ സ്വകാര്യ ഇക്വിറ്റി മൂലധനത്തിന്റെ മൂല്യമായിരുന്നു 8ബില്യണ്‍ യുഎസ് ഡോളര്‍. അതില്‍ നിന്നും മുന്നേറി ഒരു പാദത്തില്‍ തന്നെ അതിനേക്കാള്‍ ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചത് ഇന്ത്യന്‍ സ്വകാര്യ ഇക്വിറ്റികളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം ഉയര്‍ന്ന തലത്തില്‍ എത്തിയെന്നതിന്റെ തെളിവാണെന്ന് വെഞ്ച്വര്‍ ഇന്റലിജന്‍സ് സിഇഒ അരുണ്‍ നടരാജന്‍ പറയുന്നു.

2018ന്റെ ആദ്യ പകുതിയില്‍ മൊത്തമായി 315 ഇടപാടുകളില്‍ നിന്നായി 12.4 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് സ്വകാര്യ ഇക്വിറ്റിയില്‍ ഉണ്ടായത്. ജൂണ്‍ പാദത്തില്‍ 100 മില്യണ്‍ യൂഎസ് ഡോളറിനോ അതിനു മുകളിലോ മൂല്യമുള്ള 24 വന്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളാണ് ജൂണ്‍ പാദത്തില്‍ ഉണ്ടായത്. ഈ കാലയളവില്‍ നേടിയ മൊത്തം നിക്ഷേപ മൂല്യത്തിന്റെ ഏകദേശം 83 ശതമാനം വരുമിത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇത്തരത്തിലുള്ള 10 വലിയ ഇടപാടുകള്‍ മാത്രമാണ് നടന്നിരുന്നത്.

ഗ്ലോബല്‍ ലോജിക്കില്‍ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പ് നടത്തിയ 960 മില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം, എല്‍ ആന്‍ഡ് ടി ഇലക്ട്രിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍ ബിസിനസ് ഏറ്റെടുക്കുന്നതിന് ടെമസെക് നിക്ഷേപിച്ച 760 മില്യണ്‍ യുഎസ് ഡോളര്‍ എന്നിവയാണ് ജൂണ്‍ പാദത്തിലെ വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 83 ഇടപാടുകളില്‍ നിന്നായി 2.6 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപവുമായി ഐടി, ഐടിഇ കമ്പനികളാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിന്റെ 31 ശതമാനം സംഭാവന ചെയ്തത്.

ഏഴ് ഇടപാടുകളില്‍ നിന്നായി 1.3 ബില്യണ്‍ യുഎസ് ഡോളര്‍ നേടിയ മാനുഫാക്ചറിംഗ് കമ്പനികള്‍ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിന്റെ 16 ശതമാനമാണ് കരസ്ഥമാക്കിയത്. ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് ലൈഫ് സയന്‍സ് കമ്പനികള്‍ നിക്ഷേപത്തിന്റെ 12 ശതമാനവും, ഊര്‍ജ കമ്പനികള്‍ 10 ശതമാനവും കരസ്ഥമാക്കി. വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. റിയല്‍ എസ്റ്റേറ്റിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളെ ഈ കണക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories